എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം

 


എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം
കാ സര്‍കോട് ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കൊടിയ ദുരിതങ്ങളും മരണങ്ങളും മാറാവ്യാധികളും പടരാന്‍ ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ഞായറാഴ്ച ആരംഭിച്ച നടപടി വിഷകീടനാശിനിക്കെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ജില്ലയിലെ പതിറ്റാണ്ടുനീണ്ട സമരപോരാട്ടത്തിന്റെ വിജയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും ഇത് തളിച്ചതുകൊണ്ട് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഒന്നും സംഭവിക്കില്ലെന്നും കാര്‍ഷിക ഉല്‍പ്പാദന വര്‍ദ്ധനവിന് വേണ്ടിയാണ് ഈ മരുന്ന് പ്രയോഗിക്കുന്നതെന്നും നിരന്തരം വാദിച്ച് ജനങ്ങളെയും കോടതികളെയും നിയമനിര്‍മ്മാണ സഭയെയും തെറ്റിദ്ധരിപ്പിച്ച കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പൊയ്മുഖം അവര്‍ തന്നെ സ്വയം വലിച്ചുകീറുന്ന നടപടിയായിരുന്നു ഞായറാഴ്ച പെരിയയിലെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിലൂടെ ലോക ജനത ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും കണ്ടതും ശ്രവിച്ചതും. ഇത് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജനങ്ങളോട് നടത്തിയ മാപ്പുപറയലായും കുറ്റസമ്മതമായും പാപപരിഹാര ക്രിയയായും വിലയിരുത്തിയാല്‍ തെറ്റില്ല. അത്രമേല്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ച ലോകത്തിലെ ഒരു സ്ഥാപനമായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്‍.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം


എന്‍ഡോസള്‍ഫാന്‍ സുപ്രീംകോടതിയും ഇന്ത്യാ ഗവര്‍ണമെന്റും സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനും നിരോധിച്ചിട്ടും എന്‍ഡോസള്‍ഫാനില്‍ വിഷമില്ലെന്നും അത് അമൃതാണെന്നും പ്രചരിപ്പിക്കാനായിരുന്നു കോര്‍പറേഷന്റെ ബദ്ധപ്പാട്. വിഷകീടനാശിനി കമ്പനിയില്‍ നിന്ന് പണക്കിഴികളും പാരിതോഷിതങ്ങളും സുഖവാസത്തിനുള്ള ആഢംബര സൗകര്യങ്ങളും കിട്ടിയ ചില ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളാണ് ഈ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിന് ഒറ്റപ്പെട്ട മാധ്യമ പ്രവര്‍ത്തകരും കുഴലൂതുകയും ചെയ്തു. എന്നാല്‍ എത്ര വലിയ ജനവിരുദ്ധ നയവും ഏതെങ്കിലും ഒരുനാള്‍ പിച്ചിചീന്തപ്പെടുമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാത്തവരാണ് ഇവരെന്നും ജനം വിധിയെഴുതി കഴിഞ്ഞു.

ഞായറാഴ്ച പെരിയ തോട്ടത്തില്‍ വിഷം നിര്‍വീര്യമാക്കല്‍ നടപടിയുടെ യുദ്ധസമാനമായ സന്നാഹം കണ്ടപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ഭീകരനല്ല കൊടുംഭീകരനാണെന്ന് ജനം തിരിച്ചറിഞ്ഞത്. വിഷലായിനി ഒട്ടും ശരീരത്തിലേക്ക് സംക്രമിക്കാതിരിക്കാനുള്ള പ്രത്യേക ആവരണങ്ങള്‍ അണിഞ്ഞാണ് ഇതിന് നിയോഗിക്കപ്പെട്ടവര്‍ വിഷമടങ്ങിയ വീപ്പ തുറന്നതും ഇത് മറ്റൊരു സുരക്ഷിത വീപ്പകളിലേക്ക് നീക്കിയതും. ലോകാരോഗ്യ സംഘടനയുടെയും യു.എന്‍.ഇ.പിയുടെയും മാനദണ്ഡങ്ങള്‍ പ്രകാരവും സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശിച്ച രീതിയിലുമുള്ള ബാരലുകളിലേക്ക് മാറ്റുമ്പോഴാണ് ഈ കൊടും വിഷം ജില്ലയില്‍ വിതറിയ ദുരന്തത്തിന്റെ തീവ്രത ഒന്നുകൂടി ജനം നേരിട്ട് മനസിലാക്കിയത്. ഇത്രയും മാരകമായ വിഷകീടനാശിനിയാണ് കുടുംബം പോറ്റാനുള്ള ബദ്ധപ്പാടില്‍ ജില്ലയിലെ പാവപ്പെട്ട പ്ലാന്റേഷന്‍ തൊഴിലാളികള്‍ വളരെ ലാഘവത്തോടെ എടുത്ത് പ്രയോഗിച്ചത് എന്നത് കൂടിയാകുമ്പോള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളോട് പരസ്യമായി മാപ്പു പറയണം. ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ തൊഴിലാളികളായിരുന്ന നിരവധിപേരും എന്‍ഡോസള്‍ഫാന്‍ വിഷംതീണ്ടി മരിച്ചത് ഇവിടെ വേദനയോടെ ഓര്‍ക്കാതിരിക്കാനാവില്ല.

എല്‍.ഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ആദ്യമായി അര ലക്ഷം രൂപ വീതം മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ആശ്വാസ ധനം അനുവദിച്ചതോടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനകള്‍ക്ക് മേല്‍ ആദ്യമായി ഒരു പ്രത്യാശാകുസുമത്തിന്റെ തണലും തലോടലുമേല്‍ക്കാന്‍ ഭാഗ്യമുണ്ടായത്. ഇതോടെ തങ്ങള്‍ തെരുവാധാരമാകില്ലെന്ന് ഇരകളില്‍ പ്രതീക്ഷയേറി. അതേ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 400 രൂപ പെന്‍ഷനും പ്രഖ്യാപിച്ച് നടപ്പാക്കി. ഭരണ കാലവധിപൂര്‍ത്തിയാക്കി പിരിയുമ്പോള്‍ പെന്‍ഷന്‍ തുക 400ല്‍ നിന്ന് 2000മാക്കി ഉത്തരവിറക്കി. തുടര്‍ന്ന് അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച തുക ഒരു ലക്ഷമാക്കി ഉയര്‍ത്തി. 
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം


തക്കസമയത്ത് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും സുപ്രീംകോടതിയുടെ നിരോധനവും ഡി.വൈ.എഫ്.ഐ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ഇരകള്‍ക്ക് വിഷകമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം പുതിയ വഴിത്തിരിവിലെത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ പരാതി മുഖവിലക്കെടുത്ത സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങളിലൊന്നാണ് നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വിഷമെന്തിന് ഗുദാമുകളില്‍ സൂക്ഷിക്കുന്നു എന്നത്. ഇതേ തുടര്‍ന്നാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തങ്ങള്‍ ഇക്കാലമത്രയും സംഭരിച്ച് വെച്ചത് വിഷകീടനാശിനിയാണെന്ന് ജനസമക്ഷം സമ്മതിച്ച് ഞായറാഴ്ച പെരിയതോട്ടത്തിലും തൊട്ടടുത്ത ദിവസങ്ങളില്‍ ജില്ലയിലെ മറ്റുതോട്ടങ്ങളില്‍ സൂക്ഷിച്ച വിഷം നിര്‍വീര്യമാക്കി നീക്കാന്‍ ഗത്യന്തരമില്ലാതെ നിര്‍ബന്ധിതരായത്. സമരപോരാട്ട ചരിത്രത്തിലെ ഇത്രയും വെട്ടിതിളങ്ങുന്ന വിജയങ്ങള്‍ കണ്‍മുമ്പില്‍ കണ്ടിട്ടും ഇത് മനപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്ന കൂപമണ്ഡൂകങ്ങളോടും വരട്ടുതത്വവാദികളോടും ജനാധിപത്യവ്യവസ്ഥിതിയുടെ കാതല്‍ എന്തെന്നറിയാത്തവരോടും ആരെന്തു പറയാന്‍?




       

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം

-K.S. Gopala Krishnan 

Keywords:  Article, Endosulfan, K.S. Gopala Krishnan 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia