അംജദിയോടൊപ്പം ഒരു യാത്ര

 


കെ.ടി. ഹസന്‍

ജ്മീര്‍, ഡല്‍ഹി, ആഗ്ര. അമീര്‍ ഹാരിസ് അംജദി. 9995794058.
സൂഫിസത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഞാന്‍ യാത്രയില്‍ അംഗമാകുന്നത്. സൂഫിസം എന്നാല്‍ സ്‌നേഹം, കരുണ, പരോപകാരം, പരിത്യാഗം, സമര്‍പണം. സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളിലൂടെ ഒരു യാത്ര. അതില്‍ വ്യക്ത്യധിഷ്ഠിതവും സാര്‍വികവുമായ സ്‌നേഹത്തിന്റെ പരമമാതൃകകളായ സൂഫി ദര്‍ഗകളുണ്ട്, പ്രണയപ്രതീകമായ താജ്മഹലുണ്ട്, അഹിംസാമന്ത്രവുമായി സ്‌നേഹത്തിന്റെ മോക്ഷകസത്യം ഗ്രഹിച്ചനുഭവിപ്പിച്ച മഹാത്മജിയുടെ രാജ്ഘട്ടുണ്ട്. ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ട്. ഇന്ത്യയുടെ വര്‍ത്തമാനമുണ്ട്. ഒരുപാട് വര്‍ത്തമാനങ്ങളുണ്ട്.

ഹസ്രത്ത് നിസാമുദ്ദീനിലേയ്ക്കുള്ള രാത്രിവണ്ടിയില്‍ കാസര്‍കോട്ടുനിന്നും കയറുന്നു. കൊച്ചുകുഞ്ഞുങ്ങളല്ലാതെ അമീറടക്കം ഞങ്ങള്‍ 42 പേര്‍. ആഗ്രയിലിറങ്ങുന്നത് ആദ്യലക്ഷ്യം. തിങ്കളാഴ്ച രാത്രി ഒമ്പതിനോടടുത്ത് പുറപ്പെട്ട വണ്ടി ബുധനാഴ്ച രാവിലെ 10 കഴിഞ്ഞാണ് ആഗ്രയെത്തുക. ധാരാളം സമയം. വണ്ടി പുറപ്പെടും മുമ്പുതന്നെ യാത്രാംഗങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഒരു കൊച്ചുഭാഷണം അംജദി നടത്തി. സംഘത്തില്‍ കുടുംബങ്ങളുണ്ട്. ഒറ്റയാന്‍മാരായ പ്രായമായ സ്ത്രീകളുണ്ട്. ഒറ്റയ്ക്കുള്ള ഏതാനും പുരുഷന്‍മാരുമുണ്ട്.


അംജദിയോടൊപ്പം ഒരു യാത്രയാത്ര അല്പം പിന്നിടുമ്പോള്‍ തന്നെ ദീര്‍ഘകാലത്തെ ബന്ധമുള്ളതുപോലുള്ള വലിയ കുടുംബമായി സംഘം പരിണമിച്ചുതുടങ്ങി. കരുണയുടെയും പരോപകാരത്തിന്റെയും സുകൃതങ്ങളായി മാറുകയായിരുന്നു ഓരോരുത്തരും.  ഒടുക്കം വരെ ആ ബന്ധം ദൃഢതരമായിക്കൊണ്ടേയിരുന്നു. പല ദിക്കുകളില്‍ നിന്നും വരുന്നവരുടെ സന്മനസും സഹാനുഭൂതിയും കൊണ്ട്‌, പേരിനുപോലും അലോസരമുണ്ടാകാതെ ഒമ്പതു ദിവസത്തെ യാത്ര ശുഭകരമായത് അമീറിന് ചാരിതാര്‍ഥ്യമുള്ള ഓര്‍മയായിരിക്കും. എവിടെയും അനുഭാവപൂര്‍വം ഓടിയെത്തുന്ന അമീര്‍ വിശേഷാഭിനന്ദനം അര്‍ഹിക്കുന്നു. മികവുറ്റ സംഘാടനം.


യാത്ര തുടങ്ങി അല്പനേരം എല്ലാവരോടും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. ലളിതമായ പരിചയപ്പെടലുകള്‍. രാത്രിയായതുകൊണ്ട് പുറംകാഴ്ചകള്‍ തെളിയുന്നില്ല. എങ്കിലും യാത്രയിലെ കാറ്റും നമ്മോട് കുറേ സംസാരിക്കുന്നു. ചിന്തിപ്പിക്കുന്നു. ഓര്‍മകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും കൊണ്ടുപോവുന്നു. ഓരോ തഴുകലും വേണ്ടപ്പെട്ടവരുടെ സ്പര്‍ശം പോലെ. ഇടയ്ക്കു ഞാന്‍ പൗലോ കൊയ് ലോയുടെ ആലെഫ് എന്ന പുസ്തകം വായിക്കാനാരംഭിച്ചു. അതിലെ  ഒരു സൂഫീ പ്രാര്‍ഥനയുടെ പരാമര്‍ശത്തിലെത്തിയപ്പോള്‍, പുറത്ത് ആകാശത്ത് കണ്ണുംനട്ട് സ്‌നേഹത്തിന്റെ ഭാവവൈവിധ്യത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങി. ഇടയ്ക്ക് കാഴ്ചയെ മറയ്ക്കുന്ന മരങ്ങളും, കെട്ടിടങ്ങളും. പെട്ടെന്ന് ഉറ്റ സ്‌നേഹിതന്‍ വിളിച്ച് ക്ഷേമാന്വേഷണങ്ങള്‍. വിവരങ്ങള്‍ ഇടയ്ക്കിടെ അറിയിക്കുമല്ലോ എന്നും. ബന്ധങ്ങളുടെ ഈ പശിമ തന്നെയാണ് ജീവിതത്തിന്റെ ഊര്‍ജം, അര്‍ഥവും.

അംജദിയോടൊപ്പം ഒരു യാത്ര
ഉറക്കമുണരുമ്പോള്‍ മഹാരാഷ്ട്രയില്‍ കയറിയിട്ടുണ്ട് ട്രെയിന്‍. പകല്‍ സംഘാംഗങ്ങളുടെ ഒത്തുകൂടലുകള്‍, നേരമ്പോക്കുകള്‍, അറിവുകള്‍. മറ്റനേകം ജീവിതങ്ങളുമായുള്ള സമ്പര്‍ക്കം. ഉച്ചയോടടുത്ത് മുംബൈക്കടുത്ത പന്‍വേല്‍. ദൃശ്യവിരുന്നായി മുന്തിരിപ്പാടങ്ങള്‍, ചിക്കു. പഴം അറുപതും ഇരുപതും രൂപയ്ക്കുള്ള കെട്ടുകളായി ട്രെയിനിനകത്തുമെത്തി. പൊള്ളുന്ന ചൂടായിരുന്നു ഉച്ചമുതല്‍. ഝാന്‍സി, ചമ്പല്‍ക്കാടുകള്‍. പാഠപുസ്തകങ്ങളും പത്രങ്ങളും ഓര്‍മകളായി മറഞ്ഞു. ഒരു രാത്രികൂടി. ബുധനാഴ്ച രാവിലെ ഇനിയെത്താറായി എന്ന പ്രതീക്ഷയാണ്. കൃത്യസമയത്ത് 10.10 ന് തന്നെ ആഗ്രയെത്തുന്നു. ഓട്ടോറിക്ഷകളില്‍ ഗസ്റ്റ് ഹൗസിലേയ്ക്ക്. ടെറസില്‍ നിന്നുനോക്കുമ്പോള്‍ അവിശ്വസനീയമായ കാഴ്ച. ഏതാനും മീറ്ററകലെ ലോകാത്ഭുതമായ താജ്മഹല്‍.

താജിന്റെ തെക്കന്‍ ഗേറ്റിലൂടെയാണ് ഞങ്ങള്‍ അകത്തുകടന്നത്. ചുറ്റും നിര്‍വൃതിയോടെ അതിനെ നോക്കിനില്ക്കുന്നവര്‍. പല കോണുകളില്‍ തുരുതുരാ അമരുന്ന ക്യാമറാ ബട്ടണുകള്‍. ആ വെണ്ണക്കല്‍ കൊട്ടാരം ഓരോരുത്തര്‍ക്കും ഓരോ പാഠമാണ്, വായനയാണ്. ചുറ്റിലുമുള്ള തറ കാല്‍തൊടാന്‍ പറ്റാത്തത്ര ചുട്ടുപൊള്ളുന്നു. പ്രത്യേക കാലുറ ലഭ്യം. താജിന്റെ പിന്നില്‍ അവശയായ യമുന ദുര്‍ജലം പേറി ഒഴുകുന്നു. നദിക്കരയില്‍ പുല്ലുമേയുന്ന കാലികള്‍. അകത്ത് മുംതാസിനൊപ്പം ഷാജഹാന്റെയും ഖബറിടം. അരികിലുള്ള പള്ളിയുടെ മൂലയില്‍ കൂടിയ കുരങ്ങന്‍മാരുടെ കളികണ്ട്, പ്രവേശനകവാടത്തിനരികിലെ ചരിത്ര പ്രാധാന്യമുള്ള ചിത്രപ്രദര്‍ശനവും ആസ്വദിച്ചാണ് ഞാന്‍ പുറത്തിറങ്ങിയത്.


അംജദിയോടൊപ്പം ഒരു യാത്ര
ഭക്ഷണശേഷം ആഗ്രാ കോട്ട. മുഗള്‍ഭരണത്തിന്റെ അധികാരകേന്ദ്രങ്ങളിലൊന്ന്. അകത്താകെ ചുറ്റിയടിച്ചു. വലതുവശത്തെത്തിയപ്പോള്‍ പുറത്ത് സമ്പന്നമൊയൊരു കാഴ്ച. റോഡിനപ്പുറം യമുനാ നദി. അതിനുമപ്പുറം താജ്മഹലിന്റെ സുന്ദരമായ എടുപ്പ്. മകന്‍ ഔറംഗസേബിന്റെ തടവില്‍ കഴിയുമ്പോള്‍ ഷാജഹാന്‍ താജ്മഹല്‍ വീക്ഷിച്ചിരിക്കുക, ഈ ദിക്കില്‍ വച്ചായിരിക്കും. അത്തരമൊരു സന്ദര്‍ഭം എങ്ങോ വായിച്ചതിന്റെ അവ്യക്തമായ ഓര്‍മകള്‍. ഷാജഹാന്റെ തടവ് ആഗ്രാ കോട്ടയിലായിരുന്നു. അപൂര്‍വസുന്ദരമായ ദര്‍ശനമാണ് അവിടെ നിന്നുള്ള താജ്. പുതിയ കാഴ്ചകളിലും കിനിയുമാറാകണം അനുപമമായ സ്‌നേഹത്തിന്റെ നന്മകള്‍.

ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തി. സന്ധ്യാനേരത്ത് അതിന്റെ മുകളില്‍ കയറി താജിന്റെ ആകാശത്തോടൊരു കിന്നാരം. ജൗഹറും ബാദുഷയും കൂടെയുണ്ടായിരുന്നു. കഥയും ചോദ്യങ്ങളുമായി വരുന്ന ഉവൈസ് അപ്പോള്‍ ഒപ്പമില്ല. താഴെ കോളനിയില്‍ കളിച്ചുകൊണ്ടിരുന്ന ആമിര്‍ അലി എന്ന കുട്ടിയുമായി ഞങ്ങള്‍ സല്ലപിച്ചു. ഭാഷയല്ലാത്ത ഭാഷയുടെ വിസ്മയം അനാവൃതമാകുകയായിരുന്നു അന്നേരം. ആശയക്കൈമാറ്റത്തിനു വേണ്ടി എവിടെയും എപ്പോഴും ഓരോ സങ്കേതം ജനിക്കുന്നു. കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയം കൗതുകത്തോടെ നോക്കിനിന്ന്, അത്യാവശ്യത്തിനുമാത്രം ഇടപെടുകയായിരുന്നു ഞാന്‍. ഇടയ്ക്ക് താജിലേക്കുള്ള തെരുവ് മുകളില്‍ നിന്നു കാണുന്നതിന്റെ ഭംഗി. സഞ്ചാരികളില്‍ പ്രതീക്ഷയര്‍പിച്ച കരകൗശലങ്ങളും തനികൗശലങ്ങളും.

അംജദിയോടൊപ്പം ഒരു യാത്ര
സന്ധ്യമയങ്ങി ആഗ്രയില്‍ നിന്നു പുറപ്പെട്ട് വെളുപ്പിനു മുമ്പ് അജ്മീര്‍ എത്തേണ്ടതായിരുന്നു ഞങ്ങള്‍. പശ്ചിമ ബംഗാളില്‍ നിന്നുവരുന്ന ട്രെയിന്‍ ചതിച്ചു. മാവോയിസ്റ്റു ഭീഷണി എന്നിങ്ങനെ പല കിംവദന്തികളാല്‍ ആവേശഭരിതരാണ് റെയില്‍വേ സ്‌റ്റേഷനില്‍, നിന്നും ഇരുന്നും കിടന്നും കാത്തിരിപ്പിലുള്ള യാത്രക്കാര്‍. അങ്ങുമിങ്ങും നടന്നും കടംകഥ പറഞ്ഞും ഞങ്ങളും ക്ഷമിച്ചു. കൃത്യം പത്തു മണിക്കൂര്‍ വൈകി വ്യാഴാഴ്ച പുലര്‍ച്ചെ വണ്ടി പുറപ്പെട്ടു. ഉച്ചയോടെ അജ്മീര്‍. താമസം ദര്‍ഗയുടെ തൊട്ടടുത്ത്.

അജ്മീറിന്റെ തെരുവുകള്‍ ജനനിബിഡമാണ്.  നാനാവിഭാഗം മനുഷ്യര്‍. ഖാജയുടെ ദര്‍ശനത്തിനായി കാതങ്ങള്‍ പിന്നിട്ടു വന്നവര്‍. മാസ്മരികമായ ഒരു ലോകമാണത്. അംജദിയെ കൂടാതെ രണ്ടു മതപണ്ഡിതന്‍മാര്‍ കൂടി ഞങ്ങളോടൊപ്പമുണ്ട്. അബൂദാബി ഷെയ്ഖിനെക്കുറിച്ചുള്ള പുസ്തകത്തിലൂടെ പ്രശസ്തനായ അബൂബക്കര്‍ സഅദി നെക്രാജെ, കുറ്റിയാടിയിലെ മുനീര്‍ സഖാഫി. ഉദ്‌ബോധനങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഇവര്‍ നേതൃത്വം നല്കുന്നു.  ചരിത്രപരമായ ചില വിവരങ്ങള്‍ ഈയുള്ളവനും നല്കി. രാജസ്ഥാനിലെ വിജനമായ മരുഭൂമിയിലേയ്ക്ക് ഖാജ എത്തിച്ചേര്‍ന്ന വിധം തുടങ്ങിയവ.


അംജദിയോടൊപ്പം ഒരു യാത്രവെള്ളിയാഴ്ച രാവാകാന്‍ പോവുകയാണ്. അജ്മീറില്‍ പ്രത്യേകപരിപാടികളുള്ള ദിവസം. പള്ളിയില്‍ ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, റാത്തീബ്, അങ്ങനെ. മഖ്ബറയ്ക്കുചുറ്റും അലിഞ്ഞാലപിക്കുന്ന ഖവ്വാലിസദസ്സുകള്‍. പുറത്ത് ഹിന്ദുസഹോദരങ്ങളുടെ ഘോഷയാത്ര. എല്ലാവര്‍ക്കും ശാന്തി എന്നതാണല്ലോ ഖാജയുടെ മന്ത്രം. വര്‍ഷങ്ങളായി ഭജനയിരിക്കുന്ന തൃശൂര്‍ ചാവക്കാട്ടുനിന്നുള്ള അജ്മീര്‍ ഉമ്മ പോലെ നിരവധി വിസ്മയങ്ങള്‍ അവിടെ ശോഭിക്കുന്നു. നാട്ടുകാരനായ ഖലീലിനെ യാദൃച്ഛികമായി കണ്ടുമുട്ടിയത് എന്റെ സവിശേഷമായ അജ്മീര്‍ ഓര്‍മ.

അംജദിയോടൊപ്പം ഒരു യാത്ര
K.T. Hassan
(Writer)

വെള്ളിയാഴ്ച അതിരാവിലെ സുമോയില്‍ അറുപതു കിലോമീറ്റര്‍ അകലെ ഖാജയുടെ മകന്റെ സിയാറത്ത്. മടങ്ങിവന്ന് താരാഗഢ്. അത്ഭുതങ്ങളുടെ മല. അജ്മീര്‍ ഖാജയുടെ മഖ്ബറയില്‍ നിക്ഷേപിക്കപ്പെടുന്ന പനിനീരിതളുകള്‍ ഭക്ഷിക്കും പോലെ, മീരാഹുസൈനിന്റെ ഈ മലയിലെ ഒരു വൃക്ഷത്തില്‍ നിന്ന് കായ കഴിക്കുന്നതിനും സവിശേഷത കല്‍പിക്കപ്പെടുന്നു. അജ്മീറിലെ മറ്റു വിശേഷങ്ങളും വ്യാഴവും വെള്ളിയുമായി ചുറ്റിക്കണ്ടു.

Part 2:
ഡല്‍ഹി വിശേഷങ്ങള്‍

Keywords:  Amjadi, Traval, Ajmeer Darga, New Delhi, Agra, Study, Love, Kasaragod, Family, Train, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia