ജീവിക്കാന്‍ അവകാശമുണ്ട്; കമിതാക്കളുടെ വഴിയിലെ ' തടസങ്ങള്‍' ക്കും

 


എസ്.എ. ഗഫൂര്‍

(www.kvartha.com 19.04.2014) നിക്ക് നിന്റെയും നിനക്ക് എന്റെയും ശരീരങ്ങള്‍ കൊണ്ടു തൃപ്തിപ്പെടാം എന്നു സ്ത്രീയും പുരുഷനും തീരുമാനിക്കുന്ന നിമിഷമാണോ അരുംകൊലകള്‍ക്ക് അരങ്ങൊരുങ്ങുന്നത്? മന:ശ്ശാസ്ത്ര വിദഗ്ദ്ധര്‍ പഠിച്ചു പ്രബന്ധങ്ങള്‍ തയ്യാറാക്കട്ടെ. പക്ഷേ, നൊന്തുപെറ്റ അമ്മയെയും താന്‍ പ്രസവിച്ച നാലു വയസുള്ള കുഞ്ഞിനെയും കൊന്നുകളഞ്ഞിട്ട് കാമുകനൊപ്പം ശരീരത്തിന്റെ ഉല്‍സവം ആഘോഷിക്കാന്‍ തീരുമാനിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ കാര്യത്തിലാണ് അടിയന്തര തീരുമാനം വേണ്ടത്. കാമുകിയുമൊത്ത് ജീവിക്കാന്‍ അവളുടെ കുഞ്ഞിനെയും അമ്മയെയും കൊല്ലുന്ന ജാരവേഷത്തിന് കഴുത്തില്‍ കൊലക്കയര്‍ കുരുക്കാനുള്ള നടപടി വേഗത്തിലാക്കുന്നതിനേക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

വിവാഹേതര ബന്ധത്തിന്റെ ഇടുങ്ങിയ ലൈംഗികാഗ്രങ്ങളിലേക്ക് സ്വന്തം ജീവിതത്തെ ചുരുക്കുന്നവര്‍ക്ക് സ്വന്തം വഴി തെരഞ്ഞെടുത്തുകൂടേ എന്ന ചോദ്യം സ്വാഭാവികം. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭര്‍ത്താവിനും താന്‍മൂലം നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ഒരു ഒളിച്ചോട്ടം വേണ്ടെന്നുവയ്ക്കുന്നതത്രേ. അവര്‍ നാണംകെടുന്നതനു പകരം, ഈ ലോകത്തുനിന്നു തന്നെ പൊയ്‌ക്കോട്ടെ എന്നു തീരുമാനിക്കുന്നു. അവരാകട്ടെ ഇവരുടെ വഴിവിട്ട ബന്ധത്തിന്റെ കാര്യത്തിത്തില്‍ യാതൊരു റോളുമില്ലാത്ത നിരപരാധികള്‍.

എന്തൊക്കെ പേരിട്ടു വിളിച്ചാലും വിവാഹേതര ബന്ധങ്ങളുടെ അടിസ്ഥാനം സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ആകര്‍ഷണമല്ലാതെ മറ്റൊന്നുമല്ലെന്ന വാദത്തിനു ശക്തികൂടുതലാണ്. ജീവിത പങ്കാളിയില്‍ നിന്ന് നിരന്തരം മാനസികമോ ശാരീരികമോ രണ്ടുമോ ആയ പീഢനങ്ങള്‍ സഹിക്കേണ്ടിവരുന്ന സ്ത്രീക്കും പുരുഷനും അനുകൂല സാഹചര്യമുണ്ടായാല്‍ മറ്റൊരു ബന്ധത്തിലേക്കു പോകുന്നത് ശാരീരിക ആകര്‍ഷണം മൂലമല്ലെന്ന മറുവാദവുമുണ്ട്. രണ്ടാമതു പറഞ്ഞതരം ബന്ധങ്ങളില്‍, പരസ്പരം ആശ്വാസമാകാനാണു ശ്രമിക്കുന്നതത്രേ. ആയ്‌ക്കോട്ടെ. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകരുത്, അവരുടെ ജീവനെടുക്കരുത്. ധാര്‍മികതയുടെ ത്രാസില്‍ തൂക്കി വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതൊക്കെ അവരുടെ വിശ്വാസക്കരുത്തും ധാര്‍മിക ബോധവുമായി ബന്ധപ്പെട്ട കാര്യം. എന്നുവച്ചാല്‍ അവനവന്റെ കാര്യം.

ആറ്റിങ്ങലില്‍ മധ്യ വയസ്‌കയെയും നാലു വയസുള്ള കുട്ടിയെയും കൊല്ലാന്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനായ സമ്പന്ന യുവാവിനു പ്രേരണയായത് സഹപ്രവര്‍ത്തകയുമായുള്ള പ്രണയമാണല്ലോ. അയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്; അവര്‍ക്ക് ഭര്‍ത്താവും കുട്ടിയുമുണ്ട്. പക്ഷേ, ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം മുള പൊട്ടിയാല്‍ പിന്നെ കണ്ണുകാണാത്തതുകൊണ്ട് മറ്റുള്ളവരൊന്നും രണ്ടുപേരുടെയും ദൃഷ്ടിയില്‍പെട്ടില്ല.

ജീവിക്കാന്‍ അവകാശമുണ്ട്; കമിതാക്കളുടെ വഴിയിലെ ' തടസങ്ങള്‍' ക്കും
ഇടയ്‌പ്പോഴോ കണ്ണുതുറന്നപ്പോഴാണ് മുന്നില്‍ തടസമായി നില്‍ക്കുന്നവരെ കണ്ടത്. നമുക്ക് നമ്മുടെ വഴിയേ പോകാം, അവര്‍ അവരുടെ വഴിയേ പോകട്ടെ എന്ന് ചിന്തിച്ചില്ല. പകരം, അവരെ ഇല്ലാതാക്കിയിട്ട് നമുക്ക് സ്വസ്ഥമായി ജീവിക്കാം എന്നങ്ങുറപ്പിച്ചു. സ്വന്തം പങ്കാളിയെയും കുട്ടികളെയും മാതാപിതാക്കളെയുമൊക്കെ വിട്ട് മറ്റൊരാളുടെ ഭാര്യയുടെ (ഭര്‍ത്താവിന്റെ) കൂടെപ്പോയി പൊറുക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയല്ല. പക്ഷേ, അവരെ കൊന്നിട്ട് തങ്ങള്‍ക്കു ജീവിക്കാം എന്നു തീരുമാനിക്കുന്നതിനേക്കാള്‍ നല്ലത് അതുതന്നെയല്ലേ.

ഓരോ ദിവസും പുറത്തുവരുന്നുണ്ട്, ചെറിയ വ്യത്യാസങ്ങളോടെ ഇത്തരം സംഭവങ്ങളേറെ. ചെങ്ങന്നൂരില്‍ ഭര്‍തൃപിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഷെറിന്‍ എന്ന യുവതിയെ കേരളം മറന്നിട്ടില്ലല്ലോ. അത് കൂടുതല്‍ പ്രമാദമായ സംഭവമായതുകൊണ്ട് പെട്ടെന്ന് ഓര്‍മിക്കുന്നുവെന്നു മാത്രം.

ആറ്റിങ്ങല്‍ സംഭവം ഈ നിരയില്‍ അവസാനത്തേതാകില്ലെന്നുറപ്പ്. മനുഷ്യനുള്ള കാലത്തോളം ബന്ധങ്ങളിലെ ഈ വഴിമാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും തുടരുകയും ചെയ്യാം. പക്ഷേ, അത്തരം ബന്ധങ്ങളുടെ നിലനില്‍പിന് വേണ്ടി മറ്റുള്ളവര്‍ക്ക് കൊലക്കത്തി മിനുക്കുകയും ആയുസെടുക്കുകയും സ്വന്തം ജീവിതം ആയുഷ്‌കാലം തടവറയിലേക്ക് സ്വയം തള്ളുകയും ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞേക്കും.

കുടുംബ ബന്ധങ്ങളുടെ സുരക്ഷിത സ്‌നഹത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഓരോ വ്യക്തിയും ശ്രമിക്കുമ്പോള്‍ വിവാഹേതര ബന്ധങ്ങളുടെ എണ്ണവും വണ്ണവും കുറയാതിരിക്കില്ല. ജീവിതം തനിക്കു കൊണ്ടുത്തരുന്നത് അത്തരം അനിവാര്യ ബന്ധങ്ങളാണെങ്കില്‍ ആ വഴിക്കു നീങ്ങും മുമ്പ് പലവട്ടം ആലോചിക്കാം. തനിക്കു ചുറ്റുമുള്ളവരെക്കുറിച്ച്,  തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെക്കുറിച്ച് ചിന്തിക്കാം.  പിന്നെയും മാടിവിളിക്കുന്നത് ഇന്നലെക്കണ്ട പരപുരുഷമോ പരസ്ത്രീയോ ആണെങ്കില്‍ അതില്‍ പൂര്‍ണമായി മുഴുകും മുമ്പ് തടസങ്ങള്‍ വെട്ടി നീക്കരുത്. ജീവിക്കാന്‍ എല്ലാവര്‍ക്കുമുണ്ട് അവകാശം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Love, Lover, Family, Kill, Husband, Wife, Child, Life, Article - Life is beautiful; Not only for you
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia