പരസ്ത്രീയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ മന്ത്രി മുമ്പേ അച്ഛന്റെയും ശത്രു

 


തിരുവനന്തപുരം: പരസ്ത്രീ ബന്ധത്തില്‍ കുടുങ്ങി മര്‍ദനമേറ്റ സംസ്ഥാന മന്ത്രിയെച്ചൊല്ലി ഭരണമുന്നണിയില്‍ പുതിയ കലാപത്തിന് തുടക്കം. മന്ത്രിക്കു കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റതിനെക്കുറിച്ച് ഞായറാഴ്ച പ്രമുഖ മലയാള പത്രത്തില്‍ വന്‍ പ്രാധാന്യത്തോടെ വന്ന വാര്‍ത്തയാണു വിവാദമായിരിക്കുന്നത്. മന്ത്രിയുടെ പേര് പറയാതെയാണു റിപോര്‍ട്ട്. എന്നാല്‍. അച്ഛനോടും പാര്‍ട്ടിയോടും പിണങ്ങി നടക്കുന്ന യുവ മന്ത്രിക്കാണു മര്‍ദനമേറ്റത് എന്നാണു വ്യക്തമായ വിവരം. മന്ത്രിയുടെ പേര് വെളിപ്പെടുത്താത്തതുകൊണ്ട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മുഴുവന്‍ പുരുഷ മന്ത്രിമാരും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ആരാണ് ആ മന്ത്രി എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും പുറത്തും വന്‍ ചര്‍ച്ചയായി മാറുകയും ചെയ്തു.

തിരുവനന്തപുരം നന്തന്‍കോട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും മറ്റു പല മന്ത്രിമാരുടെയും വസതിക്കും അടുത്തുള്ള ഫഌറ്റില്‍ താമസിക്കുന്ന കുടുംബിനിയുടെ ഭര്‍ത്താവാണ് മന്ത്രിയെ മര്‍ദിച്ചത്. ഈ സ്ത്രീയും മന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിന് ലഭിച്ചെന്നും തുടര്‍ന്ന് നാട്ടിലെത്തിയ അയാള്‍ മന്ത്രിയെ മര്‍ദിച്ചെന്നുമാണ് വാര്‍ത്ത. മന്ത്രിയുടെ ഭാര്യയാണ് മന്ത്രിയുടെയും കാമുകിയുടെയും ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതത്രേ. വിവാദത്തില്‍പെട്ട ദമ്പതികളും മന്ത്രിയുടെ കുടുംബവും തമ്മില്‍ നേരത്തേ മുതല്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ തുടര്‍ച്ചയായി ഉടലെടുത്ത ബന്ധമാണ് മര്‍ദനത്തില്‍ എത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സംശയം നീക്കാന്‍ മുഖ്യമന്ത്രിതന്നെ ഇടപെടണം എന്ന് ആവശ്യപ്പെടാനാണ് ഘടക കക്ഷികളില്‍ ഈ മന്ത്രിയോടു വിരോധമുള്ള ചില നേതാക്കളുടെയും തലസ്ഥാനത്തെ എം.എല്‍.എ കൂടിയായ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെയും നീക്കം. മന്ത്രിസഭയിലെ മുഴുവന്‍ പേര്‍ക്കും ഉണ്ടായിരിക്കുന്ന നാണക്കേട് നീങ്ങണമെങ്കില്‍ തല്ലുകൊണ്ട മന്ത്രിയെ പുറത്താക്കണം എന്നാണ് ആവശ്യം. ഈ മന്ത്രിയെ പുറത്താക്കണം എന്ന് പാര്‍ട്ടി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നേരത്തേ കത്തു നല്‍കിയിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടുന്നതിന് തിങ്കളും ചൊവ്വയുമായി 21 കേന്ദ്ര മന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഡല്‍ഹിക്കു പോവുകയാണ്. മടങ്ങിയെത്തിയ ശേഷം മന്ത്രിപ്രശ്‌നത്തില്‍ ഇടപെടണം എന്ന ആവശ്യം ഞായറാഴ്ച രാവിലെ തന്നെ അദ്ദേഹത്തിനു മുന്നിലെത്തിക്കഴിഞ്ഞതായാണു വിവരം.

അച്ഛന്‍ ചെയര്‍മാനായ സ്വന്തം പാര്‍ട്ടിയുമായും അച്ഛനുമായും പിണങ്ങി നില്‍ക്കുന്ന മന്ത്രിയെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഉള്‍പ്പെടെയാണ് സംരക്ഷിക്കുന്നത്. മാറിയ സാഹചര്യത്തില്‍ അത് അസാധ്യമായി വരുമെന്നാണ് മന്ത്രിയുടെ രാഷ്ട്രീയ ശത്രുക്കള്‍ കണക്കൂകൂട്ടുന്നത്.
പരസ്ത്രീയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ മന്ത്രി മുമ്പേ അച്ഛന്റെയും ശത്രു
അതിനിടെ, ഈ മന്ത്രി ഇടതുമുന്നണിയിലേക്കു പോകാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നതിനിടെ, ആ നീക്കം പൊളിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ കരുനീക്കത്തിന്റെ ഭാഗം കൂടിയാണോ മര്‍ദനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പു നടന്ന സംഭവം അറിഞ്ഞിട്ടും പലരും പുറത്തു പറയാതിരിക്കുകയായിരുന്നു. മന്ത്രിയും ഇടതു നേതാക്കളുമായി ചില ആശയ വിനിമയങ്ങള്‍ നടന്നതായി സംശയമുയര്‍ന്നത് അതിനു ശേഷമാണ്. കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മറ്റൊരു ഏകാംഗ മന്ത്രിയും ഈ മന്ത്രിയുമാണത്രേ ഇടത്തേക്കു പോകാന്‍ നീങ്ങിയത്.

Keywords: Minister, Assaults, Women, Relation, Husband, Kollam, Thiruvananthapuram, Controversy, Oommenchandy, KPCC, Kvartha,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia