ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?

 


ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?
Jayakrishnan Master
സി.പി.എമ്മുമായി രാഷ്ട്രീയ അയിത്തമില്ലെന്ന് ബി.ജെ.പി. മുതിര്‍ന്നനേതാ­വും, മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ. അഡ്വാനി പറഞ്ഞിരിക്കുകയാണ്. ഈ അയിത്തമില്ലായ്മ മുന്‍പ് നെയ്യാറ്റികരയില്‍ നാം ദര്‍ശിച്ചതാണ്. അവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍പ് ഇടതുപക്ഷ സഹയാത്രികനായിരുന്ന ആര്‍. സെല്‍വരാജിനെ തോല്‍പിക്കാന്‍ സി.പി.എമ്മിനൊപ്പം നിന്ന ബി.ജെ.പിയെ പെട്ടെന്നൊന്നും ജനം മറ­ക്കില്ല. ഇപ്പോള്‍ സി.പി.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ മുതലാക്കി കേരളത്തില്‍ ഒരു താമര വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. നീങ്ങിക്കൊണ്ടിരിക്കു­ന്നത്. അഡ്വാനിയുടെ പ്രസ്താവന ഒന്നുകൂടി ശ്രദ്ധി­ക്കുക. ഇടതുപക്ഷനേതാവ് ഗുരുദാസ് ഗുപ്ത ബി.ജെ.പി. നേതാക്കളുടെ മുറിയിലേയ്ക്ക് പ്രവേശിക്കാമോയെന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്നും എല്ലാ ചിന്തകളെയും ഉള്‍ക്കൊള്ളുവാനുള്ള ക്ഷമയുണ്ടെന്നും അഡ്വാനി പറഞ്ഞതായി കേട്ടു. അഡ്വാനിജി എല്ലാവരെയും ഉള്‍ക്കൊ­ള്ളണം. അത് നല്ലതുതന്നെ പക്ഷേ സ്വന്തം കുടുംബത്തെ മറന്നുകൊണ്ടാകരുത്.

ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?

ഇപ്പറഞ്ഞ അഡ്വാനിജിയ്ക്ക് പാര്‍ട്ടിയ്ക്കുവേണ്ടി ധീരരക്തസാക്ഷിയായ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ അറിയു­മോ. ബി.ജെ.പിയുടെ യുവജനപ്രസ്ഥാനമായ യുവമോര്‍ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ തന്റെ വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് മാരകായുധങ്ങളുമായി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ കേസിലെ ഒന്നാംപ്രതി അച്ചാരമ്പത്ത് പ്രദീപനെന്ന വ്യക്തി ഇന്ന് അതേ സ്‌ക്കൂളിന്റെ പി.ടി.എ. പ്രസിഡന്റും നിലവില്‍ സി.പി.എം പാനൂര്‍ എരിയ കമ്മറ്റി അംഗവുമാണ്. അന്ന് ആ അധ്യാപകനെ കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. അന്ന് ആ അറും കൊലയ്ക്ക് ദൃക്‌­സാക്ഷികളായി മാനസികനില തകര്‍ന്ന കുട്ടികള്‍ വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിങിനുശേഷമാണ് സാധാരണനില വീണ്ടെടു­ത്തത്. എല്ലാ വര്‍ഷവും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനവും അനുസ്മരണവുമൊക്കെ ആചരിക്കുന്ന ബി.ജെ.പിയ്ക്ക് എന്ത് ആത്മാര്‍ത്ഥതയാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററോടും കുടുംബത്തോടുമുള്ളതെന്ന് അഡ്വാനിജിയുടെ വാക്കുകളിലൂടെ വ്യക്തമാണ്. കാലാകാലങ്ങളില്‍ തങ്ങള്‍ക്ക് വോട്ട് ബാങ്കാക്കാന്‍ ഒരു രക്തസാക്ഷിയല്ലേ ഈ ജയകൃഷ്ണന്‍ മാസ്റ്റര്‍.

ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?

ടി.പി. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് കേരളം ഇളകിമറിഞ്ഞപ്പോള്‍ ഒരു വൃദ്ധമാതാ­വ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടുത്ത് നിവേദനവുമായി വന്നത് ഈ ബി.ജെ.പി. നേതാക്കള്‍ക്ക് ഓര്‍മ്മയു­ണ്ടോ. തന്റെ മകന്റെ ഘാതകരായ യഥാര്‍ത്ഥപ്രതികളെ എത്രയും വേഗം കണ്ടുപിടിക്കണമെന്നാണ് അവര്‍ അ­ന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെ­ട്ടത്. അത് മറ്റാരുമായിരുന്നില്ല കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയായിരുന്നു. പെറ്റതള്ളയ്ക്കല്ലേ പേറ്റുനോവിന്റെ വേദന അറിയു. സത്യത്തില്‍ പാര്‍ട്ടിക്കുവേണ്ടി ബലിയാടായ ജയകൃഷ്ണന്‍ മാസ്റ്ററുടെ സാധുവായ ഈ മാതൃത്വത്തെയല്ലെ അഡ്വാനിയും ബി.ജെ.പി. നേതാക്കളും വഞ്ചി­ച്ചത്.

ഇതിനു സമാനമായ സംഭവമായിരുന്നു ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ സംഭവി­ച്ചത്. കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും നേതാവും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ബാലുവെന്ന ആളെ പാര്‍ട്ടിയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ പച്ചയായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ പ്രതികള്‍ പിന്നീട് രക്ഷപെടുകയാണുണ്ടാ­യത്. അന്ന് ബാലുവിനുവേണ്ടി സാക്ഷിപറയുവാന്‍ തന്റെ പാര്‍ട്ടിക്കാര്‍ ആരുമില്ലായിരുന്നുവെന്നുവേണം പറ­യാന്‍. എല്ലാവരും പ്രതിഭാഗത്തേയ്ക്ക് കൂറുമാറി. അവസാനം എല്ലാവരാലും ഒറ്റപ്പെട്ട് കോടതി മുറ്റത്ത് തനിച്ചിരുന്ന് പൊട്ടിക്കരയുന്ന ബാലുവിന്റെ അമ്മയെ മറക്കാനാവുമോ?.


ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പറഞ്ഞു ഞങ്ങളെ അടിച്ചവരെ ഞങ്ങളും തിരിച്ചടിച്ചു. രാഷ്ട്രിയപ്രതിയോഗികളെ വെട്ടിയും കുത്തിയുമൊക്കെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മണി പ്രഖ്യാപിക്കുകയുണ്ടായി. ആ എം.എം. മണിയെ കഴിഞ്ഞദിവസം പോലീസ് ഏമാന്മാരുടെയും മന്ത്രിമാരുടെയും കെ.പി.സി.സി പ്രസിഡന്റുമുതലുള്ള രാഷ്ട്രീയനേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്റെ വിവാഹനിശ്ചയവേദിയിലാണ് ക­ണ്ടത്. എം.എം. മണി വധുവരന്മാരുടെ അടുത്തെത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇതാണ് നമ്മുടെ കപടരാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥമുഖം. കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച ചെറുപ്പക്കാരും വര്‍ഷാവര്‍ഷങ്ങളില്‍ ഓര്‍മയായി പോസ്റ്ററുകളിലൂടെ എത്തുന്നുണ്ട്. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് രക്തസാക്ഷികളാ­യത്. ഇന്നും ഇവരെക്കുറിച്ച് കണ്ണീര്‍വാര്‍ക്കുന്നത് അവരുടെ കുടുംബാംഗങ്ങള്‍ തന്നെയല്ലെ?

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്ന പ്രദീപന് ഹൈക്കോടതി വധശിക്ഷയാണ് വിധി­ച്ചത്. സുപ്രീം കോടതി അത് ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ശിക്ഷ ഇളവുനല്‍കി പ്രദീപനെ ജയില്‍മോചിതനാക്കുകയാണുണ്ടാ­യത്. ആ സി.പി.എമ്മുമായാണ് ബി.ജെ.പിയുടെ പുതിയ അലിഖിത ഐക്യം. ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതൃഹൃദയത്തിനിത് താങ്ങാനാവു­മോ. നാളെ ഇതു തന്നെയല്ലെ ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തിലും സംഭവിക്കു­ക.

നെയ്യാറ്റികര തെരഞ്ഞെടുപ്പുനടന്നദിവസം ജനപ്രീതിസമ്പാദിക്കാനും മാധ്യമശ്രദ്ധനേടാനും ടി.പി. ചന്ദ്രശേഖരന്റെ ഭവനത്തില്‍ പോയ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനൊക്കെ ടി.പി. ചന്ദ്രശേഖരനുവേണ്ടി എന്ത് ചെയ്യാന്‍ സാധിച്ചു. കപട ആദര്‍ശത്തിന്റെ ആള്‍ രൂപമായി മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുന്ന ബലൂണായി അച്യുതാനന്ദന്‍ മാറിയിരിക്കുകയാണ്. അധികാരത്തിനുവേണ്ടി ആരെയും തള്ളിപ്പറഞ്ഞ് സി.പി.എമ്മിനൊപ്പം നില്‍ക്കാനും മകന്റ ചെയ്തികളെ സംരക്ഷിക്കുവാന്‍ യു.ഡി.എഫിന്റെ സഹായിയായി ചമയുകയും ചെയ്യുന്ന അച്യുതാനന്ദനെപ്പോലുള്ളവരെ വിശ്വസിച്ച് ടി.പി. ചന്ദ്രശേഖരന്റ ഭാര്യയും മകനുമിരുന്നാല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും ബാലുവിന്റെയുമൊക്കെ അമ്മമാര്‍ക്ക് സംഭവിച്ച ദുരവസ്ഥയായിരിക്കും ഇവര്‍ക്കും ഉണ്ടാകാന്‍ പോകു­ന്ന­ത്.

അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ മുഖ്യമന്ത്രിയായപ്പോള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് സാധി­ച്ചോ. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റാന്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കത്തിന് തടയിട്ട് ജനശ്രദ്ധപിടിച്ചുപറ്റാന്‍ മൂന്നാര്‍ കുടിയൊഴിപ്പിക്കലുമായി ഇറങ്ങി മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതല്ലാതെ മൂന്നാറില്‍ ഒന്നും സംഭവി­ച്ചില്ല. ആ അച്യുതാനന്ദനാണ് ടി.പി. ചന്ദ്രശേഖരനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കി ഇറങ്ങിയിരിക്കു­ന്നത്. അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം പാര്‍ട്ടിയുടെ എ­തിര്‍പിനെ അതിജീവിച്ച് മാധ്യമങ്ങളുടെ സഹായത്തോടെ ജനശ്രദ്ധനേടി ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാവുകയെന്നുമാ­ത്രം. അല്ലാതെ ആരുടെയും രക്ഷകനാകനുള്ള പഴയ കമ്മ്യൂണിസ്റ്റ് അല്ല ഇന്നത്തെ അച്യുതാ­നന്ദന്‍.

നാം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ കാപട്യം നാം തിരിച്ചറിയുകയാണ് വേണ്ടത്. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് ബി.ജെ.പി തയ്യാറാണെന്നുള്ള അഡ്വാനിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവരുവാ­നോ, പ്രതിഷേധിക്കുവാനോ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം വ്യക്തമായി അറിയാവുന്ന ബി.ജെ.പി. സംസ്ഥാനനേതാക്കളോ പ്രവര്‍ത്തകരോ രംഗത്തുവന്നില്ലെന്നത് വളരെ പരിതാപകരമാണ്. ഇവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികളോടല്ല പ്രവര്‍ത്തകരോട് പറയുകയാണ് നിങ്ങള്‍ നിങ്ങള്‍ക്ക് ദൈവം ദാനമായി നല്‍കിയ ജീവന്‍ ഒരു പാര്‍ട്ടിക്കും അടിയറവ് വെയ്ക്കരുത്. ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവരുടെ മേ­ച്ചില്‍പുറങ്ങളില്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ചെയ്യു­ന്നത്. ഇനിയെങ്കിലും വളര്‍ന്നുവരുന്ന പ്രബുദ്ധരായ യുവതലമുറ കരയ്ക്കിരുന്ന് മീന്‍ പിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ വലയില്‍ വീഴരുത്. ബി.ജെ.പി. എന്ന പ്രസ്ഥാനത്തിന് ചിലപ്പോള്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ രക്തസാക്ഷിയും വിപ്ലവകാരിയുമൊക്കെയാവാം പക്ഷേ ആ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെയാണ്.

വര്‍ഗശത്രുക്കള്‍ തലയ്ക്കുമീതെ വാളുമായി കാത്തുനിന്നപ്പോഴും ജനത്തിനൊടൊപ്പം നിന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന്റെ ആള്‍രൂപമായിരുന്നു ഒഞ്ചിയത്ത് കൊല്ലപ്പെട്ട സഖാവ് ടി.പി. ചന്ദ്രശേഖരന്‍. ആ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയോട് പറയാനുള്ളത് ടി.പി.ചന്ദ്രശേഖരനുവേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ തനിച്ചുനിന്ന് പോരാടി വിജയി­ക്കുക. ഇന്ന് ആരെങ്കിലും കാണിക്കുന്ന മുതലക്കണ്ണീര്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി മാത്രമാണ്. നെയ്യാറ്റിന്‍കരയില്‍ അതിന്റെ ലക്ഷ്യം കാണുകയും ചെയ്തു. ആരെയെങ്കിലും വിശ്വസിച്ച് മുന്നോട്ട് നീങ്ങിയാല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയ്ക്ക് സംഭവിച്ച അതേ അനുഭവം തന്നെയായിരിക്കാം രമയ്ക്കും മകനും നാളെ സംഭവിക്കാന്‍ പോകു­ന്നത്. രാഷ്ട്രിയബന്ധങ്ങള്‍ മാറിയും മറിഞ്ഞും വരും. ഓര്‍ക്കുക നഷ്ടപ്പെടുന്നത് നമുക്ക് മാ­ത്രം. 'മിന്നുന്നതെല്ലം പൊന്നല്ലല്ലോ'.­

ഈ ബലിദാനദിനാചരണം ആര്‍ക്കുവേണ്ടി?

-സോണി കെ. ജോസ­ഫ്

Keywords: Minister, Fish, Munnar, Family, Mother, Balu, Rema, Students, School, Murder, Article, BJP, CPM, K.T. Jayakrishnan Mash, Martyrs and political parties
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia