ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ?

 


എം.കെ. ജോസഫ്

പാലക്കാട് ജില്ലയിലെ മണ്ണാര്‍കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് അബ്ബാസ്. 14വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന അബ്ബാസ് ഫേസ്ബുക്കിലൂടെയാണ് കൂട്ടുകാരുമായി സംവദിക്കുന്നത്. ഈയടുത്ത് ബ്‌ളോഗും തുടങ്ങിയിട്ടുണ്ട്. തന്നെക്കുറിച്ച് അബ്ബാസ് പറയുന്നതിങ്ങനെ.

ഉമ്മാന്റെ കടിഞ്ഞൂല്‍ പ്രസവം ആയതുകൊണ്ട് എന്റെ ജനനം നാട്ടു നടപ്പ് അനുസരിച്ച് ഉമ്മാന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു. ഉമ്മാന്റെ ഉമ്മ എനിക്ക് മുജീബ് റഹ്മാന്‍ എന്ന് പേരും വിളിച്ചു. ഞങ്ങളെ കുട്ടിക്ക് ഞങ്ങളാണ് പേര് ഇടേണ്ടത് എന്നും പറഞ്ഞു ഉപ്പാന്റെ ഉമ്മ എനിക്ക് അബ്ബാസ് എന്ന് പുനര്‍നാമകരണം നടത്തി.

ഒരു കണക്കിനത് നന്നായി.. അല്ലെങ്കില്‍ അബ്ബാസ്..... കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്നതിന് പകരം എന്റെ മനസാക്ഷിക്ക് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത രീതിയില്‍ മുജീബ്.... മജ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന് ഞാന്‍ ഫേസ് ബുക്ക് പേര് വെക്കേണ്ടി വന്നേനെ. 


ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ?

കള്ള് ഷാപ്പ്, ലൈസന്‍സ് നമ്പര്‍ 1013, കാഞ്ഞിരപ്പുഴ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാഹോദര്യ ഐക്യം നില നില്‍ക്കുന്ന ഒരു സ്ഥാപനം... വിളമ്പുന്നവര്‍ക്കോ കുടിക്കുന്നവര്‍ക്കോ യാതൊരു വിധ ഡ്രസ്സ് കോഡുമില്ല. ഒരു നാടന്‍ സംഗീത നാടക അക്കാദമി എന്ന് തന്നെ പറയാം. എരിവുള്ളത് കഴിക്കാനും കേള്‍ക്കാനും പറ്റിയ സ്ഥലം. കപ്പ ഏറ്റവും ഹൃദ്യമായി കഴിക്കാന്‍ പറ്റുന്ന സ്ഥലം. നാടന്‍ പാട്ടുകളുടെ ആശാന്മാരുടെ ആദ്യ കളരി.. പ്രകൃതിദത്തമായ കൂളിംഗ് സംവിധാനം.. തൊട്ടടുത്ത് തന്നെ ഒരു പെട്ടിക്കട ഉള്ളതോണ്ട് മുറുക്കാന്‍ വാങ്ങാനും ബീഡി വലിക്കാനും എങ്ങും പോവണ്ട. ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം.

കടം കുടിക്കരുത് എന്നേ നോട്ടീസ് ഉള്ളൂ. രാഷ്ട്രീയം പറയരുതെന്ന് എവിടേം എഴുതി വെച്ചിട്ടില്ല. ഇറച്ചി ക്കറിക്ക് ഒരിടത്ത്‌നിന്നും കിട്ടാത്ത മണം... പാമ്പുകള്‍ ചുറ്റിനുമുണ്ടാകാം... പക്ഷെ അങ്ങോട്ട് ഉപദ്രവിച്ചാലും ഇങ്ങോട്ടു ഉപദ്രവിക്കില്ല.

ഫേയ്സ്ബൂകിലൂടെയും അബ്ബാസ്ഖുബ്ബുസ് എന്ന ബ്‌ളോഗിലൂടെയും അബ്ബാസ് പങ്കുവയ്ക്കുന്നത് സമകാലിക പ്രശ്‌നങ്ങളും, സാമൂഹികമായ ആക്ഷേപങ്ങളുമാണ്.

മേല്‍പറഞ്ഞതുപോലുള്ള ഒരുപാട് കാര്യങ്ങളും, കഥകളും അബ്ബാസ് എഴുതുന്നുണ്ട്. വിഷയ ദൗര്‍ലഭ്യം തീരെയില്ലാത്ത അബ്ബാസിന്റെ എഴുത്തുകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ നൂറുകണക്കിനാളുകളാണ് വായനക്കാരായുള്ളത്. അബ്ബാസിന്റെ പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ട കെവാര്‍ത്ത എഡിറ്റര്‍ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും കെവാര്‍ത്തയുടെ വായനക്കാരുമായി അബ്ബാസ് സംവദിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ മാഗസിന്‍ ഉള്‍പെടെ നിരവധിപേരാണ് അബ്ബാസിന്റെ കോളത്തിനായി ബന്ധപ്പെടുന്നത്. ആര്‍ക്കും എഴുതാമെന്നേറ്റ് ഇതുവരെ വാക്കുകൊടുത്തിട്ടില്ല. താനൊരു എഴുത്തുകാരനൊന്നുമല്ലെന്നാണ് അബ്ബാസ് വിളിച്ചവരോടെല്ലാം ഈ പ്രവാസി എഴുത്തുകാരന്‍ എളിമയോടെ പറയുന്നത്. സമയം കിട്ടുമ്പോള്‍ വല്ലതും കുത്തിക്കുറിക്കുമെന്ന് മാത്രം. അബ്ബാസിന്റെ ലാളിത്യം തുളുമ്പുന്ന വാക്കുകള്‍ കേട്ടാല്‍ എഴുത്തുകാരെക്കുറിച്ചുള്ള 'ധാരണ' മാറിക്കിട്ടും. വെറുതെ നാലക്ഷരം കുറിച്ചു തുടങ്ങുമ്പോള്‍ തന്നെ ജഡനീട്ടി ജാഡ കാട്ടിനടക്കുന്ന നമ്മുടെ അഭിനവ സാഹിത്യകാരന്മാര്‍ അബ്ബാസിനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

ചെറുപ്പത്തില്‍തന്നെ വിദേശത്ത് ജോലിചെയ്യേണ്ടിവന്ന അബ്ബാസ് നാടിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതും തന്റെ എഴുത്തിലൂടെയാണെന്ന് ഇതിലൂടെ മനസിലാകും.

അബ്ബാസിന്റെ ഫേസ് ബുക്ക് പ്രൊഫൈലില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.

പേര് - അബ്ബാസ്
വട്ടപ്പേര് - വട്ടത്തില്‍ എഴുതാനുള്ള വലുപ്പമുള്ള പേരെനിക്കില്ല.
ഉയരം - അപ്പുറത്തെ വീട്ടിലെ കുളിമുറിയിലേക്ക് നോക്കാന്‍ മൂന്നു ഇഷ്ട്ടിക വേണം..
തൂക്കം - ഭക്ഷണത്തിന് മുന്‍പ് 85 ശേഷം 88
നിറം - എണ്ണക്കറുപ്പ്
ഏതു എണ്ണ - കരി ഓയിലും ഒരു എണ്ണ യാണല്ലോ.
ഇഷ്ടപ്പെട്ട ഭക്ഷണം - ഭക്ഷണമാണോ എങ്കില്‍ ഇഷ്ടപ്പെടും.
എന്നാലും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം - മട്ടന്‍ ബിരിയാണി.
ഇഷ്ടപ്പെട്ട പാനീയം - കടുപ്പമുള്ള സുലൈമാനി.
ഇഷ്ടപ്പെട്ട സിനിമ - ഡോക്റ്റര്‍ പശുപതി.
അതെന്താ ആ പടം ഇഷ്ടപ്പെടാന്‍ കാരണം - തട്ടിപ്പും വെട്ടിപ്പും എനിക്കിഷ്ടമാണ്.
ഇഷ്ട്‌പ്പെട്ട പാട്ട് - കുന്നത്തൊരു കാവുണ്ട്
കാരണം - കുന്നത്തൊരു കാവുണ്ടായിരുന്നു
ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷം - ഞാന്‍ ഈ ഭൂമിയില്‍ ജനിച്ച നിമിഷം.
ഏറ്റവും വിഷമം തോന്നിയ നിമിഷം - അലക്കിക്കഴിഞ്ഞ തുണികള്‍ ഉണങ്ങാന്‍ അയയിലിട്ടു ഒന്ന് തിരിഞ്ഞതും അയ പൊട്ടി തുണികള്‍ എല്ലാം മണ്ണില്‍ വീണ നിമിഷം.
ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ? ജീവിതത്തില്‍ ആരാകാനാണ് ഇഷ്ട - ഇന്ത്യന്‍ പ്രസിഡന്റ്
കാരണം, കുറെ രാജ്യങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ട്.
ആരെയാണ് പേടിക്കുന്നത് - വീരപ്പനെ
വീരപ്പന്‍ മരിച്ചല്ലോ : ഓ ശരിയാണല്ലോ... എങ്കില്‍ വീരപ്പന്റെ പ്രേതത്തെ.
പ്രിയപ്പെട്ട കൂട്ടുകാരന്‍ - എന്നെ അറിയുന്നവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്.
ഫേസ് ബുക്കിനെ കുറിച്ച് - തൊട്ടപ്പുറത്തെ ബെഡില്‍ കിടക്കുന്നവനോട് മിണ്ടാതെ ബ്രസീലിലെ ആളോട് മിണ്ടാം..
ഓര്‍ക്കുട്ട് - ഓണ്‍ലൈനിലെ എന്റെ ബാലവാടി .
ജീവിതം - സന്തോഷം
ഇനി ഒരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കണം - ഹിപ്പോ പോട്ടാമസ്
കാരണം - ചുമ്മാ വെള്ളത്തില്‍ കിടന്നാല്‍ മതി. ഒരു പണിയുമില്ല.
പ്രവാസികളെ കുറിച്ച് - നാളെ നന്നായി ജീവിക്കാം എന്ന് കരുതി ഇന്ന് കുബ്ബൂസും പരിപ്പും കഴിക്കുന്നവര്‍ !!
സ്വപ്നങ്ങള്‍ കാണാറുണ്ടോ - പകല്‍ ഡ്യൂട്ടി ടൈമിലെ ഉറക്കത്തില്‍ മാത്രം. എന്റെ സമയത്തുള്ള ഉറക്കം ഞാന്‍ വേസ്റ്റ് ആക്കാറില്ല.

അബ്ബാസ് ചിരിയുടെ മാലപ്പടക്കംതന്നെയാണ് ഫേസ്ബുക്കിലെമ്പാടും പൊട്ടിക്കുന്നതെങ്കിലും ചില ചിന്തോദ്ദീപകമായ പോസ്റ്റുകളും മനസിനെ ഉലയ്ക്കുന്ന കുറിപ്പുകളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ആമിന മന്‍സില്‍.

ആമിനാ മന്‍സില്‍ (AMINA MANZIL)

അന്നൊക്കെ പെയ്യുന്ന മഴയില്‍ പകുതിയും പെയ്തിരുന്നത് കുന്നിന്‍ ചെരുവിലെ ഞങ്ങളുടെ ഓലമേഞ്ഞ കൊച്ചു പുരയ്ക്കകത്തായിരുന്നു. തോരാത്ത മഴയില്‍ എന്നെ നെഞ്ചത്തടുക്കി ന്റെ ഉമ്മ പറയും. ന്റെ കുട്ടി വലുതായിട്ടു നമുക്കൊരു വീടുണ്ടാക്കണം.പെരുമഴ പെയ്താലും ഒരു തുള്ളി വെള്ളം അകത്തു കടക്കാത്ത വീട്..... ഇല്ലാത്ത ഒരു കൂര്‍ക്കം വലിയുണ്ടാക്കി ഉപ്പ ഉപ്പാന്റെ നിസ്സഹായാവസ്ഥ പുതപ്പിനുള്ളില്‍ ഒളിപ്പിക്കും.

മൈലാഞ്ചി ചെടികളങ്ങിനെ താലോലമാടുമ്പോള്‍, മീസാന്‍ കല്ലില്‍ മഴത്തുള്ളികള്‍ നൃത്തം വെക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ ദിവസം മഴയും വെയിലും കൊള്ളാത്ത ഉമ്മാന്റെ അവസാനത്തെ വീട്ടിലേക്കു കണ്ണീരിറ്റിയ മൂന്നു പിടി മണ്ണിടുമ്പോള്‍ കുഞ്ഞു മനസിലൊരു കുഞ്ഞു വീട് കിനാവ് കണ്ടു ഞാന്‍
ഉമ്മയുടെ വിളി മുഴങ്ങുന്ന....
ഉമ്മയുടെ നെഞ്ചിലെ ചൂട് പൊരുന്നയിരിക്കുന്ന
കുന്നിന്‍ ചരുവിലെ കൂട്....
അതിനു ഞാനെന്റെ ഉമ്മാന്റെ പേരിടും..
ആമിനാ മന്‍സില്‍.........

ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപനം പൂവണിയാന്‍ കുറച്ചു നാളും കൂടി മാത്രം ബാക്കിയുള്ളപ്പോള്‍ വല്ലാത്തൊരു ധര്‍മസങ്കടത്തിലാണ് ഞാന്‍.
ഉപ്പ എന്നോ മറന്നു പോയെന്നഭിനയിക്കുന്ന ഒരു പേര് വീടിനു മുന്നിലെഴുതിവെച്ചു ന്റെ ഉപ്പാനെ എന്നും വിഷമിപ്പിക്കണോ അതോ ഞാന്‍ ന്റെ ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണമോ?

ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ? ന്റെ മനസ്സിലെ ആമിന മന്‍സിലിങ്ങനെ
നോവിന്‍ പണി തീരാത്ത വീടായി
ഉമ്മയുടെ ഉണങ്ങാത്ത മുറിവായി
ഉപ്പയുടെ പൂര്‍ത്തിയാകാത്ത സ്വപ്നമായി , ആമിനാ മനസില്‍....

കൊച്ചുകൊച്ചുകാര്യങ്ങള്‍കൊണ്ട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ബഷീറിനേയും, കുഞ്ഞുണ്ണിമാഷിനേയും പോലെ നല്ലൊരു എഴുത്തുകാരനായി അബ്ബാസ് മാറുമെന്നാണ് കൂട്ടുകാരുടെ പ്രതീക്ഷ.

Part 1:

ലൈക്കുകള്‍ കിട്ടുന്നില്ലേ? ഫേസ് ബുക്കിലെ അബ്ബാസിന്റെ കുബ്ബൂസ് രാസായനം!

Keywords:  Article, Abbas, Facebook, Like, Comment, Post, Comedy, Palakkad, Abbas Khubboos, Jyothisham, Blog, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, M.K. Joseph.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia