ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് ('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')

 


തിരുവന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനേച്ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നതിനിടെ പ്രശ്‌നം കലുഷമാക്കുന്ന വിവാദ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് സര്‍വകലാശാലയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. സര്‍വകലാശാലയിലെത്തന്നെ സ്ത്രീപഠന കേന്ദ്രം ഡയറക്ടര്‍ മിനി സുകുമാര്‍ ആണ് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരത്തെ എതിര്‍ത്തു ലേഖനം എഴുതിയത്. സര്‍വകലാശലയ്‌ക്കെതിരേ പ്രമുഖ സാഹിത്യകാരി തസ്്‌ലിമ നസ്‌റീനും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാതൃഭൂമി ലേഖനത്തെ പിന്തുണച്ച് പലരും രംഗത്തുവന്നതോടെ, ഗോള്‍ഡന്‍ മദര്‍ പുരസ്‌കാര നീക്കം കടുത്ത വിവാദത്തിലായി. സര്‍വകലാശാല തുടര്‍നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ, ഇത്തരമൊരു പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനു പിന്നിലെ സ്ത്രീശാക്തീകരണപരമായ സദുദ്ദേശ്യങ്ങള്‍ വിശദീകരിച്ച് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് വിമന്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. മോളി കുരുവിള നല്‍കിയ വിശദ ലേഖനമാണു മാതൃഭൂമി പ്രസിദ്ധീകരിക്കാതിരിക്കുന്നത്.
എന്തുകൊണ്ട് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം എന്ന ന്യായവാദങ്ങള്‍ അക്കമിട്ടു നിരത്തുന്ന ആ ലേഖനം ഞങ്ങള്‍ ഇവിടെ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ്
('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')  ഭാഗം - 1

മാതൃഭൂമി അഴ്ച്ചപതിപ്പിന്റെ 36-ാം ലക്കത്തില്‍ 'സര്‍വ്വകലാശാലയുടെ അമ്മ എത്ര കിലോ സ്വര്‍ണ്ണമാണ്' എന്ന തലക്കെട്ടോടെ, കാലിക്കറ്റ് സര്‍വ്വകലാശാല അമ്മമാരെ ആദരിക്കുന്ന സംരംഭത്തെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനം വായിക്കാനിടയായി.  കൃഷിയുള്‍പ്പെടെ പതിനെട്ടു കര്‍മ്മമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അമ്മമാരെ ആദരിക്കാനാണ്  ഈ അവാര്‍ഡുകൊണ്ട് സര്‍വ്വകലാശാല ഉദ്ദേശിക്കുന്നത്.  പതിനാറു സംഘടിത മേഖലകളായി ചുരുക്കി പറയുമ്പോള്‍ തന്നെ ലേഖികയ്ക്ക് നിര്‍ദ്ദിഷ്ട അവാര്‍ഡിനെപ്പറ്റിയോ അതിന്റെ മാനദണ്ഡങ്ങളെപ്പറ്റിയോ ഉള്ള ജ്ഞാനം പരിതാപകരമാണെന്നു തെളിയുന്നു.

വിവാഹിതയായ അമ്മയെന്നോ അവിവാഹിതയായ അമ്മയെന്നോ നാമനിര്‍ദ്ദേശപ്പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല. പകരം അമ്പതു വയസ്സിനു മുകളിലുള്ള അമ്മമാര്‍ എന്നേ പറഞ്ഞിട്ടുള്ളു. കുടുംബ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിനായി ഭര്‍ത്താവിന്റെയും കുട്ടികളുടെയും വിവരങ്ങള്‍ ചോദിച്ചിരിക്കുന്നതിനെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ ലേഖികയ്ക്കുള്ള കഴിവ് തെളിയിക്കപ്പെടുന്നു.  ഇവിടെ ലേഖികയെ വിമര്‍ശിക്കലല്ല, മറിച്ച് സര്‍വ്വകലാശാലയുടെ വെബ്‌സെറ്റില്‍ കൊടുത്തിരിക്കുന്ന നാമനിര്‍ദ്ദേശപ്പത്രികയോ നടപടിക്രമങ്ങളോ ഒരിക്കലെങ്കിലും ശ്രദ്ധയോടെ വായിച്ചുനോക്കാതെ അഭിപ്രായം പറയുകയും ആശങ്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് 'ഗോള്‍ഡന്‍ മദര്‍' അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ഒരു വിശദീകരണം നല്‍കുകയാണ് ഈ ലേഖനം കൊുദ്ദേശിക്കുന്നത്.
ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് ('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')

ഏതൊരു വ്യക്തിക്കും സ്വന്തം അമ്മ 'ഗോള്‍ഡന്‍ മദര്‍' തന്നെയാണ് അക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വന്തം മക്കള്‍ക്കു മാത്രമല്ല, സമൂഹത്തിനുമൊത്തം മാതൃകയാക്കാവുന്ന സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ കാഴ്ച്ചവെക്കുന്ന പ്രഗല്‍ഭരായ അമ്മമാരെയാണ് ഗോള്‍ഡന്‍ മദര്‍ അവാര്‍ഡിനായി പരിഗണിക്കുന്നത്. ഒരമ്മയെ ആദരിക്കുന്നത് മറ്റ് അമ്മമാരെ അവഹേളിക്കലാണെന്ന സങ്കുചിത മനോഭാവം നാം ഉപേക്ഷിച്ചേ പറ്റൂ. ഏതൊരു നല്ലകാര്യത്തെയും എതിര്‍ക്കാന്‍ ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നാം കൂട്ടുപിടിക്കണമോ എന്നു രണ്ടാമതൊന്നു ചിന്തിക്കേതുണ്ട്്. പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ള പഴഞ്ചൊല്ലാണ് 'അമ്മയെതല്ലിയാലും രണ്ടഭിപ്രായം' എന്നത്.  എന്നാല്‍ 'അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം' എന്നു കേള്‍ക്കുന്നത് ഇതാദ്യമായിരിക്കും.

ഒരു കുഞ്ഞിന്റെ ജന്മത്തിനു കാരണഭുതനാകുന്ന അച്ഛന്‍, ആ ജന്മത്തെ ഗര്‍ഭത്തില്‍ ചുമന്ന് ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകള്‍ നിഷ്‌കര്‍ഷിക്കുന്ന 'കുഞ്ഞിനെ പോറ്റിവളര്‍ത്തല്‍ പ്രക്രിയയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന അമ്മയെക്കാള്‍, മക്കളുടെ മനസ്സിലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലും ഏറെ ആരാധ്യനാണ്. അമ്മയെ ആദരിക്കാന്‍ മക്കള്‍ പഠിക്കുന്നില്ല, ആരും പഠിപ്പിക്കുന്നുമില്ല. മക്കള്‍ അച്ഛനെ ധിക്കരിക്കുകയോ അവഗണിക്കുകയോ ചെയ്താല്‍ അവരെ തിരുത്താന്‍ അമ്മ കര്‍മ്മോല്‍സുകയാകും. എന്നാല്‍ അമ്മയെ ആദരിക്കേണ്ടതെങ്ങനെയെന്നു അച്ഛന്‍ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയോ മക്കള്‍ക്കു പറഞ്ഞു കൊടുക്കുകയോ ചെയ്യുന്ന കുടുംബങ്ങള്‍ വിരളമാണ്. ഫലമോ അമ്മ അവഗണനയും അനാദരവും ഏറ്റുവാങ്ങി ജീവിക്കാന്‍ വിധിക്കപ്പെടുന്നു. അച്ഛനെപോലെതന്നെ, പലപ്പോഴും അച്ഛനെക്കാളേറെ ബഹുമാനിക്കപ്പെണ്ടേടവളാണ് അമ്മയെന്ന സത്യം സമൂഹത്തെ ഓര്‍മ്മപ്പെടുത്തലാണ് ഈ ആദരിക്കലിലൂടെ സര്‍വ്വകലാശാല ലക്ഷ്യമാക്കുന്നത്.

അമ്മയെന്നാല്‍ മക്കളെ പ്രസവിക്കുന്നവളുംഅവരുടെ വളര്‍ച്ചയുടെ മുഴുവന്‍ കാര്യങ്ങളും യാഥായോഗ്യം നോക്കിനടത്തുന്നവളും കുടുംബത്തിനകത്തെ ഉത്തരവാദിത്വങ്ങളില്‍ സന്തോഷം കണ്ടെത്തേവളുമാണെന്ന പരമ്പരാഗത സങ്കല്പത്തെ തിരുത്തികുറിക്കുകയും പുനര്‍നിര്‍വചിക്കുകയുമാണ് ഈ അവാര്‍ഡ്. 50 വയസ്സിനുമുകളിലുള്ള അമ്മമ്മാരെയാണ് ആദ്യതവണ അവാര്‍ഡിനു പരിഗണിക്കുന്നത്.  അതും സാമൂഹ്യമണ്ഡലത്തില്‍ കര്‍മ്മോല്‍സുഖരായിരിക്കുന്ന അമ്മമാരെ.  ഈ സ്ത്രീകള്‍ 25-30 വര്‍ഷങ്ങള്‍ക്കുമുമ്പ്, 'സ്ത്രീ ജോലിക്കുപോകുന്നത് അഭികാമ്യമല്ല, അതു തെറ്റായ പ്രവണതകള്‍ക്കു കാരണമാകും, മക്കളെ ദോഷകരമായി ബാധിയ്ക്കും, കുടുംബ മഹിമക്ക് ചേര്‍ന്നതല്ല . . . . . തുടങ്ങിയ ചിന്താപ്പിശകുകള്‍ പ്രബലമായിരുന്ന കാലത്ത്, വേറിട്ടു ചിന്തിക്കുകയും സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രതിബദ്ധതയോടൂകൂടി കുടുംബത്തിന്റെ പുറത്ത് വിവിധ കര്‍മ്മണ്ഡലങ്ങളിലേക്ക് കാലെടുത്തുവെച്ചവരുമാണ്.

തങ്ങളുടെ ജീവിത വഴികളില്‍ അവര്‍ കടന്നുപോന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ മനസ്സിലാക്കി, അവര്‍ അതിനെ ഉള്‍ക്കൊണ്ടത് എങ്ങനെയെന്നു തിരിച്ചറിയുക, ഇത്തരം അറിവുകളെ വരും തലമുറയ്ക്കു പാഠങ്ങളാക്കുക എന്നതാണ് ഈ അവാര്‍ഡില്‍ സ്ത്രീ പഠനകേന്ദ്രത്തിന്റെ പ്രത്യേക താല്പര്യം.  ഇതിനു 'അമ്മമാരെത്തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ടോ, പ്രഗല്‍ഭരായ ഏതൊരു സ്ത്രീയുടെയും ജീവിതം മാതൃകയാക്കിക്കൂടെ' എന്ന ശങ്ക സ്വാഭാവികം. സ്ത്രീവര്‍ഗ്ഗത്തില്‍ പല ഗണങ്ങളിലും തലങ്ങളിലും തരങ്ങളിലും പെട്ടവരുണ്ട്. വിവാഹിതര്‍, അവിവാഹിതര്‍, അമ്മമാര്‍, അമ്മയാകാന്‍ കഴിയാത്തവര്‍, ദളിതര്‍, ഉന്നതകുലജാതര്‍, വിദ്യാസമ്പന്നര്‍ - അല്ലാത്തവര്‍, ഉദ്യോഗത്തിനു പോകുന്നവര്‍ - അല്ലാത്തവര്‍, സമ്പത്തുള്ളവര്‍-പട്ടിണിപ്പാവങ്ങള്‍ . . . .  അങ്ങനെ എത്രയെത്ര ഗണങ്ങളായി സ്ത്രീവര്‍ഗ്ഗത്തെ നമുക്കു തരം തിരിക്കാം. . ?  ഇതില്‍ ഏറ്റവും കൂടുതല്‍ വാക്കുകളിലും സങ്കല്പങ്ങളിലും പ്രശംസിക്കപ്പെടുന്നത് അമ്മമാരെന്ന ഗണമാണ്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം നിന്ദയും അവഗണനയും ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വലിയ വിഭാഗവും അമ്മമാര്‍തന്നെയാണ്.

കുടുംബമെന്ന സ്ഥാപനത്തിനുള്ളില്‍ നിന്നു കൊണ്ടുതന്നെ തങ്ങളുടേതായ കര്‍മ്മമണ്ഡലങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച്ചവെക്കുന്ന അമ്മഗണത്തിന്റെ ജീവിതാനുഭവങ്ങള്‍ മറ്റു സ്ത്രീ ഗണങ്ങളില്‍ നിന്നു തീര്‍ച്ചയായും  വ്യത്യസ്തമായിരിക്കും.  ഇവിടെ അവിവാഹിതയുടെയോ, അമ്മയാകാത്തവളുടെയോ ജീവിതാനുഭവങ്ങള്‍ നിസ്സാരവല്‍ക്കരിക്കുകയല്ല, മറിച്ച് അമ്മസമൂഹത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളും അവരുടെ വിജയഗാഥകളും കണ്ടെത്തുകയാണ് ഈ അവാര്‍ഡിലൂടെ.

Part 2:
സര്‍വ്വകലാശാലയുടെ ദൗത്യങ്ങള്‍
Part 3
ഗോള്‍ഡന്‍മദര്‍ അവാര്‍ഡ് സ്ത്രീവാദത്തിനെതിരല്ല
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Golden Mother Award, REALITY on Golden Mother Award, Dr. Moly Kuruvilla, Report,  Calicut  University, Mother, Wife, Husband, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia