മുസ്ലിം ലീഗിനു കാസര്‍കോട് ലോക്‌സഭാ സീറ്റ് കൂടി; വയനാട്ടില്‍ ഷാനവാസ് തന്നെ

 


തിരുവനന്തപുരം: വൈകാതെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടു സീറ്റുകൂടി ചോദിക്കുന്ന മുസ്ലിം ലീഗിന് കോണ്‍ഗ്രസ് കാസര്‍കോട് സീറ്റു നല്‍കി തൃപ്തിപ്പെടുത്തും. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. അതാകട്ടെ, ചന്ദ്രികയും വീക്ഷണവും രണ്ടുവശത്തും നിന്നുകൊണ്ട് പരസ്പരം നടത്തുന്ന വിഴുപ്പലക്കലിനു മുമ്പേതന്നെ ഉണ്ടായ ധാരണയാണു താനും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്ഥിരമായി തോല്‍ക്കുകയും സി.പി.എം. സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്യുന്ന സീറ്റായിട്ടും കാസര്‍കോട് മതിയെന്നു ലീഗ് സമ്മതിച്ചുവെന്ന് ഇപ്പോള്‍ തുറന്നു സമ്മതിക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറാകുന്നില്ലെങ്കിലും കാര്യങ്ങള്‍ അങ്ങനെതന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇത് വെളിവാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച വയനാടു സീറ്റ് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ്. അതുകൊടുക്കാന്‍ അവര്‍ തയ്യാറല്ല.

എന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും മലപ്പുറം ജില്ലയിലാണെന്നും അവ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് ആ സീറ്റിനു വേണ്ടി ലീഗ് കാര്യമായി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടുതരാനാകില്ലെന്നും അതിനു ഹൈക്കമാന്‍ഡും സമ്മതിക്കില്ലെന്നും വാദിച്ചാണ് ഇതിനെ കോണ്‍ഗ്രസ് മറികടന്നത്. മാത്രമല്ല, ലീഗുമായി മോശം ബന്ധത്തിലല്ലാത്ത മുസ്്‌ലിം എംപിയാണ് എം.ഐ. ഷാനവാസ് എന്നതിനാല്‍ അദ്ദേഹത്തിന് വീണ്ടും വിജയിക്കാന്‍ ആ സീറ്റ് കോണ്‍ഗ്രസ് തന്നെ കൈവശം വയ്ക്കുന്നതിനെ ശക്തമായി എതിര്‍ക്കാന്‍ ലീഗ് ശ്രമിച്ചുമില്ലത്രേ.

ഷാനവാസിന്റെ അശ്രാന്ത പരിശ്രമം ലീഗിന്റെ ഈ മയപ്പെടലിനു പിന്നിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പുറത്തായിരുന്ന കെ മുരളീധരന്‍ എന്‍.സി.പി. സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ഷാനവാസിനോടു പരാജയപ്പെട്ട സീറ്റാണിത്. ഇക്കുറി മുരളി കൂടി കോണ്‍ഗ്രസിനൊപ്പമുണ്ട് എന്ന ആത്മവിശ്വാസമാണ് ഷാനവാസിനുള്ളത്. അതിനിടയിലാണ് ലീഗ് വയനാടിനുവേണ്ടി അവകാശവാദമുന്നയിച്ചത്.

കാസര്‍കോട് സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കും എന്ന അവകാശവാദമാണ് ആ സീറ്റുകൊണ്ടു തൃപ്തിപ്പെടാന്‍ തയ്യാറായ പ്രമുഖ നേതാക്കള്‍ രണ്ടാം നിര നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍വച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാഹിദ കമാലാണ് കാസര്‍കോട്ട് മല്‍സരിച്ചത്. വന്‍ ഭൂരിപക്ഷത്തിനു സി.പി.എമ്മിലെ പി. കരുണാകരന്‍ വിജയിച്ചു.
മുസ്ലിം ലീഗിനു കാസര്‍കോട് ലോക്‌സഭാ സീറ്റ് കൂടി; വയനാട്ടില്‍ ഷാനവാസ് തന്നെ

ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട സ്ഥലത്ത് ലീഗിന്റെ പേരില്‍ മറ്റൊരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ രക്ഷപ്പെടുമോ എന്ന ചോദ്യത്തിനും ലീഗ് നേതാക്കള്‍ക്ക് ഉത്തരമുണ്ട്. സുന്നി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമായ കാസര്‍കോട്ട് സമുദായത്തിന്റെ പേരില്‍ ഒരു സ്ത്രീയെ മല്‍സരിപ്പിക്കുന്നതിനോട് അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും അതാണ് ഷാഹിദയ്‌ക്കെതിരെ മത്സരിച്ച കരുണാകരനു ഭൂരിപക്ഷം കൂടാന്‍ കാരണമെന്നും അവര്‍ വിശദീകരിക്കുന്നു.

മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലാണ് ലീഗ് ഇപ്പോള്‍ മല്‍സരിക്കുന്നത്. പൊന്നാനിയില്‍ അടുത്ത തവണയും ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. മലപ്പുറത്ത് ഇ. അഹ്മദ് വീണ്ടും മല്‍സരിക്കും. കാസര്‍കോട്ട് ആരായിരിക്കണം എന്ന അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബിന്റെ പേരാണ് ഏറ്റവുമധികം പരിഗണിക്കുന്നത് എന്നാണു സൂചന.

Also read:
കണ്‍മുന്നില്‍ ചേച്ചി റഫ്‌സീനയുടെ മരണം; വിശ്വസിക്കാനാവാതെ അനുജത്തി റിനുഷ

Keywords:  Kasaragod, Muslim-League, Congress, Lok Sabha, Election, Kerala, K. Karunakara, Shaidakamal, P.V. Abdul Vahab, M.I. Shanavas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia