ഉപരോധ സമരം നിര്‍ത്തിയതോ, നിര്‍ത്തിപ്പിച്ചതോ; മധ്യസ്ഥന്‍ ആര് ?

 


സമീര്‍ ഹസന്‍

മ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയിട്ടേ തിരിച്ച് നാട്ടിലേക്കുള്ളൂ എന്ന് വീരവാദം മുഴക്കി അനന്തപുരിയിലേക്ക് വണ്ടികയറിയ സഖാക്കളെല്ലാം ഒന്നരദിവസം കൊണ്ട് സമരം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അങ്ങനെ തിരിച്ചെത്തിയ സമര ഭടന്‍മാര്‍ക്കെല്ലാം റെയില്‍വേ സ്‌റ്റേഷനുകളിലും കവലകളിലും പാര്‍ട്ടി ഓഫീസുകളിലും സ്വീകരണം നല്‍കുന്ന തിരക്കാണിപ്പോള്‍. അതിനു പുറമെ സമരം വിജയച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ നാടാകെ ഇടതന്‍മാരുടെ പ്രകടനങ്ങളും നടന്നുവരുന്നു. വനിതകളും കരുത്ത് കാട്ടാന്‍ രംഗത്തുണ്ട്.

എന്നാല്‍ സമരം എങ്ങനെ വിജയിച്ചുവെന്ന സംശയം പൊതുജനത്തിന് മാത്രമല്ല, പാര്‍ട്ടി നേതാക്കള്‍ ഉള്‍പെടെയുള്ള ഭൂരിപക്ഷത്തിനുമുണ്ട്. അപ്പോള്‍ പിന്നെ അണികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ! ചായക്കടകളിലും നാലാള്‍ കൂടിന്നിടത്തുമെല്ലാം ഇടതന്‍മാര്‍ സമരം മതിയാക്കിയതിനെ കുറിച്ചാണ് ചര്‍ച്ച. യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോഴും ഭരിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പെടുന്നുമില്ല. പിന്നെങ്ങിനെയാണ് ഇടതുസമരം വിജയിച്ചത് ?

സമരം പ്രഖ്യാപിക്കുമ്പോഴും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധിക്കുമ്പോഴും ഉണ്ടായിരുന്ന ആവേശം മണിക്കൂറുകള്‍ക്കകം വി.എസിനും പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും കോടിയേരിക്കും എളമരം കരീമിനും, തോമസ് ഐസകിനും ടി.ജെ ചന്ദ്രചൂഢനും മറ്റും എങ്ങനെ ചോര്‍ന്നുപോയി?

ഉപരോധ സമരം നിര്‍ത്തിയതോ, നിര്‍ത്തിപ്പിച്ചതോ; മധ്യസ്ഥന്‍ ആര് ?
ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി ഭരണാധികാരിയെ പുറത്താക്കിയ മുല്ലപ്പൂ വിപ്ലവത്തോടാണ് ചിലരെങ്കിലും സെക്രട്ടേറിയറ്റ് ഉപരോധത്തെ വിശേഷിപ്പിച്ചത്. ഉപരോധം നടക്കുമ്പോഴും മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ പോവുകയും യോഗം ചേരുകയും തിരിച്ച് പൂപോലെ പുറത്തുവരികയും ചെയ്തു. രണ്ടാം ദിവസം സമരം ശക്തമാക്കുമെന്ന് സര്‍ക്കാര്‍ കരുതിയെങ്കിലും സമരക്കാര്‍ക്ക് ആത്മവിശ്വാസം തലേന്ന് രാത്രി പെയ്ത മഴയിലും തിരുവനന്തപുരത്തെ കൊതുക് കടിയിലും നഷ്ടപ്പെട്ടുപോയിരുന്നു.

സമരം ശക്തമാകുമെന്ന് കരുതിയ സര്‍ക്കാര്‍ ഒരു സൂത്രം പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് ചൊവ്വാഴ്ചയും ബുധനാഴ്ചയും അവധി നല്‍കി. വ്യാഴാഴ്ചയാണെങ്കില്‍ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പൊതു അവധിയുമുണ്ട്. അതിനിടെ സമരക്കാര്‍ പൊടിയുംതട്ടി വന്ന സ്ഥലത്തേക്ക് തന്നെ പോകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായി. ആ ഐഡിയ ഉമ്മന്‍ചാണ്ടിക്ക് പറഞ്ഞുകൊടുത്തത് കുഞ്ഞാലിക്കുട്ടിയാണെന്നാണ് അണിയറ സംസാരം.

മുഖ്യമന്ത്രിയുടെ തലയിലുദിക്കാത്ത ആശയം കുഞ്ഞാലിക്കുട്ടിയുടെ കഷണ്ടികയറിയ തലയിലുദിച്ചതിനെ യു.ഡി.എഫുകാര്‍ പ്രശംസിക്കുന്നതും കേട്ടിട്ടുണ്ട്. ഇതിനിടെ സമരം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ സര്‍ക്കാര്‍ പ്ലാന്‍ ചെയ്തതുമാണ്. സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഒരുമാസം മുമ്പ് തന്നെ പറഞ്ഞിരുന്നു. ഈ വാര്‍ത്ത ദേശാഭിമാനിയില്‍ ( ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് കെ സി ജോസഫ്‌) പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായശേഷം വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം ആവാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നായിരുന്നു ജോസഫ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നു. അപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം എന്നത് സര്‍ക്കാര്‍ ഒരുമാസം മുമ്പ് തന്നെ തീരുമാനിച്ചതെന്നത് പകല്‍ പോലെ സത്യമാണ്. ഈ പറഞ്ഞതല്ലാതെ ഉമ്മന്‍ചാണ്ടി പുതുതായി വല്ലതും പറഞ്ഞതായി  പുറത്തുവന്നിട്ടുമില്ല.

ഉപരോധ സമരം നിര്‍ത്തിയതോ, നിര്‍ത്തിപ്പിച്ചതോ; മധ്യസ്ഥന്‍ ആര് ?
മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയെന്ന് തോന്നിപ്പിക്കും വിധത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെ വിജയമായി ചിത്രീകരിച്ച് പ്രതിപക്ഷം ഉപരോധ സമരം അവസാനിപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രി രാജിവെച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഉപരോധത്തിനിറങ്ങിയ പ്രതിപക്ഷത്തിന് ലക്ഷ്യത്തിന്റെ പകുതി തൃപ്തി മാത്രം നേടി സമരം അവസാനിപ്പിക്കേണ്ടിയും വന്നു. അതിനിടെ വീണിടത്തുനിന്നും മൂക്ക് മേലോട്ട് എന്ന ചൊല്ല് പോലെ മുഖ്യമന്ത്രിയുടെ രാജി എന്ന പല്ലവി പ്രതിപക്ഷം തുടരുന്നുമുണ്ട്. എങ്കിലും അണികള്‍ അത് വിശ്വസിക്കുകയോ, അതില്‍ തൃപ്തരാവുകയോ ചെയ്യുന്നില്ല.

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് തന്നെ ഉപരോധക്കാരെ കയ്യിലെടുക്കാന്‍ ഒത്തുതീര്‍പ് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവത്രെ. സിറ്റിംഗ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞദിവസം തന്നെ ഉന്നതതലങ്ങളില്‍ തീരുമാനവുമെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രിമാരുടെയും കക്ഷിനേതാക്കളുടെയും അടിയന്തിര യോഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന് അതിന് അംഗീകാരം നല്‍കുകയായിരുന്നു. പ്രതിപക്ഷം സമരം അവസാനിപ്പിച്ചാല്‍ മാത്രം അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ധാരണ. തീരുമാനങ്ങള്‍ ഉടന്‍ സി.പി.എം നേതാക്കളെ അറിയിച്ചെങ്കിലും അവര്‍ ആദ്യം അന്വേഷണം പ്രഖ്യാപിക്കണമെന്ന് മേനി പറഞ്ഞു. എന്നാല്‍ സമരം പിന്‍വലിക്കും മുമ്പ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സന്നദ്ധത വിശ്വസ്തരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിക്കുകയും അത് പ്രതിപക്ഷത്തിന് സ്വീകാര്യമാവുകയും ചെയ്തുവെന്നാണ് പൊതുവെ പറയപ്പെടുന്നത്.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പറഞ്ഞത് കേട്ടപാതി, കേള്‍ക്കാത്ത പാതി പ്രതിപക്ഷം പായയും തലയണയും ചുരുട്ടി കെട്ടി, ചട്ടിയും കലവുമെടുത്ത് കിട്ടിയ വണ്ടിക്ക് സീറ്റ് പിടിക്കുകയായിരുന്നു. ഇനിയും സമരം തുടര്‍ന്നിരുന്നുവെങ്കില്‍ പല വയസന്‍ സഖാക്കന്‍മാര്‍ക്കും, പ്രഷറും, ഷുഗറും കൂടി ആശുപത്രിയില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ പരിഹസിക്കുന്നത്. അതിനിടെ സെക്രട്ടേറിയറ്റ് പരിസരം മലമൂത്ര വിസര്‍ജനങ്ങള്‍ കൊണ്ട് ദുര്‍ഗന്ധ പൂരിതമായതായും അവര്‍ ആക്ഷേപിക്കുന്നു.

ഉപരോധ സമരം നിര്‍ത്തിയതോ, നിര്‍ത്തിപ്പിച്ചതോ; മധ്യസ്ഥന്‍ ആര് ?പണ്ടൊരു മരുമകന്‍ ഭാര്യാ ഗൃഹത്തിലേക്ക് വിരുന്നിന് പോയ കഥ ഇതിനോടൊപ്പം ചേര്‍ക്കാനും ചില രസികന്‍മാര്‍ ആവേശം കാട്ടുന്നു. മരുമകന്‍ നട്ടുച്ചയ്ക്കാണ് ഭാര്യാ ഗൃഹത്തിലെത്തിയത്. അമ്മായി കഞ്ഞികുടിക്കാന്‍ പറഞ്ഞെങ്കിലും, നല്ല വിശപ്പും ദാഹവും ഉണ്ടെങ്കിലും പൊങ്ങച്ചക്കാരനായ മരുമകന്‍ താന്‍ മൂക്കുമുട്ടെ ചോറുകഴിച്ചിട്ടാണ് വരുന്നതെന്നും ഒന്നും വേണ്ടെന്നും പറഞ്ഞു. അമ്മായി പലതരം കറികളുടെ പേര് പറഞ്ഞ് നിര്‍ബന്ധം തുടര്‍ന്നെങ്കിലും മരുമകന്‍ അയഞ്ഞില്ല. ഒടുവില്‍ നല്ല മോരുണ്ടെന്ന് അമ്മായി പറയേണ്ടതാമസം എങ്കില്‍ കഞ്ഞികൊണ്ടുവാ എന്നായി മരുകന്‍. ഈ അവസ്ഥയാണ് സമരം അവസാനിപ്പിച്ച ഇടതുമുന്നണിയുടേതെന്നാണ് അവര്‍ പറയുന്നത്.

ഉപരോധ സമരം നിര്‍ത്തിയതോ, നിര്‍ത്തിപ്പിച്ചതോ; മധ്യസ്ഥന്‍ ആര് ?ഇതിനിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലും സമരത്തിനും ഭരണത്തിനും ഇടയിലും മധ്യസ്ഥന്റെ റോള്‍ വഹിച്ചത് ആരാണെന്നതും എന്താണ് ഒത്തുതീര്‍പ് നിബന്ധനകളെന്നതും സംബന്ധിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് മാധ്യമങ്ങളിലും ജനങ്ങളുടെ ചര്‍ച്ചകളിലും വന്നുകൊണ്ടിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞതുകൊണ്ടാണ് സമരം പിന്‍വലിച്ചതെന്നാണ് പ്രചരണങ്ങളിലെ ഒരിനം. കുഞ്ഞാലിക്കുട്ടി, കണ്ണൂരിലെ കൊലപാതകങ്ങള്‍, ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, ചില അഴിമതിക്കഥകള്‍ എന്നിവയും ഒത്തുതീര്‍പ് വ്യവസ്ഥകളില്‍ ഉണ്ടെന്നും പറയുന്നു. ഇവിടെ ആരാണ് ജയിച്ചത്, ആരാണ് തോറ്റത് എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം പറയാന്‍ പൊതുജനങ്ങള്‍ക്ക് പറ്റുന്നില്ലെങ്കിലും തോറ്റത് ഞങ്ങള്‍ തന്നെയാണെന്ന് ഇരുപക്ഷത്തിലുമുള്ള വോട്ടര്‍മാരായ ജനങ്ങള്‍ സംശയമേതുമില്ലാതെ പറയുന്നു. പുലിപോലെ തിരുവനന്തപുരത്ത് പോയ സമര സഖാക്കള്‍ എലി പോലെയാണ് മടങ്ങിവന്നത്. മഴപോലെ വന്നത് മഞ്ഞുപോലെ ആവുകയും ചെയ്തു.

എന്തായാലും വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയുടെ ചാണക്യ തന്ത്രമാണ് പ്രതിപക്ഷത്തെ തളയ്ക്കാന്‍ ഭരണപക്ഷത്തിന് തുണയായതെന്ന് ഇരുപക്ഷത്തിലും പെട്ട ജനങ്ങള്‍ പൊതുവെ വിശ്വസിക്കുന്നു. ആ തന്ത്രം എന്താണെന്നും ഏത് അപ്പക്കഷ്ണം കണ്ടിട്ടാണ് പ്രതിപക്ഷത്തിന്റെ ശൗര്യം ചോര്‍ന്നുപോയതെന്നും ഇനിയും പുറത്തുവരാനിരിക്കുന്ന സംഗതികളാണ്. അതിനിടെ പ്രമുഖ ഗള്‍ഫ് വ്യവസായി എം.എ യൂസുഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പായതെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. ഇടതുപക്ഷം നടത്തിയത് ഉപരോധ സമരമല്ല, ഒത്തുകളി സമരമാണെന്നും അദ്ദേഹം പരിഹസിക്കുകയുണ്ടായി. ഇടതു നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, കെ.ഇ ഇസ്മാഈല്‍, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരാണ് ഒത്തുതീര്‍പ് ചര്‍ചയില്‍ പങ്കെടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്.

ഒത്തുതീര്‍പ് വ്യവസ്ഥ എന്തുതന്നെയായാലും ഇടതുമുന്നണിയുടെ സമരാഭാസം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ ഭരണ പ്രതിസന്ധി മറികടക്കാനുള്ള നൈപുണ്യവും. സത്യം, അതെന്തായാലും പുറത്തുവരാതിരിക്കില്ല.

Related News: 
ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചു
Also Read: 
'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....

Keywords:  Oommen Chandy, LDF, Protest, Secretariat, Kunhalikutty, Pinarayi vijayan, Lavalin-case, Resignation, Chief Minister, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia