മലയാള സിനിമയിലെ നായികാനായക സങ്കല്‍പ്പങ്ങള്‍: അവസാന ഭാഗം

 


മനോജ്‌ വി.ബി.

(www.kvartha.com 25.04.2014) റ്റപ്പാലത്തിനടുത്ത് ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് നടക്കുകയാണ്. പുതുമുഖമാണ് നായിക. മദ്ധ്യ വയസ്‌ക്കനായ സൂപ്പര്‍ നായകന്‍ എത്തിയപ്പോള്‍ അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നിഷ്‌കളങ്കമായി അഭിവാദ്യം ചെയ്തു, ഗുഡ് മോര്‍ണിംഗ് അങ്കിള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ നായകന്‍ സംവിധായകനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: ആ നായിക ശരിയാവില്ല. അവളെ മാറ്റണം.
എന്താ സര്‍ കാര്യം?: സംവിധായകന്റെ ചോദ്യം. അത് അവള്‍ എന്നെ അങ്കിള്‍ എന്നു വിളിച്ചു. അതുകൊണ്ട് അവള്‍ വേണ്ട: നായകന്‍ പറഞ്ഞു. പ്രായമെത്രയായാലും നാല്‍പ്പത് കടക്കാത്ത നായകനും മുപ്പതുകളില്‍ എത്തുമ്പോള്‍ തന്നെ അമ്മ വേഷങ്ങള്‍ ചെയ്യേണ്ടി വരുന്ന നായികയും ഇതിനിടയില്‍ ഒരുപാട് പ്രാവശ്യം ജീവിച്ച് മരിക്കേണ്ടി വരുന്ന വില്ലനും അടങ്ങിയതാണ് നമ്മുടെ സിനിമാ സങ്കല്‍പ്പം.

മലയാള സിനിമയിലെ നായികാനായക സങ്കല്‍പ്പങ്ങള്‍: അവസാന ഭാഗം
നമ്മുടെ പതിവ് നായികമാരെയും വില്ലന്‍മാരെയും പരിചയപ്പെടാം. അത്തരം വേഷങ്ങള്‍ ഒരുപാട് സിനിമകളില്‍ വന്നിട്ടുണ്ട്.

നായിക

  • നായികയുടെ മുറചെറുക്കന്‍മാര്‍ മന്ദബുദ്ധികളോ സ്ത്രീലമ്പടന്‍മാരോ ആയിരിയ്ക്കും. അതുപോലെ തന്നെ തീവ്രവാദഅധോലോക ബന്ധമുള്ള ചെറുപ്പക്കാരുമായാണ് നായികയുടെ വിവാഹം മിക്കപ്പോഴും ഉറപ്പിക്കുന്നത്. എന്തായാലും അവസാനം ഇവരെയെല്ലാം തോല്‍പ്പിച്ച് നായകന്‍ തന്നെ നായികയെ സ്വന്തമാക്കും.
  • നായികയുടെ അഹങ്കാരം കുറയ്ക്കാന്‍ സംവിധായകന്റെ മുന്നില്‍ രണ്ടു വഴികളാണ് ഉള്ളത്:
    1) അവളെ നഗ്‌നയായി നായകന്റെ മുന്നില്‍ നിര്‍ത്തുക. മിക്കപ്പോഴും അവളുടെ കിടപ്പറയോ കുളിമുറിയോ ആയിരിയ്ക്കും അതിനു വേദിയാകുന്നത്. അതോടെ അവള്‍ അയാള്‍ക്ക് മുന്നില്‍ നമ്ര ശിരസ്‌ക്കയാകും.
    2) അവള്‍ പണക്കാരനായ അച്ഛന്റെ ദത്തു പുത്രി മാത്രമായിരുന്നുവെന്ന് സ്ഥാപിക്കുക. അതോടെ പണത്തെ ചൊല്ലിയുള്ള അവളുടെ ഹുങ്ക് അവസാനിക്കും.
  • ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ പതിവായി അമ്പലത്തിലോ പള്ളിയിലോ പോകാറുണ്ട്. നായകനോടൊപ്പം ഒളിച്ചോടുന്ന സമയത്തും ദേവാലയത്തിന്റെ പേര് പറഞ്ഞാകും അവള്‍ വീട്ടില്‍ നിന്നിറങ്ങുക.
  • നായികയുടെ അച്ഛന്‍ മിക്കപ്പോഴും രണ്ടാം കെട്ടുകാരനാണ്. കേവലം മാനേജര്‍ മാത്രമായിരുന്ന അയാള്‍ ഭീമമായ സ്വത്ത് മോഹിച്ചാണ് നായികയുടെ അമ്മയെ വിവാഹം കഴിച്ചത്. അധോലോക ബന്ധമുള്ള ഒരാളുമായി പിന്നീട് അയാള്‍ നായികയുടെ വിവാഹം ഉറപ്പിക്കും.
  • നാട്ടിന്‍പുറത്തെ പെണ്‍കുട്ടികള്‍ ഫുള്‍ പാവാടയോ സാരിയോ ധരിക്കുന്നു. നഗരത്തിലെ പെണ്‍കുട്ടികളുടെ വേഷം മിഡി, ചുരിദാര്‍, ജീന്‍സും ഷര്‍ട്ടും ഇവയില്‍ ഏതെങ്കിലുമായിരിക്കും. എന്നാല്‍ വിദേശത്ത് പഠിച്ചു വളര്‍ന്നതാണെങ്കില്‍ മിനി സ്‌കേര്‍ട്ട് മതിയാകും.
  • നായകന് സംഘട്ടനത്തില്‍ പരുക്കേല്‍ക്കുമ്പോഴോ കള്ളക്കേസില്‍ കുടുങ്ങുമ്പോഴോ ആണ് നായികയ്ക്ക് അയാളോട് പ്രണയം തോന്നുന്നത്. ഏറെ നാള്‍ പ്രണയിക്കുമെങ്കിലും വിവാഹ തലേന്ന് മാത്രമായിരിക്കും അവള്‍ ഒളിച്ചോടാന്‍ തയാറാകുന്നത്.
  • ഇരട്ട നായികമാരാണെങ്കില്‍ അവര്‍ ഒരേ ആളെയായിരിക്കും പ്രണയിക്കുന്നത്. അവസാനം ഇരുവരും കാമുകനെ ചൊല്ലി തമ്മിലടിച്ച് ചാകും. (നാദിയ കൊല്ലപ്പെട്ട രാത്രി, ചാരുലത, ഗീതാഞ്ജലി)
  • സത്യന്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ള വിവിധ പ്രായക്കാരായ മക്കളാണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ളത്. ഇരട്ടി പ്രായമുള്ള സത്യനാണ് അവരുടെ മൂത്ത പുത്രന്‍. നായിക പതിവായി പോകുന്ന സ്ഥലങ്ങള്‍: കോളേജ്, ഐസ്‌ക്രീം പാര്‍ലര്‍, റസ്‌റ്റോറന്റ്, ഷോപ്പിങ് മാള്‍, സിനിമ തിയറ്റര്‍.

വില്ലന്‍

  • അബുസാലിമാണ് കേരളത്തിലെ ഗുണ്ടകളുടെ നേതാവ്. മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെയുള്ളവരുടെ അടി പലകുറി കൊണ്ടെങ്കിലും അദ്ദേഹം ഇതുവരെ നന്നായിട്ടില്ല. നേരത്തെ ബാബുരാജ് കൂട്ടിനുണ്ടായിരുന്നെങ്കിലും അദ്ദേഹം അടുത്തിടെ മാര്‍ഗ്ഗം കൂടി നല്ല സമരിയാക്കാരനായി. മോഹന്‍ രാജിനെ പോലുള്ളവരും രംഗത്ത് സജീവമാണ്. ബലാല്‍സംഗം മുതല്‍ തട്ടിക്കൊണ്ടുപോകലും കൊലപാതകവും വരെ ചെയ്യുമെങ്കിലും വീടും കടയും ഒഴിപ്പിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
  • ഷമ്മി തിലകനും റിയാസ് ഖാനുമൊക്കെ നായികയെ ബലാല്‍സംഗം ചെയ്യാന്‍ പലകുറി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അവസാന നിമിഷം വാതില്‍ പൊളിച്ച് അകത്തു വരുന്ന നായകന്‍ അവരെ അടിച്ചിട്ട് നായികയെയും കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. എന്നിട്ടും പാഠം പഠിക്കാത്ത അവര്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
  • പണക്കാരുടെ വീടുകളില്‍ നില്‍ക്കുന്ന സഹായികള്‍ പൊതുവേ മണ്ടന്‍മാരായിരിക്കും. വില്ലന്‍മാരുടെ കൂട്ടത്തില്‍ നന്‍മയുള്ള ഒരാളെങ്കിലും ഉണ്ടാകും. സിനിമയുടെ അവസാനമായിരിക്കും അയാള്‍ നായകന്റെയോ പോലീസിന്റെയോ അടുത്തു ചെന്ന് എല്ലാം തുറന്നു പറയുന്നത്. യജമാന്റെ കള്ളപ്പണ നിക്ഷേപം മുതല്‍ പണ്ട് ചെയ്ത കൊലപാതക വിവരങ്ങള്‍ വരെ വള്ളിപുള്ളി വിടാതെ അയാള്‍ വിളമ്പും. വില്ലനില്‍ നിന്ന് സ്വന്തം കുടുംബത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടാകുമ്പോഴാണ് അയാള്‍ ഇങ്ങനെ മാനസാന്തരപ്പെടുന്നത്.
  • വില്ലന്റെ കൈവശം കോടികളുടെ കള്ളപ്പണമുണ്ടായിരിക്കും. സ്വന്തം വീട്ടിലെ രഹസ്യ നിലവറയിലാണ് അധികം പേരും അത് സൂക്ഷിക്കുന്നത്. ഇന്‍കം ടാക്‌സ് വന്നാല്‍ പോലും അത് കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ നായകന്‍ ഒറ്റനോട്ടത്തില്‍ തന്നെ നിലവറയുടെ സാന്നിധ്യം മനസിലാക്കും.
  • കൊല്ലം തുളസിയാണ് സംസ്ഥാന ഖജനാവ് ഏറ്റവുമധികം കട്ടുമുടിച്ച മന്ത്രി. ദേവന്‍, ടിപി മാധവന്‍, ശിവജി ഗുരുവായൂര്‍ എന്നിവരും മോശക്കാരല്ല.
  • വില്ലന്‍മാരുടെ ജോലികള്‍: രാഷ്ട്രീയം, പോലീസ്, ബ്ലെയ്ഡ് ബാങ്ക്, വ്യവസായം, പണക്കാരുടെ മാനേജര്‍, നാട്ടിലെ പ്രമാണി, വിദേശ മലയാളി.സിനിമയുടെ തുടക്കത്തില്‍ മന്ത്രിയാണെങ്കില്‍ ഇടവേളയ്ക്ക് ശേഷം അയാള്‍ രാജി വയ്ക്കും.

വാഹനങ്ങളുടെ ഉപയോഗം
ടിപ്പര്‍ ലോറി
ശത്രുക്കളെ കൊലപ്പെടുത്തുക. പ്രധാനമായും നായകന്റെ ബന്ധുക്കളോ അല്ലെങ്കില്‍ ഏതെങ്കിലും കേസിലെ സാക്ഷികളോ ആണ് ഇവിടെ ഇരയാകുന്നത്.

തീവണ്ടി
നായികാ നായകന്‍മാര്‍ക്ക് ഒളിച്ചോടാന്‍. ഇക്കാര്യങ്ങള്‍ക്ക് ബസ് നിഷിദ്ധമാണ്.

കാര്‍
പെണ്ണു കാണല്‍ ചടങ്ങിന് പോകാന്‍ കാര്‍ നിര്‍ബന്ധം.

ബസ്
ഏതെങ്കിലും കേസില്‍ കുടുങ്ങി നാട് വിടുന്നവര്‍ അന്തര്‍ സംസ്ഥാന ബസിലോ ലോറിയിലോ ആണ് യാത്ര ചെയ്യുക. ലോറി ഡ്രൈവറുടെ പിന്നിലുള്ള ക്യാബിന്‍ ഇത്തരക്കാര്‍ക്കായി മാറ്റി വച്ചിരിക്കുന്നു. പൊള്ളാച്ചിയിലേക്ക് പോകുന്നവര്‍ ലോറിയുടെ പിന്നിലും കയറാറുണ്ട്.

മലയാള സിനിമയിലെ നായികാനായക സങ്കല്‍പ്പങ്ങള്‍: അവസാന ഭാഗം
Manoj V.B
(Writer)
Also read: 
മലയാള സിനിമയിലെ നായികാ-നായക സങ്കല്‍പ്പങ്ങള്‍-ഭാഗം 1

Keywords:  Characters of Malayalam movies, Characters of Malayalam movies, Watch Full length Movies, Comedy Clips, Fights, Romantic Scenes, Songs and Spicy Clips, Latest Malayalam Movie News, Movie reviews, Photos, Now running Malayalam Movies, Upcoming Malayalam Movies, Role of actors in Malayalam Cinema  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia