തൊഴിലില്ലാത്തവരുടെ വിവാഹം

 


കൂക്കാനം റഹ് മാന്‍

വിവാഹം നടന്നാല്‍ എല്ലാമായോ? ജീവിതമെന്ന കാണാകയത്തിലേക്കാണവരെ തളളിവിടുന്നത് എന്ന് ഇത്തരം സല്‍ പ്രവൃത്തി ചെയ്യുന്ന വ്യക്തികളും സംഘടനകളും ഓര്‍ക്കുന്നുണ്ടോ? സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് വിവാഹിതരായ സ്ത്രീകളും സാധാരണ ഗതിയില്‍ വിവാഹിതരായ സ്ത്രീകളും പറയുന്ന ഒരു കാര്യമുണ്ട്. എല്ലാത്തിനും അദ്ദേഹത്തോട് കൈനീട്ടേണ്ടിവരുമ്പോള്‍ പ്രയാസം തോന്നുന്നു. സ്വന്തം അധ്വാനിച്ച് എന്തെങ്കിലും സമ്പാദിക്കാനുളള തൊഴില്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്ന്.

സമൂഹ വിവാഹം നടത്തുന്ന സംഘടനകളും വ്യക്തികളും ഇത്ര എണ്ണം നടത്തി എന്നതിലാണ് അഭിമാനം കൊളളുന്നത്. ഇങ്ങിനെ വിവാഹമാമാങ്കം നടത്തി വിട്ടതിന് ശേഷം ആ ദമ്പതികളെക്കുറിച്ചുളള  ഫോളോ അപ്പ് പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ? അവരെങ്ങിനെ ഇപ്പോള്‍ ജീവിച്ചു പോകുന്നു എന്നന്വേഷിച്ചിട്ടുണ്ടോ? അതും കൂടി സമൂഹത്തെ അറിയിക്കേണ്ട ബാധ്യത ഇത് നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമുണ്ടാവണം.

വിവാഹം നടത്തിച്ച് കൊടുക്കുന്നതിനേക്കാളുപരി അവിവാഹിതകളായി ജീവിച്ചു വരുന്ന സ്ത്രീകളെ കണ്ടെത്തി, അവരുടെ വിദ്യാഭ്യാസത്തിനും, കഴിവിനും അനുസരിച്ചുളള തൊഴില്‍ പരിശീലിപ്പിക്കുകയും അതിനവരെ പ്രാപ്തരാക്കുകയും ചെയ്യണം. അതിന് ശേഷമാവണം വിവാഹം നടത്തിച്ചു കൊടുക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവും. പുരുഷന്റെ മാത്രം അധ്വാനത്തെ ആശ്രയിച്ചു നില്‍ക്കാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിതം നയിക്കാന്‍ അവര്‍ പ്രാപ്തരാവും.

ഇതിനിടെ ഒരു സംഘടന നടത്തിയ സമൂഹ വിവാഹത്തില്‍ ഒരു പ്രത്യേകതകൂടി ശ്രദ്ധിച്ചു. അവര്‍ വിവാഹിതനായ പുരുഷന് ഓട്ടോ റിക്ഷ നല്‍കി ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിച്ചു. പക്ഷെ പുരുഷനെയല്ല സഹായിക്കേണ്ടത്, സ്ത്രീയേയാണ്. രണ്ടു പേരെയും ഇത്തരത്തില്‍ സഹായിക്കാന്‍ പറ്റിയാല്‍ ഏറെനന്ന്. താത്വികമായി ഇണകളില്‍ ഒരാള്‍ക്ക് തൊഴിലുപകരണം നല്‍കിയാല്‍ പോരെ എന്നൊക്കെ പറയാം. പക്ഷെ എന്നും എപ്പോഴും വിഷമാവസ്ഥയിലാവുന്നത് സ്ത്രീയാണ്. അതുകൊണ്ടാണ് സ്ത്രീയെ ആണ് ഇക്കാര്യത്തില്‍ ശാക്തീകരിക്കേണ്ടത് എന്ന് പറയുന്നത്.

മിക്ക ഞായറാഴ്ചകളിലും നിരവധി വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഒരു വ്യക്തിക്ക് തന്നെ നാലോ അഞ്ചോ വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടതായും വരുന്നുണ്ട്. സദ്യ ഒരുക്കുമ്പോള്‍ ക്ഷണിതാക്കളുടെ എണ്ണം കണക്കാക്കിയാവും വിഭവങ്ങള്‍ ഒരുക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മാത്രമേ ഭക്ഷണം കഴിക്കാന്‍ പറ്റൂ. ഇങ്ങിനെ ഒരുക്കിയ സദ്യയും, അതിന് ചെലവിടേണ്ടി വന്ന തുകയും, മനുഷ്യാധ്വാനവും പാഴാവുകയാണ്.

ഇത്തരം വിവാഹങ്ങള്‍ ഒരു പഞ്ചായത്തിലെങ്കിലും ഒന്നിച്ചു സംഘടിപ്പിക്കാന്‍ പറ്റിയാല്‍ നല്ലതല്ലേ? ഒരു പൊതു സ്ഥലം/ഓഡിറ്റോറിയം കണ്ടെത്തണം. പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മിക്കവാറും ഒരേ വ്യക്തിതന്നെയായിരിക്കാം ഈ വിവാഹങ്ങളിലെല്ലാം പങ്കെടുക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യത നന്നേകുറവാണ്.

ഇതുകൊണ്ട് നേട്ടങ്ങള്‍ പലതാണ് ഭക്ഷണം പാഴായി പോകാതെ നോക്കാം. പക്ഷെ ക്ഷണിച്ചവരുടെയെല്ലാം വിവാഹത്തിന് എത്തിയില്ലായെന്ന പരാതിയും പരിഭവവും ഒഴിവാക്കാം. മുഹൂര്‍ത്തം ഒന്നു തന്നെയാണെങ്കില്‍ വിവിധ വേദികളൊരുക്കി വിവാഹച്ചടങ്ങുകള്‍ നടത്താം. വ്യത്യസ്ത മത വിഭാഗങ്ങളുടെയും ഇങ്ങിനെ നടത്താമെന്ന് സമൂഹ വിവാഹവേദികള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ?.

തൊഴിലില്ലാത്തവരുടെ വിവാഹംകൂട്ടു കൃഷി സമ്പ്രദായം പോലെ ചെലവുകള്‍ ഒരേ പോലെ ഷെയര്‍ ചെയ്യാം. ഒരേ തരം വിഭവങ്ങള്‍ ഒരുക്കുകയുമാവാം. സമയലാഭം, സാമ്പത്തികലാഭം, മനുഷ്യാധ്വാന ലാഭം ഒക്കെ ഉണ്ടാവും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളോ, രാഷ്ട്രീയ പാര്‍ട്ടികളോ മുന്‍കയ്യെടുക്കാം. വിവാഹ ധൂര്‍ത്തിനെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നവരൊക്കെ ഇങ്ങിനെ ചെലവും സമയവും ലാഭിക്കുന്ന സമൂഹ വിവാഹത്തെക്കുറിച്ച് ചിന്തിക്കണം.

പണ്ടു കാലത്തൊക്കെ ഒരു സദ്യകിട്ടുകയെന്നാല്‍ സ്വര്‍ഗം കിട്ടിയതിന് തുല്യമാണ്. വയറു നിറച്ചുണ്ണാം, വിവിധ തരം കറികള്‍ കൂട്ടാം, പായസം കുടിക്കാം ഈ മോഹങ്ങളൊക്കെക്കൊണ്ട് കുഞ്ഞുങ്ങള്‍ സദ്യ ദിവസത്തിന് കാത്തിരിക്കും. ഇന്ന് അവസ്ഥയൊക്കെമാറി. എല്ലാ ഭക്ഷണങ്ങളും വീട്ടില്‍ തന്നെ കിട്ടുന്നു. ആവശ്യപ്പെടുകയേ വേണ്ടൂ. തയ്യാറാക്കിത്തരാന്‍ അമ്മയും മറ്റും റെഡി. വീട്ടില്‍ എന്നും സദ്യ തന്നെ. പിന്നെന്തിന് തിക്കിത്തിരക്കി സദ്യ ഉണ്ണാന്‍ ചെല്ലണം.

തൊഴിലില്ലാത്തവരുടെ വിവാഹം
Kookkanam Rahman
(Writer)
കുട്ടികളോട് സദ്യക്ക് ചെല്ലാന്‍ പറഞ്ഞാല്‍ പോകാന്‍ മടിയാണ്. ആ സ്ഥിതിയിലേക്കാണ് ലോകത്തിന്റെ ഇന്നത്തെ പോക്ക്. നിര്‍ബന്ധിച്ചു വിട്ടാല്‍ പോയി എന്നായി. വേണ്ടുവോളം വീട്ടില്‍ നിന്ന് കിട്ടിയിട്ടും വിവാഹ സദ്യയും മറ്റും നടക്കുന്ന ഹാളിന് മുന്നിലെ തിരക്ക് കണ്ടാല്‍ അത്ഭുതം തോന്നും. സാധാരണ ഉച്ചയ്ക്കാണ് വീട്ടില്‍് നിന്ന് ഭക്ഷണം കഴിക്കാറ്. പക്ഷെ പതിനൊന്ന് മണിക്ക് തന്നെ സദ്യ ഉണ്ണാന്‍ ആളുകള്‍ റെഡി.  ആ തിക്കും തിരക്കും കണ്ടാല്‍ രണ്ടു മൂന്ന് ദിവസമായി അന്നം കാണാത്തവരെ പോലെയാണ് ക്യൂവില്‍ തളളി ക്കയറാന്‍ ശ്രമിക്കുന്നവരെ കണ്ടാല്‍ തോന്നുക.

സമൂഹ വിവാഹവും സമൂഹ സദ്യയും മാതൃകാപരമായി നടത്താനുളള സാധ്യതകളെക്കുറിച്ചാലോചിക്കണം. നിര്‍ധന സമൂഹ വിവാഹങ്ങള്‍ ഉണ്ടാവണം. പക്ഷെ വിവാഹത്തില്‍ പങ്കാളിയാവുന്ന വധുവിന് ജീവിതമാര്‍ഗം കാണിച്ചു കൊടുത്തിട്ടേ നിര്‍ധന സമൂഹവിവാഹം സംഘടിപ്പിക്കാവൂ. അല്ലെങ്കില്‍ ആദ്യം സൂചിപ്പിച്ചപോലെ വെളുക്കാന്‍ തേച്ചത് പാണ്ടാവും.

Part 1:
കല്യാണം കഴിക്കുന്നതിന് മുമ്പ്‌

Keywords:  Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughter, Job, Group Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia