പ്രളയ ദുരന്തത്തില്‍ രക്ഷപ്പെട്ട സര്‍ക്കാരിനു രക്ഷയായി CPM ഉപരോധം നീട്ടിവയ്ക്കാന്‍ നീക്കം

 


തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തിലെ മാധ്യമ ശ്രദ്ധയുടെ രൂക്ഷതയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫിനെയും താല്ക്കാലികമായി രക്ഷിച്ച ഇടുക്കി പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സോളാര്‍ പ്രശ്‌നത്തിലെ പ്രക്ഷോഭകാര്യത്തില്‍ സി.പി.എമ്മിലും അനിശ്ചിതത്വം. 12 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം മാറ്റിവയ്ക്കണം എന്ന ആവശ്യം ഇടതുമുന്നണിയില്‍ സജീവമായി.

നിരവധി പേരുടെ ജീവനെടുത്ത ഇടുക്കി ചീയപ്പാറ ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഉണ്ടാകാത്ത വിധമുള്ള മഴയും പ്രളയ ദുരന്തക്കാഴ്ചകളുമാണ് കേരളത്തില്‍. ഈ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും പാര്‍ട്ടിയും മുന്നണിയും സ്വന്തം നിലയ്ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും വേണം എന്ന ആവശ്യം സി.പി.എമ്മിലും ശക്തമായി.

ഈ സാഹചര്യത്തില്‍ സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള തുടര്‍ പ്രക്ഷോഭം കുറച്ചു ദിവസത്തേക്കു മാറ്റുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനുണ്ടായേക്കും. അതേസമയം, അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങാന്‍ ഇനിയും ആറ് ദിവസം കൂടി ബാക്കിയുള്ളതിനാല്‍ മഴയുടെയും അനുബന്ധ ദുരിതങ്ങളുടെയും അടുത്ത ദിവസങ്ങളിലെ ഗതി നോക്കിയിട്ട് തീരുമാനമെടുത്താല്‍ മതിയെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടി-മുന്നണി നേതൃതലത്തിലുണ്ട്. ഏ

തായാലും ജില്ലാ കമ്മിറ്റികള്‍ മുതല്‍ താഴോട്ടുള്ള ഘടകങ്ങള്‍ സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ എല്‍.ഡി.എഫ്. ഘടക കക്ഷികള്‍ അനൗപചാരിക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചു കുലുക്കുന്ന തുടര്‍ പ്രക്ഷോഭത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കീഴ് ഘടകങ്ങള്‍ തുടങ്ങിയിരുന്നത്.

ഓരോ ദിവസവും ഓരോ കമ്മിറ്റികള്‍ക്കാണ് ഉപരോധത്തിന് ആളുകളെ എത്തിക്കുന്ന ചുമതല നിശ്ചയിച്ചിരുന്നത്. ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളും അതാതു ജില്ലാ ഘടകങ്ങള്‍ക്കു കീഴിലുള്ള പോഷക സംഘടനകളും തങ്ങളുടെ ഘടകത്തില്‍ നിന്ന് ഉപരോധത്തിന് എത്തിക്കാനുള്ള ആളുകളുടെ എണ്ണം നിശ്ചയിച്ചു മേല്‍ഘടകത്തെ അറിയിക്കുകയും പ്രവര്‍ത്തകരെ എത്തിക്കാനുള്ള വാഹനം ബുക്ക് ചെയ്യുകയും ഉള്‍പെടെ ചെയ്തു കഴിഞ്ഞിരുന്നു. അതനിടയിലാണ് അപ്രതീക്ഷിതമായി പ്രളയ ദുരന്തമുണ്ടായത്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റും പ്രളയ സ്ഥലത്തെത്തുകയും സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. നാവിക, കരസേനകള്‍ ദുരന്ത സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് സര്‍ക്കാരിനെതിരായ സമര ഒരുക്കത്തില്‍ മുഴുകുന്നത് ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിഛായ ഉണ്ടാക്കും എന്നാണ് പാര്‍ട്ടി കരുതുന്നത്.

മുന്‍ കാലങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. ഇക്കുറി സര്‍ക്കാര്‍ മുമ്പില്ലാത്ത വിധം രൂക്ഷമായ പ്രതിസന്ധിയിലായിരിക്കെ, അതിനു ശക്തി കൂട്ടാന്‍ ഉദ്ദേശിച്ച് നടത്തുന്ന സമരം മാറ്റിവച്ചാല്‍ പിന്നീട് സമരം ക്ലച്ച് പിടിക്കുമോ എന്ന ആശയക്കുഴപ്പമാണു നേതൃത്വത്തിനു ബാക്കി.
പ്രളയ ദുരന്തത്തില്‍ രക്ഷപ്പെട്ട സര്‍ക്കാരിനു രക്ഷയായി CPM ഉപരോധം നീട്ടിവയ്ക്കാന്‍ നീക്കം

സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം ഞായറാഴ്ച അവസാനിപ്പിച്ചാണ് അനിശ്ചിതകാലം സെക്രട്ടേറിയറ്റ് ഉപരോധം ഉള്‍പെടെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ 11 വരെ സമരത്തിന്റെ പ്രചരാണാര്‍ത്ഥമുള്ള ജാഥകള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചിരുന്നു. അതും പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പലയിടത്തും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

Also read:
ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അക്രമികളെത്തിയ കാറിന്റെ നമ്പര്‍ വ്യാജം
Keywords: Solar Cheating Case, UDF Government, CPM, Strike, Rains landslides, CPM to change it's next step of agitation dates?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia