പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്

 


കൂക്കാനം റഹ്‌മാന്‍

പ്രണയപാഠം പഠിക്കേണ്ടത് കാഞ്ചനമാലയില്‍ നിന്നാണ്. എന്റെ സുഹൃത്തും സഹ പ്രവര്‍ത്തകയുമാണ് കാഞ്ചന മാല എന്ന കാഞ്ചന കൊറ്റങ്ങള്‍. സംസ്ഥാന തലത്തില്‍ നടന്ന നിരവധി സെമിനാറുകളിലും, പ്രവര്‍ത്തക യോഗങ്ങളിലും ഞങ്ങള്‍ പങ്കാളികളായിട്ടുണ്ട്. മിക്കപ്പോഴും ശുഭ്രവസ്ത്രധാരിയായേ കാണൂ. സാരിത്തുമ്പിനാല്‍ തലമറച്ചാണിരിപ്പ്. യോഗങ്ങളിലും മറ്റും പിന്‍ സീറ്റില്‍ നിശബ്ദയായി- സശ്രദ്ധമായി കാര്യങ്ങള്‍ കേട്ടും പഠിച്ചും ഇരിക്കുന്ന ചിത്രമാണ് കാഞ്ചനയെക്കുറിച്ച് എന്റെ മനസില്‍.
രണ്ടോ മൂന്നോ തവണ തമ്മില്‍ കണ്ടപ്പോഴൊന്നും വ്യക്തി പരമായ കാര്യം സംസാരിച്ചില്ല. പിന്നെ പിന്നെ കാഞ്ചന ഉളളൂതുറന്നു. അവരുടെ പ്രണയ ജീവിതത്തിന്റെ താളുകള്‍ പതുക്കെ പതുക്കെ പങ്കുവെച്ചു. മുക്കത്തെ പ്രസിദ്ധവും സമ്പന്നവുമായ തീയ്യത്തറവാട്ടിലെ കൊറ്റല്‍ അച്യുതന്റെ മകളാണ് കാഞ്ചന. അവളെ പ്രേമിച്ചതോ ബി.പി. ഉണ്ണിമോയി എന്ന പ്രതാപശാലിയായ ബാപ്പയുടെയും കൊടിയത്തൂര്‍ അംശം അധികാരി കുട്ടിഹസന്റെ മകളായ ഫാത്വിമയുടെയും മകനായ പി.പി. മൊയ്തീനാണ്.

പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്
രണ്ടും ഉന്നതസ്ഥാനീയര്‍. പക്ഷെ അവര്‍ ഹിന്ദുവും മുസന്‍മാനുമാണ്. അവിടെ പ്രശ്‌നം ആരംഭിക്കുന്നു. അതുകൊണ്ടു തന്നെ അവരുടെ പ്രണയത്തിന് കുറുകെ മതിലുകെട്ടിയത് രണ്ടു മതങ്ങളാണ്. കാഞ്ചന രണ്ടു പതിറ്റാണ്ടോളം വീട്ടു തടങ്കലിലായി. തടങ്കലിലിട്ടാല്‍ പ്രണയം കെട്ടടങ്ങുമെന്ന് കരുതിയ കാഞ്ചനയുടെ വീട്ടുകാര്‍ക്ക് തെറ്റു പറ്റി. ജീവന്‍ പോയാലും പ്രണയത്തില്‍ നിന്ന് വേര്‍ പിരിയില്ലെന്ന് കാഞ്ചന തീരുമാനിച്ചു. മൊയ്തീന് വേണ്ടി എത്രകാലം കാത്തിരിക്കാനും അവള്‍ തയ്യാറായി.

പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്
Kanjana
ഇതാണ് പ്രണയം. മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രണയത്തിന് തടസമായില്ല. പീഡനങ്ങളും, ഏകാന്തതടവറയും പ്രണയസാഫല്യത്തിനു മുന്നില്‍ തോറ്റു. ഇന്നത്തെ പോലെ മൊബൈല്‍ പ്രണയവും മിസ്ഡ് കോള്‍ പ്രണയവുമൊന്നുമല്ലായിരുന്നു കാഞ്ചന-മൊയതീന്‍ പ്രണയം. പക്ഷേ അവര്‍ ബന്ധുജനങ്ങളുടെ കണ്ണു വെട്ടിച്ച് പ്രണയ സല്ലാപങ്ങള്‍ കൈമാറി. അതിനു വേണ്ടി മാത്രം പുതിയ ആശയവിനമയ ടെക്ക്‌നിക്ക് അവര്‍ ഉണ്ടാക്കിയെടുത്തു. അവര്‍ക്കുമാത്രം അറിയുന്ന കോഡ് ഭാഷയില്‍ ഹൃദയാഭിലാഷങ്ങള്‍ പരസ്പരം കൈമാറി.

രസകരമായൊരു സംഭവം കൂടി ഉണ്ട്. ബി.പി. ഉണ്ണിമോയിനും കൊറ്റങ്ങള്‍ അച്യുതനും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചവരാണ്. പൊതു ഇടങ്ങളില്‍ അവര്‍ മത നിരപേക്ഷതയ്ക്കുവേണ്ടി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ താന്താങ്ങളുടെ കാര്യം വരുമ്പോള്‍ മത ചട്ടവട്ടങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്തത്.

പക്ഷെ മൊയ്തീന്‍ ഇതില്‍ നിന്നും തികച്ചും വിഭിന്ന സ്വഭാവക്കാരനായിരുന്നു. മൊയ്തീന്‍ കാഞ്ചനക്കെഴുതിയ കത്തില്‍ പറയുന്ന ഒരു വാചകം മതി ഇത് വ്യക്തമാവാന്‍ 'ഞങ്ങളുടെ കുടുംബത്തില്‍ ആരും വര്‍ഗീയ വാദികളല്ല. എന്റെ ഉമ്മയ്ക്കും എനിക്കും ആ ഗുണം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നാണ്.

പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്
Moideen
കാഞ്ചന മതം മാറിയാല്‍ ചിലപ്പോള്‍ ബാപ്പ കല്യാണത്തിനു സമ്മതിക്കും എന്ന് ഒരിക്കല്‍ ആരോ മൊയ്തീനോട് പറഞ്ഞപ്പോള്‍ 'മതം മാറിയാല്‍ താനവളെ ഉപേക്ഷിക്കും' എന്നാണ് മൊയ്തീന്‍ മറുപടി നല്‍കിയത്. നാട്ടിലെല്ലാവര്‍ക്കും സര്‍വ സമ്മതനാണ് മൊയ്തീന്‍. ആരെയും സഹായിക്കാന്‍ സദാ സന്നദ്ധനായ യുവാവ്. നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍. അവരുടെ വീടിനരികിലൂടെ ഒഴുകുന്ന ഒരു പുഴയുണ്ട്, ഇരുവഴിഞ്ഞിപ്പുഴ. ഇരുവരിഞ്ഞിപ്പുഴയിലൂടെ കടത്തു വഞ്ചിയില്‍ യാത്രചെയ്യുകയായിരുന്ന കുറച്ചു പേര്‍ വഞ്ചി മറിഞ്ഞു പുഴയില്‍ മുങ്ങിത്താഴുന്ന വിവരം മൊയ്തീന്റെ ചെവിയിലെത്തി. അവിടേക്ക് കുതിച്ചെത്തിയ മൊയ്തീന്‍ പുഴയിലേക്ക് എടുത്തു ചാടി. കുറേ പേരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. വീണ്ടും പുഴയിലേക്ക് ഊളിയിട്ടു. ചുഴിയില്‍ പെട്ട് മൊയ്തീന്‍ മരിച്ചു എന്നവാര്‍ത്തയാണ് നാടറിയുന്നത്.

ഈ വിവരം പ്രണയ വിവശയായ കാഞ്ചനയുടെ കാതിലെത്തി. വാവിട്ടു നിലവിളിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവും? വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ കാഞ്ചന മൊയ്തീന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകണ്ടു. മൊയ്തീന്റെ കണ്ണുകള്‍ മത്സ്യം കടിച്ചെടുത്തു എന്നറിഞ്ഞ കാഞ്ചന അന്ന് തൊട്ടിന്നേവരെ മത്സ്യം കഴിക്കാറില്ല. തന്റെ പ്രിയപ്പെട്ടവന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത മത്സ്യത്തോട് പോലും വെറുപ്പ് തോന്നിയ പ്രണയിനിയാണ് കാഞ്ചന.

കാഞ്ചന ഇന്നും ജീവിക്കുന്നു. ബി.പി മൊയ്തീന്റെ ഓര്‍മ നിലനിര്‍ത്താനുളള സേവന പാതയിലാണവര്‍. സ്‌നേഹിക്കപ്പെട്ടവന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം. മതമതിലുകള്‍ തകര്‍ക്കാന്‍ കെല്‍പില്ലാത്തതു കൊണ്ടല്ല, അതിനവസരം കിട്ടാതെ മൊയ്തീന്‍ കാഞ്ചനയെ വിട്ടകന്നു പോയത് കൊണ്ടു മാത്രം.

പക്ഷേ മൊയ്തീന്റെ ഉമ്മ കാഞ്ചനയെ സ്‌നേഹിക്കുന്നു. മൊയ്തീന്റെ മരണ ദിവസം കാഞ്ചന അവിടമെത്തിയപ്പോള്‍ ആ ഉമ്മ കാഞ്ചനയെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'ഞാന്‍ നിന്നെ എത്രവട്ടം വിളിച്ചതാണ്, നീ വന്നില്ലല്ലോ? ഇപ്പോള്‍ ഓന്‍ പോയപ്പോളാണോ നീ വന്നത്?'. സ്‌നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍. മതചിന്തയ്ക്ക് സ്ഥാനം കൊടുക്കാത്ത ഉമ്മയുടെ വാക്കുകള്‍.

മൊയ്തീന്റെ മരണത്തിനുമുമ്പും ഫാത്വിമ എന്ന ഈ ഉമ്മ കാഞ്ചനയ്ക്ക് കത്തയച്ചിരുന്നു. 'അവര്‍ നിന്നെ സമ്മതത്തോടെ പറഞ്ഞയക്കുമെന്ന് വിചാരിച്ച് കാത്തിരിക്കേണ്ട. മോള് ഇങ്ങട്ട് പോര്' അപ്പോഴൊന്നും കാഞ്ചനയ്ക്ക് പോകാന്‍ പറ്റിയില്ല. കാഞ്ചനയ്ക്ക് മൊയ്തീന്റെ മരണം താങ്ങാനായില്ല. പട്ടിണികിടന്നതും ഇരുട്ടു മുറിയില്‍ കഴിച്ചു കൂട്ടിയതും, എതിര്‍പുകള്‍ നേരിട്ടതും മൊയ്തീനൊത്ത് ജീവിക്കാനായിരുന്നു. മൊയ്തീനെ മാത്രം മനസില്‍ ധ്യാനിച്ച് നാളുകള്‍ നീക്കിയത് അതിനായിരുന്നു. ആശകളെല്ലാം കെട്ടടങ്ങി. മൊയ്തീന്‍ ഓര്‍മമാത്രമായി. കാഞ്ചന പിന്നീട് ജലപാനമില്ലാതെ നാളുകള്‍ നീക്കി. മരണാസന്നയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.

അവിടെയും മൊയ്തീന്റെ ഉമ്മ ഫാത്വിമ എത്തി. കാഞ്ചനയെ പറഞ്ഞ് സമാശ്വസിപ്പിച്ചു. ഉമ്മ പറഞ്ഞ വാക്കുകള്‍ കാഞ്ചനയുടെ മനസില്‍ തട്ടി. 'ഓന്‍ ഇട്ടേച്ചു പോയതൊക്കെ പൂര്‍ത്തിയാക്കേണ്ടെ?.' ആ വാക്കുകള്‍ കാഞ്ചനയില്‍ ആശ്വാസം ജനിപ്പിച്ചു. തിരിച്ചു ജീവിതത്തിലേക്ക് വരാന്‍ തീരുമാനിച്ചു. തന്റെ പ്രാണനാഥന്‍ സമൂഹത്തിനുവേണ്ടി മരിച്ചയാളാണ്. ആ സമൂഹത്തിനു വേണ്ടി ഞാനും എന്റെ ശിഷ്ട ജീവിതം സമര്‍പിക്കും. അതായിരിക്കും ബി.പി. മൊയ്തീന് എനിക്കു ചെയ്യാന്‍ പറ്റുന്ന സ്മാരകം.

ഉമ്മ ഫാത്വിമ നല്‍കിയ വീടുകേന്ദ്രമാക്കി ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ എന്ന ഒരു സാമൂഹ്യ പ്രസ്ഥാനം ഉണ്ടാക്കി. ഫാത്വിമ നല്‍കിയ ആത്മബലത്തില്‍ കാഞ്ചനയുടെ മരവിച്ചു കിടന്ന ആത്മബലം ഉണര്‍ന്നു. അവിടെ ലൈബ്രറി, സ്ത്രീരക്ഷാകേന്ദ്രം, തൊഴില്‍ പരിശീലനകേന്ദ്രം, അന്ത്യോദയ കേന്ദ്രം തുടങ്ങിയ നിരവധി ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങളില്‍ കാഞ്ചന സജീവമാണ്.

പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്
Kookanam Rahman
(Writer)
ഇന്നത്തെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാഞ്ചന മാതൃകയാണ്. പ്രണയത്തിലകപ്പെട്ടും, വഞ്ചിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ കാഞ്ചനയെ കാണണം. ചെറിയ ചെറിയ കാരണങ്ങള്‍ കുത്തിപ്പൊക്കി പ്രണയത്തില്‍ നിന്ന് പിന്‍വലിയുന്നവരും, നിരാശരായി ജീവിതമവസാനിപ്പിക്കുന്നവരും കാഞ്ചനയുടെ ജീവിതം അറിയണം. താന്‍ സ്‌നേഹിച്ച, കൊതിതീരെ കാണാന്‍ കൊതിച്ച, ജീവിത സഖിയായി ജീവിക്കാന്‍ മോഹിച്ച, സ്‌നേഹ നിധിയായ മനുഷ്യനെ നഷ്ടപ്പെട്ടിട്ടും കാഞ്ചന പിടിച്ചു നില്‍ക്കുന്നു. സ്‌നേഹത്തെയും പ്രണയത്തെയും മതാന്ധതയ്ക്ക് തോല്‍പിക്കാന്‍ കഴിയില്ലെന്ന് കാഞ്ചന കാട്ടിത്ത
ന്നു. കാഞ്ചന-മൊയ്തീന്‍ പ്രണയം പുതുതലമുയ്ക്ക് പാഠമായിത്തീരട്ടെ.

Also Read:
കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു നിമിഷം...

Keywords: Study, Love, Kookanam-Rahman, Friends, Assault, Failed, Mobile Phone, Mother, Lady, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia