കൗമാരക്കാരുടെ അമ്മമാര്‍ അറിയാന്‍

 


കൂക്കാനം റഹ്‌മാന്‍

ക്കാലത്ത് സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ മിക്കവരും ചുരുങ്ങിയത് സെക്കന്‍ഡറി തലം വരെയെങ്കിലും വിദ്യാഭ്യാസം ലഭിച്ചവരായിരിക്കും. തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധാലുക്കളുമാണവര്‍. അണുകുടുംബ ജീവിതം നയിക്കുന്നവരാണ് പലരും. തങ്ങളുടെ കുട്ടികളെക്കുറിച്ച് അഭിമാനം കൊളളുകയും അവരുടെ കഴിവുകളെ പുകഴ്ത്തുന്നവരുമാണ് ഇന്നത്തെ രക്ഷിതാക്കള്‍.

അമ്മമാരാണ് കുട്ടികളുടെ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ അമ്മ അറിയാന്‍ എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ഹയര്‍സെക്കന്ററി തലത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. രണ്ടു സ്‌കൂളുകളില്‍ സംഘടിപ്പിക്കപ്പെട്ട അമ്മ അറിയാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കുട്ടികളെക്കുറിച്ച് രക്ഷിതാക്കള്‍ ഇനിയും പലതും അറിയേണ്ടതുണ്ട് എന്ന് തോന്നിയത്.

രക്ഷിതാവിന്റെ ലോകവും, കുട്ടിയുടെ ലോകവും തമ്മിലുളള അകലം കൂടുകയാണ്. ഒരു കോളജ് കാമ്പസിന്റെ ഗേറ്റിനുപുറത്ത് നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച ഇങ്ങിനെ. അച്ഛന്‍ ബൈക്കുമായെത്തി. മകള്‍ ബൈക്കിനു പിന്നില്‍ ചാടിക്കയറി. വീട്ടിലെത്താനുളള ധൃതിയിലാണച്ഛന്‍. മകള്‍ പിന്നിലിരുന്ന് തുടമേല്‍ വെച്ചിട്ടുളള മൊബൈലില്‍ വിരലുകള്‍ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു. തീര്‍ചയായും ഏതോ സുഹൃത്തിന് മെസേജ് അയക്കുകയാണവള്‍. ഒപ്പമിരിക്കുന്ന അച്ഛന്‍ ഇതറിയുന്നേയില്ല. ഇരുപ്പ് അടുത്താണെങ്കിലും അവരുടെ മാനസിക അകലം കൂടുകയല്ലേ?

തിരക്കു പിടിച്ച ജീവിതത്തിന്റെ ഒഴുക്കിലാണ് രക്ഷിതാക്കള്‍. ശ്രദ്ധിക്കാന്‍ സമയമില്ലായ്മയുണ്ട്. എന്തും കയ്യെത്തുന്നിടത്തു നിന്ന് ലഭിക്കാന്‍ മക്കള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ ബാധ്യതയുളളവരായി രക്ഷിതാക്കളും മാറി. ഇന്റര്‍നെറ്റും, മൊബൈല്‍ഫോണും സ്വകാര്യതകളെയും ബന്ധങ്ങളെയും മാറ്റിക്കഴിഞ്ഞു. രണ്ടുപേരും പരസ്പരം അറിയാതെ അവരവരുടെ ലോകത്തു മാത്രം കഴിയാനുളള സാധ്യതയും കൂടി വന്നു. സമയം കിട്ടുമ്പോഴൊക്കെ ചിരിക്കും , സംസാരിക്കും. ഒന്നിച്ചു ഭക്ഷണം കഴിക്കും. ഇത്രയുമായാല്‍ അമ്മയ്ക്കുമച്ഛനും സന്തോഷമായി. മക്കളെക്കുറിച്ച് നല്ലമതിപ്പും മനസിലുണ്ടായി. പക്ഷേ മക്കളുടെ രഹസ്യങ്ങള്‍ അറിയാന്‍ അവര്‍ക്കാവുന്നില്ല.

അമ്മയോ അച്ഛനോ സമയം കിട്ടുമ്പോഴൊക്കെ പഠനകാര്യത്തെക്കുറിച്ചോ, യാത്രയെക്കുറിച്ചോ, സുഹൃത്തുക്കളെക്കുറിച്ചോ കാര്യങ്ങള്‍ ചോദിച്ചറിയുന്നതും മക്കള്‍ക്കിഷ്ടമല്ല. എല്ലാകാര്യത്തിലും പാരന്റ്‌സ് ഇടപെടും. വീട് അത്ര കണ്‍ഫര്‍ട്ടബിള്‍ അല്ലാതായി തീര്‍ന്നിരിക്കുന്നു മക്കള്‍ക്ക്. സ്വന്തം വീട്ടില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അകന്ന് താമസിച്ചു പഠിക്കാന്‍ ആഗ്രഹമുളളവരായി മാറി മക്കള്‍.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് അമ്മമാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഗൗരവത്തിലും, ശാസ്ത്രീയതയിലും ഊന്നിക്കൊണ്ട് ശാരീരിക മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം ലൈംഗിക രോഗങ്ങളെക്കുറിച്ചും ലൈംഗിക ബന്ധങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥകളെയും പ്രയാസങ്ങളെയും ബോധ്യപ്പെടുത്തണം. കൗമാരക്കാരില്‍ ലൈംഗിക കാര്യത്തെക്കുറിച്ചുളള കൃത്യമായ ബോധമില്ലാത്തതിനാല്‍ തെറ്റുകളില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നത് അമ്മമാര്‍ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്.

ഒരു കൗമാര വിദ്യാഭ്യാസ ക്ലാസിന്റെ അവസാനം കുട്ടികള്‍ സ്വകാര്യമായി എഴുതിത്തന്ന ഒരു ചോദ്യമിതായിരുന്നു. കൗമാരക്കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ പെട്ടെന്നു തന്നെ ഗര്‍ഭിണി ആവുന്നതെന്തു കൊണ്ട്? ഇക്കാര്യം അമ്മയറിയാന്‍ ക്ലാസില്‍ പറഞ്ഞപ്പോള്‍ അമ്മമാര്‍ ശരിക്കും ഞെട്ടി. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നിനും ഭയമില്ലാതായിരിക്കുന്നു...

മക്കള്‍ പലപ്പോഴും വഴിതെറ്റുന്നത് അവരിലേക്കുളള പാലം രക്ഷിതാക്കള്‍ തന്നെ പൊളിച്ചു കളയുന്നതു കൊണ്ടാണ്. കുട്ടികള്‍ ചെറിയൊരു തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് അമ്മയുടെ അടുത്ത് പറയാന്‍ അവനോ, അവളോ തുനിയും, എനിക്കൊരു മിസ്‌റ്റേക്ക് പറ്റി എന്ന് പറഞ്ഞുപൂര്‍ത്തിയാക്കും മുമ്പേ ചില രക്ഷിതാക്കള്‍ ചാടിക്കയറും. നിനക്ക് അങ്ങിനെ വേണം, എത്രകാലമായി ഇതൊക്കെ പറഞ്ഞു തരാന്‍ തുടങ്ങിയിട്ട്. തുടങ്ങിയ വാക്ക് പ്രയോഗങ്ങള്‍ നടത്തും. പിന്നെ അവരൊന്നും പറയുമില്ല. അവിടെ ഫൂള്‍ സ്‌റ്റോപ്പിടും. പിന്നീട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ പറയില്ല.

ഏതു പ്രശ്‌നത്തിലും ഞങ്ങളില്ലേ കൂടെ എന്ന മനോഭാവം വളര്‍ത്തണം. അത് അവര്‍ക്കൊരു ആശ്വാസമാവും ഇത്തരം സാന്ത്വനവാക്കുകള്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഇങ്ങിനെ പറയാന്‍ ആശ്വസിപ്പിക്കാന്‍ അമ്മമാര്‍ മനസ് ഒരുക്കണം. കുറ്റപ്പെടുത്തലുകള്‍ അവരെ മാനസികമായി ക്ഷീണിപ്പിക്കും. ചിലപ്പോള്‍ അവര്‍ അവരുടെ വഴികണ്ടെത്തിയെന്നും വരും. ശ്രദ്ധയോടെ കേള്‍ക്കാനും സമാശ്വസിപ്പിക്കാനും അമ്മ മനസ് തയ്യാറാവണം.

കൗമാരക്കാരുടെ അമ്മമാര്‍ അറിയാന്‍

കുട്ടികള്‍ രക്ഷിതാക്കളുടെ കഷ്ടപ്പാടുകള്‍ അറിയണം. ഒപ്പമിരുന്ന് കുടുംബ ബഡ്ജറ്റുകള്‍ ചര്‍ച ചെയ്യണം. വീട്ടിലേക്കെത്തുന്ന വരവിന്റെ രീതിയും, അളവും അറിയണം. ചെലവിന്റെ കാര്യങ്ങളും മനസിലാക്കി കൊടുക്കണം. വസ്തുതകള്‍ കൃത്യമായി മനസിലാക്കിയാല്‍ അമിത ആഗ്രഹങ്ങള്‍ അവനോ,അവളോ പ്രകടിപ്പിക്കില്ല. അത് ലഭ്യമാക്കിക്കൊടുക്കാത്തതിലുളള നിരാശ ഉണ്ടാവില്ല. പ്രയാസങ്ങള്‍ അറിഞ്ഞു വളരുന്ന മക്കള്‍ അതനുസരിച്ച് ജീവിക്കാനും ശ്രമിക്കും. സ്‌നേഹം നിറയണം വീട്ടില്‍. അതിന് അച്ഛനും അമ്മയും ശ്രദ്ധിച്ചേ പറ്റു.

കുടുംബ ബന്ധങ്ങളും, മുല്യങ്ങളും കുഞ്ഞുങ്ങളില്‍ ഊട്ടി ഉറപ്പിക്കണം അത് രക്ഷിതാക്കള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാണിക്കണം. രക്ഷിതാക്കളുടെ വാക്കും, നോക്കും, ചിരിയും പ്രതികരണങ്ങളും ശ്രദ്ധയോടെ വേണം. എന്തെല്ലാം നന്മകളാണ് സ്വന്തം കുഞ്ഞുങ്ങളില്‍ വേണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ നന്മകളും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തി കാണിക്കുകയെന്നത് രക്ഷിതാക്കളുടെ കടമയാണ്.

കുട്ടികളെ സമര്‍ദത്തിലാക്കരുത്. പഠനത്തില്‍ വിജയിച്ചാലെ ജീവിതത്തില്‍ വിജയിക്കൂ എന്ന ധാരണ ഉണ്ടാക്കരുത്. കുട്ടിയുടെ കഴിവും താല്പര്യവും നോക്കിവേണം പ്രോത്സാഹനം നല്‍കേണ്ടത്. രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ കുട്ടിയില്‍ ഉണ്ടാവണമെന്ന് വാശി പിടിക്കരുത്. അവിടെയാണ് കുട്ടികള്‍ തെറ്റുകളിലേക്ക് എടുത്തു ചാടുന്നത്. കുട്ടി എന്ത് ആവാന്‍ ആഗ്രഹിക്കുന്നുവോ, ആ വഴിയിലൂടെ കൊണ്ടു പോവാന്‍ പ്രോത്സാഹനം നല്‍കാന്‍ ശ്രമിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

അവനെക്കണ്ട് പഠിക്ക്, അവളെക്കണ്ട് പഠിക്ക്.... എന്ന് മക്കളോട് പറയരുത്. താരതമ്യം നല്ലതല്ല. നമ്മുടെ മക്കള്‍ക്ക് നമ്മുടെ മക്കളാവാനേ കഴിയൂ എന്ന് ബോധ്യം വേണം. മറ്റുളളവരുടെ മക്കളെ പോലെയോ ആ സാഹചര്യത്തില്‍ വളര്‍ന്നു വരുന്നവരെ പോലെയോ നമ്മുടെ മക്കള്‍ക്കാവില്ല എന്ന ധാരണ ഉണ്ടായാല്‍ ഇങ്ങിനെയുളള താരതമ്യപ്പെടുത്തല്‍ ഉണ്ടാവില്ല.

വൈകുന്നേരങ്ങളില്‍ അരമണിക്കൂറെങ്കിലും അടുത്തിരിക്കണം. അവന്റെ തല സ്‌നേഹത്തോടെ മടിയിലേക്ക് ചേര്‍ത്ത് വെക്കണം. മുടിയിഴകളില്‍ വിരലോടിക്കണം. എല്ലാം ചോദിക്കണം. കിളി പറയുമ്പോലെ അവന്‍ അന്ന് നടന്ന എല്ലാകാര്യങ്ങളും പറയും. ഇതിന് സമയമുണ്ടാക്കിയേ പറ്റൂ. സ്‌നേഹത്തോടെ സമീപിച്ചാല്‍ അവന്റെ മനസില്‍ സന്തോഷം തോന്നും. തന്നെ തലോടാനും, സ്‌നേഹിക്കാനും  സഹായിക്കാനും അമ്മയുണ്ട്.....അച്ഛനുണ്ട് എന്ന തോന്നലുണ്ടാവും. കുട്ടികള്‍ വഴിതെറ്റി പോവില്ല തീര്‍ച്ച.........

ആണ്‍-പെണ്‍ വേഷവിധാനത്തെക്കുറിച്ചും രക്ഷിതാക്കള്‍ ബോധവാന്മാരാവണം. കുട്ടികള്‍ ഇഷ്ടമുളള ഡ്രസ് ധരിച്ചോട്ടെ. പക്ഷെ മറ്റുളളവര്‍ക്ക് ദോഷം വരുത്താത്ത വിധമായിരിക്കണം. ഡ്രസിംഗും മറ്റും.... അനുകരണസ്വഭാവവും മാറ്റിയെടുക്കണം. നല്ലതിനെ അനുകരിക്കുന്നതില്‍ അഭിനന്ദിക്കുകയുമാവാം. ലോകത്ത് വിജയം കണ്ടിട്ടുളള അമ്മമാരുടെ ചുണ്ടില്‍ രണ്ട് കാര്യങ്ങളുണ്ടാവും പുഞ്ചിരിയും നിശബ്ദതയും. പുഞ്ചിരി കൊണ്ട് പ്രശ്‌നം പരിഹരിക്കാം. നിശബ്ദതകൊണ്ട് പ്രശ്‌നങ്ങളെ തടയാം.

കൗമാരക്കാരുടെ അമ്മമാര്‍ അറിയാന്‍
Kookanam-Rahman
(Writer)
Keywords:  Mothers and teenagers, Parents, Article, Kookanam Rahman, Mobile, Internet, School, Girls,   Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia