താക്കീത്, മുന്നറിയിപ്പ്; ഉപരോധം അവസാനിപ്പിച്ചതിനെച്ചൊല്ലി കഥകളേറെ

 


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഒന്നര ദിവസമായപ്പോള്‍ പിന്‍വലിച്ചതിനെക്കുറിച്ച് തലസ്ഥാനത്തെ രാഷ്ട്രീയ, മാധ്യമ ഉപശാലകളില്‍ 'കഥ'കളേറെ. പാതി സത്യങ്ങളും ഊഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കുന്നതില്‍ സി.പി.എം. നേതൃത്വം അസ്വസ്ഥമാണെന്നും വിവരമുണ്ട്.

പാതി സത്യം മാത്രമുള്ള കഥകളുടെ മുഴുവന്‍ സത്യവും അന്വേഷിച്ച് ചില മാധ്യമ പ്രവര്‍ത്തകരും രണ്ടാം നിര രാഷ്ട്രീയ നേതാക്കളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിന്റെയും ഉപരോധം പൊടുന്നനെ അവസാനിപ്പിച്ചതിന്റെയും പിന്നാമ്പുറക്കഥകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും.

സി.എം.പി. നേതാവ് അരവിന്ദാക്ഷനും ആര്‍.എസ്.പി.- ബി. നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണും മധ്യസ്ഥരായി നടത്തിയ ഒത്തുതീര്‍പ്പു ശ്രമത്തെക്കുറിച്ചാണ് ഏറ്റവും ശക്തമായ അഭ്യൂഹം. മധ്യസ്ഥ ചര്‍ച്ചകള്‍ സി.പി.എം. നേതാക്കളുമായിട്ടായിരുന്നുവെന്നും അതില്‍ ഇടതുമുന്നണി ഘടക കക്ഷികള്‍ക്ക് റോളൊന്നുമുണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കാതെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന നിലപാടാണ് തുടക്കത്തില്‍ സി.പി.എം. നേതൃത്വം സ്വീകരിച്ചത്.

അതുകൊണ്ടാണ്, മുഖ്യമന്ത്രിയുടെ രാജിയില്ലാതെ സമരം തീരില്ലെന്നു കോടിയേരി ബാലകൃഷ്ണനും രാജിവയ്ക്കാതെ ഉപരോധം പിന്‍വലിക്കുന്ന കാര്യം പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ടി.എം. തോമസ് ഐസക്കും ചൊവ്വാഴ്ച രാവിലെയും പറഞ്ഞത്. അതുവരെയുള്ള കാര്യങ്ങള്‍ക്കു ശേഷം എന്തു സംഭവിച്ചു എന്നതിനെച്ചൊല്ലിയാണ് അഭ്യൂഹങ്ങളും കഥകളും പെരുകുന്നത്.

താന്‍ രാജിവച്ചാല്‍ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരുമെന്നും കെ. സുധാകരന്‍ ഉള്‍പ്പെടുന്ന ഐ ഗ്രൂപ്പിനു പോലീസിന്റെ നിയന്ത്രണം ലഭിക്കുന്നത് സി.പി.എമ്മിനു നന്നായിരിക്കുമോ എന്ന് ആലോചിക്കണം എന്നും മുഖ്യമന്ത്രി മധ്യസ്ഥര്‍ മുഖേന ചോദിച്ചു എന്നാണ് പ്രബലമായ പ്രചാരണം.

സി.പി.എമ്മുമായി മുഖാമുഖം കടുത്ത വൈരത്തിലുള്ള കെ. സുധാകരന്‍ പോലീസിനെ ഉപയോഗിച്ചു കണ്ണൂരിലെ സി.പി.എം. നേതാക്കളെ വേട്ടയാടുമെന്നും അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പോലെ പലതും തോണ്ടി പുറത്തിടുമെന്നും മുഖ്യമന്ത്രി താക്കീതിന്റെ സ്വരത്തില്‍ അറിയിച്ചത്രേ. അതോടെയാണ്, മുഖ്യമന്ത്രി രാജിവച്ചില്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉപരോധം പിന്‍വലിക്കാം എന്നു സി.പി.എം. നേതൃത്വം തീരുമാനിച്ചത്. പിന്നീടത് ആദ്യം സി.പി.ഐ. നേതാക്കളുമായും തുടര്‍ന്ന് മറ്റു ഘടക കക്ഷി നേതാക്കളുമായും പങ്കുവച്ചു. അതാകട്ടെ, ആലോചനയായിരുന്നില്ലെന്നും തീരുമാനം സി.പി.എം. നേതാക്കള്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്.
താക്കീത്, മുന്നറിയിപ്പ്; ഉപരോധം അവസാനിപ്പിച്ചതിനെച്ചൊല്ലി കഥകളേറെ

സമരം അധികം നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് സി.പി.എം. നേതൃത്വത്തിനു വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നാല്‍, പാര്‍ട്ടിക്ക് ഇപ്പോഴും പതിനായിരങ്ങളെ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ശേഷിയുണ്ടെന്നു സ്വയം ബോധ്യപ്പെടാനാണ് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചത് എന്നുമാണ് മറ്റൊരു പ്രചാരണം. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം രാഷ്ട്രീയമായും സംഘടനാപരമായും വലിയ പ്രതിസന്ധി നേരിട്ട സി.പി.എം. സോളാര്‍ സമരത്തിലൂടെ ആ പ്രതിസന്ധി മറികടക്കാനാണു ശ്രമിച്ചത് എന്നും അതില്‍ അവര്‍ വിജയിച്ചുവെന്നുമാണ് പോലീസ് തലത്തിലെയും വിലയിരുത്തല്‍.

Also read:
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Keywords:  Thiruvananthapuram, Protesters, CPM, UDF, Chief Minister, Kerala, Shibu Baby John, Secretariat Protest, What's Behind the CPM Decision on Immediate Withdrawal..?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia