സിന്ധുജോയിയുടെ മുറിയില്‍ പാമ്പിനെ കടത്തിവിട്ടെന്ന് വിഷ്ണുനാഥിന്റെ വെളിപ്പെടുത്തല്‍

 



സിന്ധുജോയിയുടെ മുറിയില്‍ പാമ്പിനെ കടത്തിവിട്ടെന്ന് വിഷ്ണുനാഥിന്റെ വെളിപ്പെടുത്തല്‍
P.C Vishnunath MLA

കാസര്‍കോട്: പാര്‍ട്ടി വിട്ടവരെ ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റും വിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ഒളിക്യാമറ സ്ഥാപിച്ച് പാര്‍ട്ടി നേതാവിനെ അടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 19 മുതല്‍ നടത്തുന്ന യുവജനയാത്രയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിഷ്ണുനാഥ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

പാര്‍ട്ടി വിട്ട ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച സിപിഎം പാര്‍ട്ടി വിട്ടവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന സമീപമാണ് സ്വീകരിക്കുന്നത്. ഗ്രൂപ്പ് പോരിന്റെയും വിഭാഗീതയടുടെയും പേരില്‍ നിരവധി പേര്‍ പലതും സഹിച്ച് പാര്‍ട്ടിയില്‍ കഴിയുന്നുണ്ട്. പാര്‍ട്ടി വിട്ട സിന്ധുജോയിയെ ആറുതവണ സിപിഎം പലവിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ നടത്തിയതായി വിഷ്ണുനാഥ് പറഞ്ഞു.

കോണ്‍ഗ്രസില്‍ പരമാവധി കസേര അടിയിലാണ് ഗ്രൂപ്പ് പോര് കലാശിക്കാറുള്ളത്. എന്നാല്‍ സിപിഎമ്മില്‍ അതല്ല സ്ഥിതി. ഒളിക്യാമറയും പെന്‍ഡ്രൈവ് ഉപയോഗിച്ച് എല്‍.സി.ഡി ടിവിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ചിത്രീകരിക്കുകയാണ് ഗ്രൂപ്പ് പോരിന്റെ പേരില്‍ ചെയ്യുന്നത്. പുറത്തുപോയവര്‍ പലവിധത്തിലുള്ള പീഡനമാണ് നേരിടുന്നത്. സിന്ധുജോയിയെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനാക്കിയത് നിര്‍ണായക സന്ദര്‍ഭത്തിലാണ്. ഇല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും അവരെ അവഹേളിക്കും. സുപ്രധാനമായ നിലപാടെടുത്ത സംഘടനാ ശേഷിയും നാടിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കഴിവുമുള്ള സിന്ധുജോയിയെ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് കരുതുന്നത്.

സിന്ധുജോയിയെ ചെയര്‍മാനാക്കിയതിനെതിരെ അഖിലേന്ത്യാനേതാക്കളായ ദീപ്തി മേരി വര്‍ഗീസും, തോമസ് മാത്യു കുഴല്‍നാടനും നടത്തിയ അഭിപ്രായങ്ങള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും വിഷ്ണുനാഥ് പറഞ്ഞു. പിറവത്ത് യു.ഡി.എഫിന് വിജയിക്കാന്‍ ഇ.പി ജയരാജന്‍ രക്ഷകനായെങ്കില്‍, നെയ്യാറ്റിന്‍കരയില്‍ കടകംപള്ളി സുരേന്ദ്രനായിരിക്കും രക്ഷകനാകുക.

ലീഗിന്റെ അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ കെ.പി.സി.സി യോഗം യൂത്ത്‌കോണ്‍ഗ്രസിന്റെ അഭിപ്രായത്തിനനുസരിച്ചാണ് നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു. പെന്‍ഷന്‍പ്രായം 56ആക്കിയപ്പോള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പകരമായി ജോലി ലഭിക്കാനുള്ള പ്രായപരിധി 35ല്‍ നിന്നും 36ആക്കുകയും 13,256 ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുകയും ചെയ്ത് ഗവ നിലപാട് സ്വീകരിച്ചു.

വി.എസിന്റെ മകനെതിരെ താന്‍ നിയമസഭാ സമിതിക്ക് മുമ്പില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. വി.എസിന്റെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് മാത്രമെ തനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. സ്വാശ്രയമെന്ന പേര് ഇപ്പോള്‍ ചില പ്രബലര്‍ നടത്തുന്ന മെഡിക്കല്‍ കോളജുകളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സ്വാശ്രയമെന്നത് ഗാന്ധിജിയുടെ വാക്കുകളാണ്. യുവജനങ്ങളെ സ്വാശ്രയ ശീലമുള്ളവരാക്കി കൊണ്ടുവരികയെന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വി.എച്ച്.എസ്.സി ഹയര്‍സെക്കന്‍ഡറിയില്‍ ലയിപ്പിക്കരുതെന്നാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ ആവശ്യം. വ്യക്തമായ ചര്‍ച്ചകള്‍ക്കും മതിയായ കൂടിയാലോചനകള്‍ക്കും ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളൂ.

തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന തീരുമാനമാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. അമ്പതോളം തൊഴിലധിഷ്ഠിത കോഴ്‌സുകളുള്ള വി.എച്ച്.എസ്.സിയെ ഹയര്‍സെക്കന്‍ഡറിയില്‍ ലയിപ്പിക്കുമ്പോള്‍ നാല് തൊഴിലധിഷ്ഠിത കോഴ്‌സുകളായി ചുരുങ്ങുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

Keywords: P.C Vishvanath, Sindhu Joy, Kasaragod, Kerala, Press Conference. UDF Government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia