ഉപരോധം പിന്‍വലിച്ച രാഷ്ട്രീയ തന്ത്രം സി.പി.എം. തീരുമാനിച്ച് അറിയിച്ചിരുന്നു

 


തിരുവനന്തപുരം: ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം അനിശ്ചിതമായി നീട്ടാനാകില്ലെന്ന് സി.പി.എം. നേതൃത്വം പ്രധാന ഘടക കക്ഷി നേതാക്കളെ വ്യക്തമായി അറിയിച്ചിരുന്നുവെന്നു സൂചന. സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.എസ്.പി. നേതാവും മുന്‍ മന്ത്രിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുമായാണത്രേ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഇക്കാര്യം സംസാരിച്ചത്.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ ഉപരോധം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിലെ സംഘടനാപരമായ പരിമിതികളും നിയന്ത്രിക്കാനാകാതെ വന്നാലുള്ള സ്ഥിതിയുമല്ല നേതാക്കള്‍ ചര്‍ച്ച ചെയ്തത്. മറിച്ച്, ഭരണ സിരാകേന്ദ്രം ദിവസങ്ങളോളം അടച്ചിടാനാകാതെ സമ്മര്‍ദം മൂത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചുപോയാല്‍ ഇടതുമുന്നണിക്കു ഉണ്ടാകുന്ന 'രാഷ്ട്രീയ പരാജയ'ത്തെക്കുറിച്ചായിരുന്നു. മുഖ്യമന്ത്രി രാജിവച്ചാല്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം അതോടെ അവസാനിക്കും.

യു.ഡി.എഫില്‍ നേതൃമാറ്റമുണ്ടാവുകയും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുകയും ചെയ്യുന്നതോടെ അവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കടക്കും. അതിനു സാഹചര്യം ഉണ്ടാക്കുന്നതിനു പകരം മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി തന്നെ  ആരോപണ വിധേയനായി തുടരുകയും പ്രക്ഷോഭം പല രീതികളില്‍ നിലനിര്‍ത്താനാവുകയും ചെയ്താല്‍ ലോകസഭാ തെരഞ്ഞെടുപ്പുവരെ അതുകൊണ്ടുപോകാം എന്ന വ്യക്തമായ തീരുമാനമാണ് ഉണ്ടായത്.

എന്നാല്‍ അത് അനൗപചാരികമായി മാത്രമാണ് എടുത്തതെന്നു മാത്രം. ലോകസഭാ തെരഞ്ഞെടുപ്പുവരെ സോളാര്‍ പ്രശ്‌നവും അതില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണവും സജീവമായി നിലനിര്‍ത്തുക വഴി ഇടതുമുന്നണി സജീവമായിരിക്കുകയും യു.ഡി.എഫ്. മറ്റു പ്രശ്‌നങ്ങളിലേക്കു കടക്കാനാകാതെ നട്ടം തിരിയുകയും ചെയ്യുമെന്ന് ഇടതു നേതാക്കള്‍ കണക്കുകൂട്ടി. അതേസമയം, ഈതന്ത്രം അല്‍പം വൈകി തിരിച്ചറിഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ മാധ്യമങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താനുദ്ദേശിച്ച് പി.സി. ജോര്‍ജിനെതിരെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പരസ്യമായി തിരിഞ്ഞതെന്നും അറിയുന്നു.

ഉപരോധം നിര്‍ത്തിയതിനേക്കുറിച്ച് ഇടതുമുന്നണി ഏകോപന സമിതി യോഗത്തിലോ സി.പി.എം. സംസ്ഥാന നേതൃയോഗത്തിലോ മാത്രമല്ല സി.പി.എം. കേന്ദ്ര കമ്മിറ്റിയിലും വിമര്‍ശനങ്ങള്‍ ഉയരാതിരുന്നത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ഉപരോധം അവസാനിപ്പിച്ചത് എന്നതുകൊണ്ടാണ്.

എന്നാല്‍ പതിനായിരങ്ങള്‍ക്ക് ഭക്ഷണവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും മറ്റും ഒരുക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് ഇടതുമുന്നണി ഉപരോധം രണ്ടാം ദിവസം തന്നെ പിന്‍വലിച്ചത് എന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. മാത്രമല്ല, ഇത്രയധികം പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയാതെവന്നാല്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുമെന്നു സി.പി.എം. നേതൃത്വം ഭയപ്പെട്ടു എന്നുമുണ്ട് പ്രചാരണം.
ഉപരോധം പിന്‍വലിച്ച രാഷ്ട്രീയ തന്ത്രം സി.പി.എം. തീരുമാനിച്ച് അറിയിച്ചിരുന്നു

തങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ തന്ത്രം മറച്ചുവയ്്ക്കാന്‍ സി.പി.എം. തന്നെ നേരിട്ടല്ലാതെ പ്രചരിപ്പിക്കുന്നതാണ് ഇതെല്ലാമെന്നാണു സൂചന. സി.പി.എം. പോലെ സംസ്ഥാനതലത്തില്‍ സുസംഘടിതമായ സംഘടനാ സംവിധാനമുള്ള പാര്‍ട്ടിക്ക് സ്വന്തം പേരിലായാലും മുന്നണിയുടെ പേരിലായാലും പ്രക്ഷോഭം തീരുമാനിക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും മുന്‍കൂട്ടി കണ്ട് പരിഹരിക്കാന്‍ ശേഷിയുണ്ട്.

അതുകൊണ്ടുതന്നെ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ പ്രശ്‌നമായില്ല. ഓരോ ബ്രാഞ്ചില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ക്കും തിരിച്ചറിയല്‍ ബാഡ്ജ് നല്‍കുകയും അവരുടെ പേരും മറ്റു വിവരങ്ങളുമുള്‍പ്പെടുന്ന ലിസ്റ്റ് തയ്യാറാക്കുകയും ചെയ്താണ് ഉപരോധത്തിന് ആളെ എത്തിച്ചത്. ഓരോ ചെറു ഗ്രൂപ്പിനും ലീഡറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്ന് നുഴഞ്ഞുകയറ്റം സാധ്യമായിരുന്നുമില്ല.

Also read:
അസുഖം മൂലം യുവാവ് മരിച്ചു

Keywords:  Thiruvananthapuram, CPM, Secretariat, March, Protest, CPI, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia