കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെ കിട്ടി

 


ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ കിട്ടിയതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍, ഓസ്‌ട്രേലിയയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തു വിമാനം തകര്‍ന്നുവീണതായാണ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

ഈ ഭാഗങ്ങളില്‍ നിന്നും ഉപഗ്രഹനിരീക്ഷണത്തിലൂടെ കണ്ടെത്തിയ വിമാന അവശിഷ്ടത്തിനു സമാനമായി കണ്ടെത്തിയ രണ്ട് വസ്തുക്കളെക്കുറിച്ച് വിലയിരുത്താനായി നിരീക്ഷണ വിമാനത്തെ അയച്ചതായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ ധരിപ്പിച്ചു. വിവരം മലേഷ്യന്‍ അധികൃതരെയും അറിയിച്ചിട്ടുണ്ട്. മൂന്നു നിരീക്ഷണ വിമാനങ്ങളെ കൂടി മേഖലയിലേക്കു വിന്യസിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ മികച്ച നിരീക്ഷണ സംവിധാനങ്ങളുള്ള ഓറിയണ്‍ വിമാനമാണ് നിരീക്ഷണത്തിനയച്ചിരിക്കുന്നത്. അതേസമയം, ഉപഗ്രഹ സൂചനയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഫ്‌ളൈറ്റ് എംഎച്ച് 370 വിമാനത്തിന്റേതു തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും ആബട്ട് പറഞ്ഞു.

വിമാനം കണ്ടെത്തുന്നതിനായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐ മലേഷ്യന്‍ അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിമാനം നിയന്ത്രിച്ച മുഖ്യപൈലറ്റ് സഹാരി അഹ്മദ് ഷായുടെ വസതിയില്‍ കണ്ടെത്തിയ ഫ്‌ളൈറ്റ് സിമുലേറ്റര്‍ വിവരങ്ങള്‍ എഫ്ബിഐ വിദഗ്ധര്‍ വിലയിരുത്തി. വീട്ടിലെ വിമാന മാതൃകയില്‍ നിന്നു (സിമുലേറ്റര്‍) കഴിഞ്ഞ മാസം മൂന്നിന് ഒട്ടേറെ ഫയലുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. നീക്കംചെയ്ത ഫയലുകള്‍ വീണ്ടെടുക്കാന്‍ എഫ്ബിഐ വിദഗ്ധര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎസ് നാവികസേനയുടെ സഹകരണത്തിലാണ് ദക്ഷിണേന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നത്.

വിമാനം കണ്ടെത്താനായി ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആറുലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ ഭാഗങ്ങളില്‍ തന്നെയായിരിക്കും വിമാനം വീണതെന്ന സൂചനകളാണ് ഓസ്‌ട്രേലിയ നല്‍കുന്നതും.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെ കിട്ടിചൈനയിലെ ഷിന്‍ജിയാങ്, ടിബറ്റ് മേഖലകളിലേക്കു കഴിഞ്ഞദിവസം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാക്ക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ മേഖലയിലും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാലദ്വീപിനു മുകളില്‍ വിമാനം കണ്ടുവെന്ന വാദങ്ങളും അന്വേഷകര്‍ തള്ളിയിട്ടുണ്ട്. ആന്‍ഡമാനിലൂടെ ഒരു വിമാനം താഴ്ന്നു പറക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇതു പഴയ ചിത്രമാണെന്നു സ്ഥിരീകരിച്ചു.

തിരച്ചിലിന് 26 രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ടെങ്കിലും പലരും റഡാര്‍ വിവരങ്ങള്‍ പൂര്‍ണമായി കൈമാറുന്നില്ലെന്നു മലേഷ്യ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. തന്ത്രപ്രധാന സൈനിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണിത്. സമുദ്രമേഖലയിലും കരയിലും വന്‍തോതില്‍ തിരച്ചില്‍ നടത്തുന്നതിനു തങ്ങളുടെ അതിര്‍ത്തികള്‍ പൂര്‍ണമായി തുറന്നുകൊടുക്കാനും പല രാജ്യങ്ങളും മടിക്കുന്നതായും മലേഷ്യ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Australian Prime Minister Tony Abbott,  Satellite, Image, Search, Malaysia Airlines, Malaysia Jet MH370.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia