കേസില്ലാതാക്കി നീതി വേണം; സര്‍ക്കാരിനെ വെട്ടിലാക്കി വിതുര പെണ്‍കുട്ടിയുടെ കത്ത്

 


തിരുവനന്തപുരം: സൂര്യനെല്ലിക്കു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിതുരക്കേസിന്റെ വെട്ടില്‍. സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെതിരേ അന്വേഷണം വേണമെന്ന ആവശ്യമാണ് കുഴയ്ക്കുന്നതെങ്കില്‍, തന്റെ കേസ് വീണ്ടും കുത്തിപ്പൊക്കി വിവാദമാക്കുന്നതില്‍ നിന്നു രക്ഷിക്കണം എന്ന വിതുര പെണ്‍കുട്ടിയുടെ ആവശ്യമാണ് പുതിയ വഴിത്തിരിവ്.

16 വര്‍ഷം മുമ്പുള്ള കേസ് വീണ്ടും പ്രശ്‌നമാക്കാന്‍ തനിക്ക് താല്പര്യമില്ലെന്നു ഇരയും മുഖ്യസാക്ഷിയുമായ തന്നെ കേസില്‍ നിന്ന് ഒഴിവാക്കി നീതി നല്‍കണം എന്നും ആവശ്യപ്പെട്ട് വിതുര പെണ്‍കുട്ടി (ഇപ്പോള്‍ യുവതി) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കിയിരിക്കുകയാണ്. കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിതുര കേസ് വിചാരണ പാതിവഴിയില്‍ ആയിരിക്കുമ്പോഴാണ് പ്രതികളെ ശിക്ഷിച്ചു കാണാന്‍ ആഗ്രഹമില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന കത്തുമായി പെണ്‍കുട്ടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയുടെ നേതൃത്വത്തിലുള്ള അഗതി മന്ദിരത്തിലായിരുന്ന പെണ്‍കുട്ടിയെ അവര്‍ മുന്‍കൈയെടുത്ത് വിവാഹിതയാക്കിയത് സമീപകാലത്താണ്. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിനു പിന്നിലും അവര്‍ തന്നെയാണെന്നു സൂചനയുണ്ട്.

എന്നാല്‍ കോടതിയിലിരിക്കുന്ന വിവാദ പെണ്‍വാണിഭക്കേസ് തുടരാന്‍ താല്പര്യമില്ലെന്ന് ഇര ആവശ്യപ്പെട്ടെങ്കിലും നിയമപരമായി അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിമിനല്‍ കേസ് എന്ന നിലയില്‍ മറ്റെല്ലാത്തിലേയും പോലെ ഇതിലും വാദിഭാഗത്തു സര്‍ക്കാരാണ്. കേസ് നന്നായി നടത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ട സര്‍ക്കാരിനു മുന്നിലുള്ള വഴി, പെണ്‍കുട്ടിയെ കേസിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാതെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ്.

കേസില്ലാതാക്കി നീതി വേണം; സര്‍ക്കാരിനെ വെട്ടിലാക്കി വിതുര പെണ്‍കുട്ടിയുടെ കത്ത്പക്ഷേ, ഇരയുടെ നിലപാട് കേസിനെ സ്വാധീനിക്കുകയും ചെയ്യും. അത് കേരളത്തില്‍ പല കോടതികളിലായി നിലവിലുള്ള പല പെണ്‍വാണിഭ കേസുകളെയും ബാധിക്കും. പ്രതികളോ പ്രതികളോടു താല്പര്യമുള്ളവരോ ഇരയെ സ്വാധീനിച്ച്, വിതുര പെണ്‍കുട്ടിയെപ്പോലെ പിന്മാറാനുള്ള മനോഭാവത്തിലേക്ക് എത്തിച്ചാല്‍ പെണ്‍വാണിഭക്കേസുകളൊന്നും നിലനില്‍ക്കാതെയാകും.

ഇത് മുന്നില്‍ കണ്ട്, വിതുര പെണ്‍കുട്ടിയുടെ കത്തിനോടു മൗനം പാലിക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിക്കുക എന്നാണു വിവരം. അതേസമയം, വിതുര ഉള്‍പെടെയുള്ള പെണ്‍വാണിഭക്കേസുകളുടെ തുടര്‍ നടപടികള്‍ അമിത താല്പര്യത്തോടെ റിപോര്‍ട്ട് ചെയ്യുകയും ഇര എപ്പോഴും മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്യണം എന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി മുന്നോട്ടു വെച്ചേക്കും.

ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള മാധ്യമ ഇടപെടല്‍ പലപ്പോഴും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നു എന്ന സമീപനമാണ് സര്‍ക്കാരിന്റേത്. വിതുര പെണ്‍കുട്ടിയുടെ കത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മുഖ്യമന്ത്രി പരസ്യമായിത്തന്നെ പറയും. നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന വനിതാ സംരക്ഷണ ബില്‍ പാസാക്കുന്നതിനു മുമ്പ് ഇതു സംബന്ധിച്ച വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താനും ആലോചനയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച സംഭവത്തിലെ മുഖ്യപ്രതിയും ഇടനിലക്കാരിയുമായിരുന്ന അജിത വര്‍ഷങ്ങള്‍ക്കു മുമ്പേ ആത്മഹത്യ ചെയ്തിരുന്നു. പ്രമുഖ നടന്‍ ജഗതി ശ്രീകുമാറും ഈ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതിയില്‍ കീഴടങ്ങിയ ജഗതിയുടെ കേസ് പ്രത്യേകമായി പിഗണിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

സൂര്യനെല്ലി, കവിയൂര്‍ കേസുകള്‍ ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സജീവമാകുകയും കിളിരൂര്‍ കേസ് വീണ്ടും അന്വേഷിക്കണം എന്ന് കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്, വിതുര പെണ്‍കുട്ടി മുഖ്യമന്ത്രിയെ സമീപിച്ച് കത്തു നല്‍കിയത്. തനിക്ക് 16 വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്നും ഭാര്യയും അമ്മയുമായ തന്നെ ഇനി കേസിലേക്ക് വലിച്ചിഴയ്്ക്കരുത് എന്നുമാണ് കത്തിലെ പരാമര്‍ശം.
Keywords: Girl, Vithura Case, Chief Minister, Family, Happy, Life, Help, Kvartha, Malayalam News, Kerala Vartha,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,Thiruvananthapuram, Appeal, Umman Chandi,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia