ഒന്നു വെച്ചാല്‍ പത്തുകിട്ടും

 


കൂക്കാനം റഹ്‌മാന്‍

റിയാനുളള താല്‍പര്യം മനുഷ്യസഹജമാണ്. വിദ്യാഭ്യാസം മുഖേന ഒരു വ്യക്തി പല കാര്യങ്ങളെക്കുറിച്ചും അറിവ് സമ്പാദിക്കുന്നു. എല്ലാകാര്യങ്ങളെക്കുറിച്ചും അറിയാനുളള ജിജ്ഞാസ ഉണ്ടാകുന്നതും വിദ്യാഭ്യാസം ലഭിച്ചതുമൂലമാണ്. ഒരു കാലത്ത് ഏതറിവും സ്വായത്തമാക്കാനുളള അധികാരം ഉന്നത കുലജാതര്‍ക്കേ ഉണ്ടായിരുന്നുളളു. ക്രമേണ വ്യവസ്ഥമാറുകയും അറിവ് നേടാനുളള വഴികള്‍ സര്‍വ്വര്‍ക്കും തുറന്നു കിട്ടുകയും ചെയ്തു. എങ്കിലും ഇന്നും എല്ലാകാര്യങ്ങളും എല്ലാവര്‍ക്കും അറിയാനുളള അവകാശം ലഭ്യമായിട്ടില്ല.

ജനാധിപത്യ ഭരണ സംവിധാനം നിലവിലുളള ഇന്ത്യയില്‍ പോലും ഭരണ രംഗത്തെക്കുറിച്ചു സുതാര്യമായ രീതിയില്‍ ജനങ്ങള്‍ക്ക് അറിയാനുളള അവകാശം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. വ്യക്തികള്‍ക്ക് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അറിയാനുളള അവസരം വിവരാവകാശനിയമം വഴി ഇന്ന് സാധ്യമായിട്ടുണ്ട്. സര്‍ക്കാരുകള്‍ നിയമിക്കപ്പെടുന്ന ഉദ്യേഗസ്ഥരുടെ നടപടി ക്രമങ്ങളെക്കുറിച്ചും, അതിനായി ചെലവിടുന്ന സമ്പത്തിനെക്കുറിച്ചും, സാമ്പത്തിക സ്രോതസിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഈ നിയമം നടപ്പിലായതോടെ അറിയാനുളള അവസരം ലഭ്യമായിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ചും അവയുടെ സ്രോതസുകളെക്കുറിച്ചും അറിയാനും ജനത്തിന് അവകാശം വേണ്ടത് തന്നെയാണ്. അക്കാര്യം ബന്ധപ്പെട്ട കമ്മീഷനുകള്‍ അര്‍ത്ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ രാഷ്ട്രീയ കക്ഷികള്‍ക്ക് അതിനോട് യോജിപ്പില്ല. ഇന്ത്യന്‍ ജനത തൊണ്ണൂറ് ശതമാനവും ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെയായിരിക്കും. അത് കൊണ്ട് തന്നെ ജനത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിനെക്കുറിച്ചും അവരെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും അറിയാന്‍ പാടില്ലയെന്ന് ശഠിക്കുന്നത് ഔചിത്യമല്ല.

കക്ഷിരാഷ്ട്രീയക്കാരാണ് സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത്. പ്രസ്തുത സര്‍ക്കാരാണ് വകുപ്പുകളുണ്ടാകുന്നതും വകുപ്പുതലവന്മാരെയും ജീവനക്കാരെയും നിയമിക്കുന്നതും. ഓരോ വകുപ്പിലും നടക്കുന്ന സാമ്പത്തിക കാര്യങ്ങളും നടപടിക്രമങ്ങളും പൗരന് അറിയാന്‍ അവകാശം നല്‍കുന്നതും സര്‍ക്കാര്‍ തന്നെ. പിന്നെന്തുകൊണ്ട് ഭരണ പക്ഷത്തും, പ്രതിപക്ഷത്തും ഇരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം അറിയാനുളള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന രീതിയില്‍ പെരുമാറുന്നു?

ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്നില്‍ തുറന്നു പറയാറുണ്ട്. തങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് എപ്പോഴും വിളിച്ചു പറയുന്നുമുണ്ട്. പിന്നെന്തിനാണ് സാമ്പത്തിക സ്രോതസുകള്‍ വെളിപ്പെടുത്താന്‍ ഭയപ്പെടുന്നത്? പൊതുജനത്തിന് രാഷ്ട്രീയ കക്ഷികളെക്കുറിച്ച് ഒരു പൊതു ധാരണയുണ്ട്. വന്‍കിടമുതലാളിമാരുടെയും കോര്‍പറേറ്റുകളുടെയും സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ടാണ് പല രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതെന്ന്.

പ്രത്യേകിച്ച് തെരഞ്ഞെടുപ്പു വേളകളിലാണ് സാമ്പത്തികമായ സഹായം തേടി വന്‍കിടക്കാരെ രാഷ്ട്രീയക്കാര്‍ സമീപിക്കുന്നത്. അവര്‍ വാരിക്കോരികൊടുക്കാനും തയ്യാര്‍. 'ഒന്നു വെച്ചാല്‍ പത്തുകിട്ടും' എന്ന നാടന്‍ പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നതാണ് മുതലാളിമാരുടെ സമീപനം. ഈ കളളക്കളിയാണ് ജനത്തിനറിയേണ്ടത്. ഇതറിയിക്കില്ല എന്ന് വാശിയിലാണ് ഇന്ത്യയിലെ ദേശീയ അംഗീകാരം നേടിയ രാഷ്ട്രീയ പാര്‍ട്ടികള്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് വാരിക്കോരി ചെലവാക്കാന്‍ കിട്ടുന്ന സമ്പത്തും, അതിന്റെ ഉറവിടവും ജനങ്ങള്‍ അറിഞ്ഞാല്‍ അതവര്‍ സഹിക്കില്ല എന്നതിനാലാവാം രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ അവകാശം പൊതുജനത്തിന് അനുവദിക്കരുത് എന്ന് വാശിപിടിക്കുന്നത്. അസംബ്ലിയിലേക്ക് മല്‍സരിക്കുന്ന ഒരു വ്യക്തിക്ക് പതിനാറ് ലക്ഷവും പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്ന വ്യക്തിക്ക് നാല്‍പത് ലക്ഷവും ചെലവാക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അനുവാദം കൊടുക്കുന്നു. ഇതിനുപുറമേ എത്ര ലക്ഷങ്ങളും കോടികളുമാണ് വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ചെലവിടുന്നത്?
ഒന്നു വെച്ചാല്‍ പത്തുകിട്ടും

ജയിച്ചു കയറിയാല്‍ തങ്ങളെ ജയിക്കാന്‍ സഹായിച്ച വ്യക്തികളോടും പ്രസ്ഥാനത്തോടും കൂറുകാണിക്കുക സ്വാഭാവികം. അഴിമതി വളരുന്നത് ഈ വഴിയിലൂടെയാണ്. അതൊക്കെ ഒഴിവാക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് തങ്ങളുടെ വരവിനങ്ങളെക്കുറിച്ചും ചെലവിനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നത്.

*******************************************************
ക്രിമിനല്‍ കുറ്റവാളികളെയും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നിഷേധിക്കണമെന്നു സുപ്രീം കോടതിയുടെ വിധിയും ശ്ലാഘനീയമാണ്. ജനം എന്നും ആഗ്രഹിക്കുന്നത് കറകളഞ്ഞ വ്യക്തിത്വങ്ങള്‍ ജനാധ്യപത്യ സംവിധാനത്തിന്റെ ശ്രീകോവിലില്‍ എത്തിപ്പെടണമെന്നാണ്. കൊലപാതകികളും, സാമൂഹ്യ ദ്രോഹികളും ഗുണ്ടകളും ഭരണ തലപ്പത്തെത്തിയാല്‍ അവരുടെ തനിനിറം അവിടെയും വെളിവാക്കപ്പെടും.

ക്രിമിനല്‍ കുറ്റവാളികള്‍ ഭരണത്തിലേറിയാല്‍ അവരുടെ സമീപനങ്ങള്‍ പൊതുജനത്തിന് ഗുണകരമായിരിക്കയില്ല. സമൂഹം വെറുക്കപ്പെട്ട അത്തരം വ്യക്തിത്വങ്ങളെ അപഹാസ്യരായേ പൊതു ജനത്തിന് വീക്ഷിക്കാന്‍ പറ്റൂ. അവര്‍ നേടുന്ന വിജയവും വോട്ടര്‍മാരെ മുള്‍ മുനയില്‍ നിര്‍ത്തിയാവും. ഭയപ്പെടുത്തലുകളും ഭീഷണിയും ജനത്തിനു നേരെ പ്രയോഗിച്ച് ഭയന്നുവിറച്ച് വോട്ടു രേഖപ്പെടുത്തുകയാവും അറിവില്ലാത്തവരും, പാവങ്ങളുമായ വോട്ടര്‍മാര്‍.

മദ്യത്തിനും മയക്കുമരുന്നിനും അടിമയാകാത്ത, ലൈംഗികാപവാദങ്ങള്‍ക്ക് പാത്രമാകാത്ത, കൊളളയും കൊലയും നടത്താത്ത, ക്രീമിനല്‍ കേസുകളില്‍ അകപ്പെട്ടു പോകാത്ത നേതാവ് വേണം ഞങ്ങള്‍ക്ക് എന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. സുഖസുന്ദരമായി രാജകീയ പ്രൗഢിയില്‍ ജീവിച്ചു വരുന്നവരും ഭരണതലത്തില്‍ എത്തിപ്പെടരുത്. നിര്‍ഭാഗ്യവശാല്‍ മുകളില്‍ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ടവരാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മല്‍സരിച്ച് അധികാര കേന്ദ്രങ്ങളിലെത്തുന്നത്. ഇത്തരക്കാര്‍ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ രാജ്യപുരോഗതിയല്ല അവരുടെ മുന്തിയ പരിഗണന. മറിച്ച് സ്വാര്‍ത്ഥപൂരണത്തിന് അധികാരത്തിന്റെ ഏതു വഴിയും സ്വീകരിക്കുകയെന്നതാവും.

ക്രിമിനല്‍ കേസു പ്രതികളെയും, തടവുകാരെയും മല്‍സരിപ്പിക്കരുത് എന്ന അവസ്ഥ വന്നാലുളള ഒരു പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ ഏതെങ്കിലും തരത്തില്‍ കേസില്‍ പ്രതിയാക്കാനോ, കുറ്റവാളിയാക്കാനോ പരസ്പരം ശ്രമിക്കില്ലേ എന്നൊരു സംശയമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. സംശുദ്ധമായ ഒരു വ്യക്തി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുകയാണെങ്കില്‍, ആ വ്യക്തിയെ കുറ്റവാളിയാക്കാന്‍ ആര്‍ക്കും കഴിയില്ല. അഥവാ കുറ്റവാളിയാക്കി കളളക്കേസുണ്ടാക്കി കുടുക്കുകയാണെങ്കില്‍ ജനം അത് തിരിച്ചറിയുക തന്നെ ചെയ്യും.

ജനാധിപത്യ വിജയത്തിന് ഇത്തരം ചില സമീപനങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമാവും. ഏത് നടപടി ക്രമത്തിനും, നിയമത്തിനും പ്രയാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ ഭയന്ന് നന്മയുടെ വാതായനങ്ങളെ കൊട്ടിയടക്കപ്പെടുന്നത് ശ്രദ്ധിച്ചു വേണം.
ഒന്നു വെച്ചാല്‍ പത്തുകിട്ടും
Kookkanam Rahman
(Writer)

രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗങ്ങളും ആസ്തികളും എത്രയാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതും ഏറ്റവും സംശുദ്ധമായ വ്യക്തിത്വങ്ങളെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുന്നതും പൊതുജനത്തിന് രാഷ്ട്രീയ പാര്‍ട്ടികളോടും നേതൃത്വത്തോടും ഉളള ആദരവ് വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.

Keywords: Education, Article, Kookkanam Rahman, Political Party, Election, Government, Parliament, Candidate, Election Commission, Party, Assembly, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia