-സനില്‍ ഷാ
അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റ്. അവസാന സെക്കന്‍ഡുവരെ പ്രവചനങ്ങള്‍ക്ക് പിടിതരാത്ത അപൂര്‍വം കളികളിലൊന്ന്. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം മറ്റ് കളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ്. എന്നാല്‍ താരത്തിളക്കവും അതിനേക്കാള്‍ പണത്തിളക്കവും ക്രിക്കറ്റിനെ ലോകകായിക ഭൂപടത്തില്‍ മുന്‍നിരയില്‍ നിറുത്തുന്നു. ഈ പണത്തിളക്കവും താരത്തിളക്കവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റിനെ കളിക്കപ്പുറം, ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ക്രിക്കറ്റ് വെറുമൊരു കളിയല്ല. അത് ദേശീയതയുടെ അപ്രഖ്യാപിത കൊടിയടയാളമാണ്.
കളിയോളമോ കളിയേക്കാള്‍ വലുതോ ആണ് ക്രിക്കറ്റില്‍ താരങ്ങളുടെ സ്ഥാനം. ഡൊണാള്‍ഡ് ബ്രാഡ്മാന്‍, വിവ് റിച്ചാര്‍ഡ്സ്, ഗാരി സോബേഴ്സ്, ഇമ്രാന്‍ ഖാന്‍, ബ്രയന്‍ ലാറ. ഷെയ്ന്‍ വോണ്‍, മുത്തയ്യാ മുരളീധരന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍... കളിയേക്കാള്‍ വളര്‍ന്ന താരങ്ങളുടെ പട്ടിക ഇവരിലൊതുങ്ങുന്നില്ല. സച്ചിനൊഴികെ എല്ലാവരും കളിയോട് വിടപറഞ്ഞുകഴിഞ്ഞു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ക്രീസില്‍ നിന്ന് പടിയിറങ്ങാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു.
രണ്ടുപതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് സച്ചിന്‍ പടിയിറങ്ങാനൊരുങ്ങുന്നത്. ഇതിനിടെ റണ്‍സിന്റെ വന്‍മലകളും റെക്കോര്‍ഡുകളുടെ മഹാസമുദ്രങ്ങളും താണ്ടിയ സച്ചിന്‍ സമാനതകളില്ലാത്ത ഉയരത്തിലെത്തിക്കഴിഞ്ഞു. ഉപയോഗിച്ച് പഴകിത്തേഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുമ്പോഴും സച്ചിന്‍ തിളക്കമുളള നക്ഷത്രമായി ക്രിക്കറ്റിന്റെ അനന്തവിഹായസ്സില്‍ തിളങ്ങിനില്‍ക്കുന്നു. നൂറ് രാജ്യാന്തര സെഞ്ച്വറി, ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി, ടെസ്റ്റിലെയും എകദിനത്തിലെയും ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍, സെഞ്ച്വറികളിലെ ഒന്നാമന്‍....സച്ചിന്റെ വിശേഷണങ്ങള്‍ക്ക് അതിരുകളില്ല.
താരത്തിളക്കത്തിന്റെയും കളിശോഭയുടെയും രണ്ടു പതിറ്റാണ്ടിനിടെ ഏതൊരു കളിക്കാരനും മാതൃകയായിരുന്നു സച്ചിന്‍. സൗമ്യമായ പെരുമാറ്റവും അച്ചടക്കമുളള ജീവിതവും സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ഇതേസമയം, ഒന്നോരണ്ടോ മത്സരങ്ങളിലെ പ്രകടനങ്ങളുടെ തിളക്കത്തില്‍ സ്വയം മറന്നവരെയും അപ്രതീക്ഷിതമായി കൈയിലേക്കെത്തിയ ലക്ഷങ്ങളുടെ കനത്തില്‍, വന്ന വഴിമറന്നവരെയും ക്രിക്കറ്റ് ലോകം ഏറെകണ്ടു കഴിഞ്ഞു. നിശാക്ലബുകളിലും ബീച്ചുകളിലും ആടിത്തിമിര്‍ക്കുന്ന ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ലിറ്റില്‍ മാസ്റ്റര്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ഐ പി എല്ലിന്റെ മസാലക്കൂട്ടില്‍പ്പോലും സച്ചിന്‍ ലക്ഷ്മണരേഖ മറികടന്നില്ല.
ആരും ആര്‍ക്കും പകരക്കാരനല്ല. പകരക്കാരനാവാനും കഴിയില്ല. അതുകൊണ്ടുതന്നെ സച്ചിനെപ്പോലൊരു മഹാപ്രതിഭയ്ക്ക് പകരക്കാരനെ തേടുന്നതായിരിക്കും ഏറ്റവും വലിയ മഠയത്തരം. എങ്കിലും സച്ചിനൊഴിച്ചിടുന്ന, ഏറ്റവും മികച്ച ബാറ്റ്സ്മാന് എന്ന പദവിയിലേക്ക് ഇപ്പോള്‍ കളിക്കുന്നവരില്‍ ആരുണ്ട് എന്ന ഒരന്വേഷണം സാധ്യമാണ്. ആ സാധ്യതയിലേക്കാണ് കെവാര്‍ത്ത കൈനീട്ടുന്നത്.
കളിമികവും ഇതുവരെയുളള പ്രകടനങ്ങളുടെയും അടിസ്ഥാനത്തില്‍ പത്ത് ബാറ്റ്സ്മാന്മാരെ ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ഇതില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആരെന്ന് വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. കളിക്കാരുടെ ഫോട്ടോയക്ക് താഴെയുളള ലൈക് ബട്ടണ്‍ അമര്‍ത്തി ആരാണ് ഇപ്പോഴുളള മികച്ച ക്രിക്കറ്റര്‍ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.
ഇനി നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് മറ്റുവല്ലവരെയുമാണെങ്കില് അതും അഭിപ്രായങ്ങളും കമന്റ് കോളത്തില്‍ രേഖപ്പെടുത്താം
- വിരേന്ദര്‍ സെവാഗ്
- വിരാട് കോലി
- ഹാഷിം അംല
- ജാക് കാലിസ്
- എ ബി ഡിവിലിയേഴ്സ്
- മഹേല ജയവര്‍ധനെ
- കുമാര്‍ സംഗകാര
- അലിസ്റ്റര്‍ കുക്ക്
- മൈക്കല്‍ ക്ലാര്‍ക്ക്
- ശിവ്നരൈന്‍ ചന്ദര്‍പോള്‍
Keywords: Cricket, Yuvraj Singh, Yousuf Pathan, Virender Sehwag, Virat Kohli, Shahid Afridi, Mahendra Singh Dhoni, Sachin Tendulkar, Chris Gayle, Adam Gilchrist, Sreesanth, Like, Contest, Entertainment, Mahela Jayawardhane, Shivnarine Chanderpaul, Adam Gilchrist, Jacques Kallis, Mahela Jayawardane, Kumar Sangakkara, Hashim Amla, AB De Villiers, Alastair Cook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.