പട്ടിയുടെ വാല് എത്ര പതിറ്റാണ്ട് കിടന്നാലും കുഴലൂരിയാല് പഴയതിന്പടിയെന്ന പഴമൊഴിക്ക് സാക്ഷിയാവുകയാണ് മഅ്ദനി. വെട്ടിമാറ്റപ്പെട്ട കാലില്‍ പ്രമേഹം നൃത്തം ചവിട്ടുമ്പോഴും വാഗ്മൊഴി കൊണ്ട് ഇന്ദ്രജാലം കാട്ടാന്‍ കഴിവുള്ള കണ്ഠശുദ്ധിയുള്ള മഅ്ദനി ഇപ്പോള്‍ ആകെ തളര്‍ന്നിരിക്കുന്നു. രോഗിയായ ഒരു പൗരനെന്ന പരിമിതി പോലും നല്കാന് കൂട്ടാക്കാതെ കര്‍ണാടക ഹൈക്കോടതിയും മദനിക്ക് സ്വതന്ത്രമായി ചികിത്സിക്കാനുള്ള അവകാശം പോലും അനുവദിച്ചില്ല.
മഅ്ദനി ഭീകരനാണെന്ന് ഭരണകൂടം ആണയിടുന്നു. അതിന് തെളിവെവിടെ എന്ന് ചോദിച്ചാല്‍ അത് പള്ളീല് പറഞ്ഞാല്‍ മതി എന്നാണുത്തരം. 'തെളിവുകളില്ലാത്ത ഭീകരന്' അതാണ് മദനി എന്ന ഉണക്ക മനുഷ്യന്. പാക്കിസ്ഥാനില്‍ നിന്നും വന്ന് ഇന്ത്യ ആക്രമിച്ച കസബിനെ പോറ്റാന്‍ കേന്ദ്രം 60 കോടി രൂപ ചെലവഴിച്ചു. ഇന്ത്യന്‍ പൗരനായ മഅ്ദനിക്ക് കാലിലെ വ്രണം വെച്ചുകെട്ടാന്‍ മരുന്നിന് കാശുകൊടുക്കാന്‍ കോടതി പണം അനുവദിച്ചില്ല. സ്വന്തം കീശയില്‍ പണമുണ്ടെങ്കില്‍ ചികില്‍സിച്ചാല്‍ മതി. വിചാരണയില്ലാതെ തടവില്‍ കിടക്കുന്ന മഅ്ദനിക്കെവിടെ നിന്ന് പണം. കോയമ്പത്തൂര്‍ പ്രസ്ക്ലബിന് പുറത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്നും സ്ഫോടകവസ്തു കണ്ടെടുത്തു എന്ന കുറ്റത്തിനായിരുന്നു ആദ്യത്തെ ജയില്‍ കയറ്റം.
പ്രസ്ക്ലബില്‍ മഅ്ദനി ഉണ്ടായതിനാല്‍ കുറ്റം അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ടു. 1998 മുതല്‍ 2007 വരെ വിചാരണയില്ലാത്ത തടവ്. അസുഖങ്ങള്‍ വന്നും പോയുമിരുന്നു. ഒരു കണ്ണിന്റെ കാഴ്ച പ്രമേഹം തിന്നു തീര്‍ത്തു. ഒമ്പത് വര്‍ഷത്തിന് ശേഷം ഒരു സോറി പറഞ്ഞ് കോടതി നാട്ടില്‍ കൊണ്ടു ചെന്നാക്കിയ മഅ്ദനി ജയിലില്‍ പോകുമ്പോള്‍ 80 കിലോ ഉണ്ടായിരുന്നത് 30 കിലോയായി ചുരുങ്ങി. എന്നിട്ടും ആ ശബ്ദത്തിന്റെ കനം കുറക്കാന്‍ ജയിലധികൃതര്ക്കായില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താന്‍ അവസരമാവശ്യപ്പെട്ടുകൊണ്ട് മഅ്ദനി വീണ്ടും ജനങ്ങളിലേക്കിറങ്ങി വന്നു. സി.പി.ഐ.എം. കൈപിടിച്ചുയര്‍ത്താന്‍ മുന്നോട്ട് വന്നു. ഒറ്റക്കാലന് മുടന്തിക്കൊണ്ട് സത്യമുരുവിടുമ്പോള് അത് പലരിലും അസ്വസ്ഥതയുണ്ടാക്കി. കുറ്റാരോപണം വീണ്ടും മഅ്ദനിയെ തേടിയെത്തി. വീണ്ടും ജയിലിലായി. കോയമ്പത്തൂരിലല്ല ഇത്തവണ ബാംഗ്ലൂരില്‍. 2002 ല്‍ ജയിലില്‍ കിടക്കുമ്പോള്‍ സ്ഫോടകവസ്തു കടത്തിയെന്നാണ് പുതിയ കുറ്റം. ഗണ്‍മാനും, രാവും പകലും വ്യത്യാസമില്ലാത്ത വൈദ്യുതപ്രകാശവും ചുറ്റും കറങ്ങുന്ന ക്യാമറക്ക് മുന്നിലും ഒന്നരക്കാല് കൊണ്ടിരിക്കുന്ന മഅ്ദനി ഇതിന് നേതൃത്വം നല്കി എന്ന് ഏത് കോടതി പറഞ്ഞാലും ആരെങ്കിലും വിശ്വാസത്തിലെടുക്കുമോ?
ബാലകൃഷ്ണപിള്ള ഇതിനിടെ ജയിലില്‍ കിടന്നപ്പോള്‍ കൈയ്യില്‍ രണ്ട് മൊബൈല്‍ ഫോണ്‍. വിളിയോടുവിളി. ഇത് ജയില്‍ നിയമ ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷം പതിനെട്ടു പയറ്റും പയറ്റി നോക്കി. ഫലം നാസ്തി. നോക്കണേ നിയമത്തിന്റെ സഞ്ചാരം. ഒരുവന് എന്താകണമെന്ന് ഭരണകൂടം എങ്ങനെ തീരുമാനിക്കുന്നുവോ അയാളെ അതാക്കി തീര്‍ക്കാന്‍ കൂടിയാണ് തടവറ ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യയിലെ 1140 ജയിലുകളിലായി 26519 തടവുപുള്ളികള്‍ സ്വാതന്ത്ര്യത്തിന്റെ മറുകരയില്‍ കഴിഞ്ഞു കൂടുന്നു. അതില്‍ 60 കോടി രൂപ ചിലവിട്ടു പോറ്റിയ കസബും, സുഖ്റാമും, രാജയും കാലിന് മരുന്ന് വെച്ച് കെട്ടാന്‍ അനുമതിയില്ലാത്ത മഅ്ദനിയും പെടും. ഒരോ ആളുകള്‍ക്കും ഓരോ തരം പരിഗണനകള്‍. മഅ്ദനിയുടെ മോചനം പഴങ്കഞ്ഞിയാവുകയാണോ? വിചാരണയില്ലാതെ ഇനിയുമെത്ര കാലം ജയിലില്‍ കഴിയണം? അദ്ദേഹത്തില്‍ പാണ്ഡിത്യത്തിന്റെ ആഴം നേരിട്ടറിഞ്ഞവര്‍ ആ മാവ് ഇനിയെന്ന് പൂക്കുമെന്ന് കാതോര്‍ക്കുകയാണ്.
പണം കായ്ക്കുന്ന മലയില്‍ ബോര്‍ഡിന്റെ കൊയ്ത്ത്
ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പണക്കൊയ്ത്ത് തുടങ്ങി. വാഹനങ്ങളുടെ ചക്രമുരുളാനും, അവ പാര്‍ക്ക് ചെയ്യാനും ലെവി. പാര്‍ക്കിംഗ് വഴി സര്‍ക്കാരിന് ലഭിക്കുന്ന സംഖ്യ എലിയാണെങ്കില്‍ അത് ലേലം കൊള്ളുന്നവര്‍ക്ക് കിട്ടുന്നത് ഐരാവതം. വെള്ളാനകളുടെ കൈകളിലാണ് ഭക്തി വ്യവസായം. ഭക്തരുടെ ആനന്ദവും നിര്‍വൃതിയും വിറ്റു കാശാക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഇതൊക്കെ അറിഞ്ഞും അറിയാതെ നിന്നു നമ്മുടെ നിയമപാലകര്‍. ഒടുവില്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷണനും, എം.വി.രാമകൃഷ്ണപ്പിള്ളയും ചേര്‍ന്ന് ഒരു വിധി പ്രസ്താവിച്ചു. ക്ഷേത്ര ലേല നടപടികള്‍ അക്ബാരി ലേലത്തേക്കാള്കഷ്ടമാണ്. അടുത്ത തവണ പാര്‍ക്കിംഗ് ഫിസ് വാങ്ങരുത്. യുവമോര്‍ച നല്കിയ പരാതിയിലാണ് വിധി. യുവമോര്ച്ചക്ക് നമോവാകം, ജയ്ഹിന്ദ്.
ബിന്‍ലാദനെ കടലില്‍ സംസ്കരിച്ചത് മത കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്!
ഇസ്ലാമിക ആചാരങ്ങള്‍ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിക്കാന്‍ ഭീകര വാദം എന്ന തെറ്റായ പടവാളേന്തിയതിന്റെ പേരില്‍ വാളാല്‍ മരിച്ച ബിന്‍ലാദന്റെ അന്ത്യ കര്‍മ്മങ്ങള്‍ ഇസ്ലാമിക ആചാരപ്രകാരമായിരുന്നു നടത്തിയിരുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഒഴികെ ആരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തില്ലെന്ന് മാത്രം. അമേരിക്കയിലെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം വെളിപ്പെടുത്തിയ സൈനിക രേഖയിലാണ് ഈ വക പരാമര്‍ശം ഉള്ളത്.
പുറം കടലില്‍ നങ്കൂരമിട്ട സൈനിക കപ്പല്‍ യുഎസ്എസ് കാള്വിന്സലിലേക്കാണ് കമാന്റോകള്‍ ഉസാമയുടെ മൃതദേഹം എത്തിച്ചത്. ഇസ്ലം ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തിയാണ് കടലില്‍ താഴ്ത്തിയിരുന്നതെന്ന് വാഷിങ്ട്ടനിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ഇസ്ലാം മതപ്രകാരമുള്ള മയ്യത്ത് കുളിപ്പിക്കലും മറ്റും ആചാരപ്രകാരം നടത്തുകയും, മൃതദേഹം വെള്ളവിരിപ്പില്‍ കിടത്തി ഭാരമുള്ള പെട്ടിയില്‍ അടക്കം ചെയ്താണ് കടലില്‍ സംസ്കരിച്ച്ത്. സൈനിക ഉദ്യോഗസ്ഥരില്‍ പെട്ട ഏതാനും പേര് മയ്യത്ത് നിസ്ക്കാരത്തിലും പങ്കെടുത്തിരുന്നു. ജുഡീഷ്യല്‍ വാച്ച് എന്ന സംഘടനക്കാണ് സൈന്യം വിവരങ്ങള്‍ കൈമാറിയത്.
മുന്‍ സ്പീക്കര്‍ക്കെതിരെ വിജിലന്‍സ് കേസ്
വി.എസ്. അച്യുതാനന്ദന്റെ ഭൂമിദാനക്കേസ് പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നതിനിടെ മുന്‍നിയമസഭാ സ്പീക്കറും, കോണ്‍ഗ്രസ് നേതാവുമായ തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എയുടെ ലൈബ്രറി ഭൂമി മറിച്ച് വിറ്റ കേസും അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
അയ്യന്തോള്‍ ചാച്ചാനെഹ്രു ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറി കെട്ടിടവും അടക്കമുള്ള സ്ഥലമാണ് തേറമ്പില്‍ മറിച്ചുവിറ്റത്. 1976 ലാണ് ലൈബ്രറി സ്ഥാപിച്ചത്. പിന്നീട് ഇത് പ്രവര്‍ത്തനരഹിതമായി. ലൈബ്രറി പ്രസിഡണ്ട് എന്ന നിലയില്‍ തേറമ്പില്‍ ഭൂമി വിറ്റത് കമ്മറ്റി അറിഞ്ഞിരുന്നില്ല. കേരളാ പബ്ലിക് ലൈബ്രറി ആക്ട് അനുസരിച്ച് ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് സ്വീകരിക്കുന്ന ഗ്രന്ഥശാലകളുടെ ആസ്തിയുടെ ഉടമസ്ഥാവകാശം ലൈബ്രറി കൗണ്‍സിലിനാണെന്ന് മുന്‍ സ്പീക്കര്‍ കൂടിയായ തേറമ്പിലിന് അറിയാതെയല്ല ഭൂമി വിറ്റ് സെന്റിന് ലക്ഷങ്ങള്‍ വിലവരുന്ന ഭുമി കേവലം 13,0000 രൂപ കെടുവിലക്ക് തേറമ്പില്‍ കൈമാറി. ആസ്തി തിരികെ ലഭിക്കാനാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചിരിക്കുന്നത്.
-പ്രതിഭാ രാജന്
Keywords: Article, Prathibha-Rajan, Shabarimala, India, Case, Madani: Answerless question
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.