ശഫ്‌ന വധക്കേസ്: അഫ്‌സല്‍ കുവൈത്തില്‍ കസ്റ്റഡിയിലായി; ചൊവ്വാഴ്ച കേരളത്തിലെത്തിക്കും

 


കുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ശഫ്‌ന വധക്കേസിലെ പ്രതി അഫ്‌സല്‍ പിടിയില്‍. കുവൈത്ത് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കേരളത്തില്‍ കൊണ്ടുവരാന്‍ കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ലോറന്‍സ്, തലശ്ശേരി സി.ഐ വി.കെ. വിശ്വംഭരന്‍ എന്നിവര്‍ കഴിഞ്ഞദിവസമാണ് കുവൈത്തിലെത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങി. ചൊവ്വാഴ്ച കേരളത്തിലെത്തിക്കും.

ശഫ്‌ന വധക്കേസ്: അഫ്‌സല്‍ കുവൈത്തില്‍ കസ്റ്റഡിയിലായി; ചൊവ്വാഴ്ച കേരളത്തിലെത്തിക്കും
Shafna
ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ടുള്ള അഫ്‌സലിനെ  മൂന്നാഴ്ച മുമ്പാണ് കുവൈത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് അറസ്റ്റ് ചെയ്തത്.  ശഫ്‌ന വധക്കേസിന്റെ  വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ അഫ്‌സല്‍ പിന്നീട്  മുങ്ങുകയായിരുന്നു.

തുടര്‍ന്ന്   വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തില്‍ കടന്ന അഫ്‌സല്‍ അവിടെ സഹോദരീ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള  ജലീബ് അല്‍ ശുയൂഖിലെ ഇന്റര്‍നെറ്റ് കഫേയില്‍ ജോലി നോക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പുവരെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍ ഇന്റര്‍പോള്‍ തേടുന്ന പ്രതിയാണെന്ന് ഗള്‍ഫ് മാധ്യമത്തിലൂടെ എല്ലാവരും അറിയാനിടയായതോടെ അവിടെ നിന്നും മുങ്ങി  മറ്റൊരു
സ്ഥാപനത്തില്‍ ജോലിക്കുകയറി.

എന്നാല്‍ അഫ്‌സല്‍ വ്യാജ പാസ്‌പോര്‍ട്ടിലാണ് കുവൈത്തിലെത്തിയതെന്നും ഇന്റര്‍പോള്‍ തേടുന്ന പ്രതിയാണെന്നും അറിയാനിടയായ സ്‌പോണ്‍സര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് പോലീസ് അഫ്‌സലിനെ അറസ്റ്റ് ചെയ്തത്.

സാല്‍മിയയിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ആസ്ഥാനത്ത് കസ്റ്റഡിയില്‍ കഴിഞ്ഞ അഫ്‌സലിനെ വിട്ടുകിട്ടാനാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം കുവൈത്തിലെത്തിയത്.

തലശ്ശേരി ചിറക്കര കെ.ടി.പി മുക്ക് പുല്ലമ്പില്‍ റോഡ് 'ശഫ്‌നാസി'ല്‍ പി.കെ. സമ്മൂട്ടിയുടെയും ജമീലയുടെയും മകളായ ശഫ്‌നയെ (18) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തലശ്ശേരി ചിറക്കര മോറക്കുന്ന് 'തൗഫീഖ് മന്‍സിലി'ല്‍ അഫ്‌സല്‍ (32). 2004 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 തലശ്ശേരി ക്രൈസ്റ്റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശഫ്‌നയെ അഫ്‌സല്‍ പ്രണയാഭ്യര്‍ത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ശഫ്‌ന പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ
തുടര്‍ന്ന് അഫ്‌സല്‍  ശഫനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവ ദിവസം കോളജില്‍  നിന്നും ഒട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശഫ്‌നയെ  അഫ്‌സല്‍ പിന്തുടരുകയും വീട്ടുമുറ്റത്ത് വെച്ച് മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് കൊടുവാള്‍ കൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം  ഒളിവില്‍ പോയ പ്രതിയെ പിറ്റേന്ന് തന്നെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ശഫ്‌ന വധക്കേസ്: അഫ്‌സല്‍ കുവൈത്തില്‍ കസ്റ്റഡിയിലായി; ചൊവ്വാഴ്ച കേരളത്തിലെത്തിക്കും
Afsal
എന്നാല്‍ കേസിന്റെ വിചാരണക്കിടെ തലശ്ശേരി കോടതിയില്‍നിന്ന് ജാമ്യം നേടിയ അഫ്‌സല്‍ 2005 ജൂലൈ അഞ്ചിന് ബംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് താജ് പാഷ ഖാന്‍ എന്ന പേരില്‍  എഫ് 3901333 നമ്പര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കുകയായിരുന്നു. ജാമ്യം നല്‍കുമ്പോള്‍ അഫ്‌സലിന്റെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അഫ്‌സലിനെ പിടികൂടുന്നതിന് ശഫ്‌നയുടെ പിതാവ് സമ്മൂട്ടി കഴിഞ്ഞ എട്ടു വര്‍ഷമായി  അഫ്‌സലിനെ കുവൈത്തില്‍ കണ്ടെത്താനായി പോരാട്ടം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഇതു സംബന്ധിച്ച് നിരന്തരം പരാതികള്‍ നല്‍കിയിട്ടും പ്രയോജനം ഉണ്ടായിരുന്നില്ല. ഒടുവില്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇതുസംബന്ധിച്ച്  പരാതി നല്‍കുകയും  അദ്ദേഹത്തിന്റെ ഇടപെടലോടെ കേസ് ഇന്റര്‍പോളിന് കൈമാറുകയായിരുന്നു.


Keywords:  Shafna murder case, Afsal, Police,Arrest, Custody, Parents,Complaint, House, Passport,Student,Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia