മഅ്ദനി പലവട്ടം പറഞ്ഞു, എനിക്ക് എ പി ഉസ്താദിനെയൊന്നു കാണണം

 


മഅ്ദനി പലവട്ടം പറഞ്ഞു, എനിക്ക് എ പി ഉസ്താദിനെയൊന്നു കാണണം
തിരുവനന്തപുരം: അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ബംഗളൂരുവിലെ ജയില്‍ സന്ദര്‍ശിച്ചത് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആഗ്രഹം മാനിച്ച്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ചയാണ് മഅ്ദനിയെ കാന്തപുരം സന്ദര്‍ശിച്ചത്. പിന്നീട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് മഅ്ദനിയുടെ ചികില്‍സാ കാര്യം അദ്ദേഹം സംസാരിക്കുകയും ചെയ്തു.

ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മഅ്ദനി, കാന്തപുരത്തെ കാണാനുള്ള ആഗ്രഹം പലതവണ പ്രകടിപ്പിച്ചിരുന്നു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് മുഖേന ഈ ആഗ്രഹം പലവട്ടം കാന്തപുരത്തെ അറിയിക്കുകയും ചെയ്തു. വളരെ വികാരപരമായാണ് കാന്തപുരത്തെ കാണാനുള്ള ആഗ്രഹം മഅ്ദനി ആവര്‍ത്തിച്ച് അറിയിച്ചത്.
മഅ്ദനി പലവട്ടം പറഞ്ഞു, എനിക്ക് എ പി ഉസ്താദിനെയൊന്നു കാണണം

എന്നാല്‍ മറ്റു പല തിരക്കുകളും മൂലം കാന്തപുരം ജയില്‍ സന്ദര്‍ശനം നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം, കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നീ ജംഇയ്യത്തുല്‍ ഉലമയുടെയും സുന്നീ യുവജന സംഘത്തിന്റെയും (എസ് വൈ എസ്) ചില സംസ്ഥാന നേതാക്കളുടെ ഇടപെടലാണ് കാന്തപുരത്തിന്റെ മഅ്ദനി സന്ദര്‍ശനം വൈകിപ്പിച്ചതെന്നും സൂചനയുണ്ട്. എസ് വൈ എസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാന്തപുരത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന നേതാവുമായ എ സൈഫുദ്ദീന്‍ ഹാജിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഒടുവില്‍ കാന്തപുരം ജയില്‍ സന്ദര്‍ശന തീരുമാനം എടുത്തതെന്നും അറിയുന്നു.

മഅ്ദനി മത വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കാന്തപുരം ഗ്രൂപ്പുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അന്നേ മികച്ച പ്രാസംഗികനായിരുന്ന മഅ്ദനി, പിന്നീട് ഐഎസ്എസ് എന്ന സംഘടന രൂപീകരിച്ച ശേഷമാണ് കാന്തപുരവുമായി അകന്നത്. എന്നാല്‍ മറ്റു പല സംഘടനാ നേതാക്കള്‍ക്കെതിരേയും പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്ന കാലത്തും മഅ്ദനി കാന്തപുരത്തെ വിമര്‍ശിച്ചിരുന്നില്ല. മുസ്്‌ലിം സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി കാന്തപുരം നിലകൊള്ളണം എന്ന് പല വേദികളിലും ആവശ്യപ്പെട്ടിരുന്നുവെന്നുമാത്രം. അപ്പോഴും, എ പി ഉസ്താദ് എന്നല്ലാതെ മഅ്ദനി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നില്ല. കടുത്ത രോഗാവസ്ഥയും ജയില്‍ ജീവിതത്തിലെ ഒറ്റപ്പെടലും ജാമ്യം ലഭിക്കാത്ത സാഹചര്യവും എല്ലാം ചേര്‍ന്ന് മാനസിക പിരിമുറുക്കത്തിലായപ്പോള്‍ മഅ്ദനി ഏറ്റവുമധികം കാണാന്‍ ആഗ്രഹിച്ചവരില്‍ ഒരാള്‍ കാന്തപുരമായിരുന്നത്രേ.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ ഒമ്പതര വര്‍ഷം കഴിഞ്ഞ കാലത്തും കാന്തപുരത്തെ കാണാനുള്ള ആഗ്രഹം മഅ്ദനി പ്രകടിപ്പിച്ചിരുന്നു. കാന്തപുരത്തിനും മഅ്ദനിയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ സംഘടന വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കി ജയിലില്‍ നിന്നു മോചിപ്പിച്ച ശേഷം മഅ്ദനി കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു.

രാജ്യത്തെത്തന്നെ ഏറ്റവും പ്രമുഖ മുസ്്‌ലിം നേതാക്കളുടെ മുന്‍നിരയിലുള്ള കാന്തപുരത്തിന്റെ ഇടപെടല്‍, മറ്റു മുസ്്‌ലിം സംഘടനാ നേതൃത്വങ്ങളും മഅ്ദനിയുടെ കാര്യത്തില്‍ കൂടുതല്‍ അനുഭാവ പൂര്‍ണമായ നിലപാടെടുക്കാന്‍ പ്രേരണയായേക്കും. ജനുവരി മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നുണ്ട്. നേരത്തേ തീരുമാനിച്ച ഈ സന്ദര്‍ശനത്തിലെ ചര്‍ച്ചയെയും കാന്തപുരത്തിന്റെ ഇടപെടല്‍ അനുകൂലമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് മഅ്ദനിയുടെ ചികില്‍സയ്ക്കു വേണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരിട്ട് നിര്‍ദേശം നല്‍കിയത് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ കുറച്ചുകൂടി ശക്തമാകാന്‍ ഇടയാക്കുമെന്നും സൂചനയുണ്ട്.

Also Read:

മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ദയനീയം, ജയില്‍ വാസം രാജ്യത്തിന് അപമാനം-കാന്തപുരം

Keywords:  Abdul Nasar Madani, Kanthapuram A.P.Aboobaker Musliyar, Karnataka, Jail, Islam, Leader, Chief Minister, PDP, Kerala, Malayalam News, Kerala Vartha, 

Player created by Inbound Now - Social Media Tools.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia