പേടിത്തൊണ്ടന്‍മാര്‍

 


മനോജ് വി.ബി.

(www.kvartha.com 04.05.2014) പേടിത്തൊണ്ടന്‍മാര്‍ വീണ്ടും എത്തി. ഒരാളോട് നേരിട്ട് മുട്ടാന്‍ ധൈര്യമില്ലാതെ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നവരെയാണല്ലോ പേടിത്തൊണ്ടന്‍മാര്‍ എന്നു പറയുന്നത്. ഇക്കുറി അത്തരം ഒളിയുദ്ധത്തിന് സാക്ഷ്യം വഹിച്ചത് ചെന്നൈ നഗരമാണ്. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മെയ് രണ്ടാം തീയതി നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഗുവാഹത്തി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വാതി എന്ന യുവതിയാണ് മരിച്ചത്. ബാംഗ്ലൂര്‍ ടി.സി.എസില്‍ ജോലി ചെയ്യുകയായിരുന്ന അവര്‍ സ്വന്തം വിവാഹ നിശ്ചയത്തിനായാണ് ഗുണ്ടൂരിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ആദ്യം വേറെ ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം കൂട്ടുകാരിയോടൊപ്പം അവര്‍ അപകടം നടന്ന ട്രെയിനില്‍ കയറുകയായിരുന്നു.

ബോംബ് വച്ചതിന് ശേഷമാണെന്ന് തോന്നുന്നു, ഒരാള്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ധൃതിയില്‍ ഇറങ്ങി പോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ആളുടെ ചിത്രം പുറത്തു വിട്ട പോലീസ് അയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. അതേസമയം ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് മുഖം മറച്ചു കൊണ്ട് ഒരാള്‍ ഗുവാഹത്തി എക്‌സ്പ്രസില്‍ കയറുന്ന വീഡിയോ കൂടി കണ്ടെത്തിയത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. ബോംബ് വച്ചത് ഏത് സ്‌റ്റേഷനില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരിനും ചെന്നൈക്കും ഇടയിലുള്ള സ്‌റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറയില്ലാത്തത് അന്വേഷണത്തെ ബാധിച്ചു.

ചെന്നൈയില്‍ അടുത്തിടെ ശ്രീലങ്കന്‍ വംശജരായ ചില ഐ.എസ്.ഐ ഏജന്റുമാര്‍ പിടിയിലായിരുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായി സ്‌ഫോടനം നടത്താനുള്ള പാക് പദ്ധതിയെ കുറിച്ച് അവരില്‍ നിന്നറിഞ്ഞ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം ബോംബ് സ്‌ഫോടനത്തിന് പിന്നിലും അവരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. അപകടത്തെ തുടര്‍ന്നു കേരളം ഉള്‍പെടെയുള്ള ദക്ഷിണേന്ത്യയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി.

പോലീസിനെയും ഇന്ത്യന്‍ പട്ടാളത്തെയും നേരിടാന്‍ കെല്‍പ്പില്ലാത്ത ഭീരുക്കള്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല. തീവ്രവാദികള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇരുട്ടിന്റെ മറവില്‍ കള്ളന്മാരെ പോലെ ചാടി വീണ് കാര്യം സാധിക്കുന്നതാണ് അവരുടെ രീതി. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന കുറെ പേരും ചില ഭ്രാന്തന്‍ ചിന്തകളും ഒത്തു ചേരുമ്പോള്‍ സാധാരണക്കാര്‍ പലപ്പോഴും ഇരകളാകുന്നു.

ഇസ്ലാമിക രാജ്യമാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ തന്നെ മുസ്ലിംങ്ങളെയും ഇവര്‍ വെറുതെ വിടാറില്ല. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഹിന്ദുവായാലും മുസ്ലിമായാലും ഇന്ത്യക്കാരെല്ലാം തങ്ങളുടെ ശത്രുക്കളാണ് എന്നാവും പറയുക. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാനിലും മുസ്ലിംങ്ങള്‍ ഇവര്‍ക്ക് ശത്രുക്കളാണെന്ന് കാണാം. അവിടെ ഷിയകളും സുന്നികളും പരസ്പരം പള്ളികളില്‍ ബോംബ് പൊട്ടിച്ചു കളിക്കുന്നു. മറ്റുള്ളവരെ ആശയപരമായി നേരിടാന്‍ കഴിയാതെ അവരെ തോക്കും ബോംബുമുപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കു സഹജീവികളുടെ വേദന മനസിലാക്കാന്‍ കഴിവില്ലെന്ന് വ്യക്തമാണ്. അങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും പഠിപ്പിച്ച പ്രവാചകനെ പോലും അവര്‍ വെല്ലുവിളിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവര്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ ധരിക്കണമെന്നുമൊക്കെയാണ് പാക്കിസ്ഥാനിലേയും അഫ്ഗാനിലെയും താലിബാന്‍ മേഖലകളിലെ അലിഖിത നിയമം. പെണ്ണിന്റെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണെന്നും അതുകൊണ്ട് നിര്‍ബന്ധമായും അവര്‍ മേല്‍വസ്ത്രം അണിയണമെന്നും തീവ്ര ചിന്താഗതിക്കാര്‍ വാദിക്കുന്നു. പക്ഷേ ഭര്‍ത്താവിന്റെ കണ്‍മുന്നിലിട്ട് ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്ത ഭീകരരെ കുറിച്ച് റാവല്‍പിണ്ടിയില്‍ നിന്നും കാശ്മീരില്‍ നിന്നും പലപ്പോഴായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മാസങ്ങളോളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ കഴിഞ്ഞത് മൂലം അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക വികാരമാണ് അവര്‍ ഭര്‍തൃമതികളായ സ്ത്രീകളില്‍ കാണിച്ചത്. പെണ്ണിന്റെ ചൂടേല്‍ക്കാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മറ്റ് പല രീതികളില്‍ കൂടിയും അവരെ ഒതുക്കാന്‍ ശ്രമിക്കുന്നത് എന്നു ചുരുക്കം.

1999ലെ കാര്‍ഗില്‍ യുദ്ധത്തിലെ തോല്‍വിയോടെ ഇന്ത്യയെ സൈനികമായി നേരിടാന്‍ ആവില്ലെന്ന് പാക്കിസ്ഥാന്‍ മനസിലാക്കി. ആയിരത്തിലധികം സൈനികരുടെ മരണവും കോടികളുടെ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയ യുദ്ധം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയും മോശമാക്കി. തുടര്‍ന്നു രാജ്യത്ത് തീവ്രവാദം ശക്തിപ്പെടുകയും പാക്കിസ്ഥാന്റെ മൂന്നില്‍ ഒന്ന് ഭാഗം താലിബാന്‍ പിന്തുണയുള്ള തീവ്രവാദ വിഭാഗങ്ങള്‍ കയ്യടക്കുകയും ചെയ്തു. ഇന്നും അത്തരം മേഖലകളില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാരിന്റെ കഴിവുകേട് പ്രദേശത്ത് അമേരിക്കയുടെ കടന്നു കയറ്റത്തിനും വഴിയൊരുക്കി. തീവ്രവാദികളെ നേരിടാന്‍ വേറെ വഴിയില്ലാതെ സര്‍ക്കാരിന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നു വരെ സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നു. അങ്ങനെയാണ് സര്‍ക്കാര്‍ അനുകൂല ഭീകര സംഘടനകളുടെ സഹായത്തോടെ ഇന്ത്യക്കെതിരെ ഒളിയുദ്ധം എന്ന ആശയം ചില ഐ.എസ്.ഐ മേധാവികളുടെ തലയില്‍ ഉദിച്ചത്.

പേടിത്തൊണ്ടന്‍മാര്‍2008ല്‍ മുംബൈയില്‍ എട്ടിടങ്ങളിലായി നടന്ന ആക്രമണത്തില്‍ 164 നിരപരാധികളുടെ ജീവനാണ് വെടിഞ്ഞത്. സ്ത്രീകളും കുട്ടികളും വരെ ആക്രമണത്തിനിരയായി. കൊലയാളി സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നെങ്കിലും സി.എസ്.ടി സ്‌റ്റേഷനില്‍ കൂട്ടക്കൊല നടത്തിയ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. അതിനു മുമ്പ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, 2002ല്‍ അക്ഷര്‍ധാം ക്ഷേത്രം, വിവിധ സമയങ്ങളിലായി ചെറുതും വലുതുമായ നഗരങ്ങളും തീവണ്ടികളും ആക്രമിച്ച ഭീരുക്കള്‍ പട്ടാളത്തെയും സാധാരണ ജനങ്ങളെയും മുഖാമുഖം നേരിടാന്‍ തങ്ങള്‍ക്ക് ധൈര്യമില്ലെന്നും മാരകായുധങ്ങളില്ലാതെ യുദ്ധം ജയിക്കാന്‍ കെല്‍പ്പില്ലെന്നും തെളിയിച്ചു.

തോക്കും ബോംബും ഉപയോഗിച്ച് നിരായുധരായ സഹപാഠികളെ കൊലപ്പെടുത്താന്‍ ഇറങ്ങുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അത് പോരാട്ടമല്ല, ഒരുതരം മാനസിക രോഗമാണ്. ആ വിദ്യാര്‍ഥികളും അല്‍ ഖെയ്ദ, ലക്ഷ്‌കര്‍ ഇ തൊയ്ബ എന്നൊക്കെ അറിയപ്പെടുന്ന ഭീകരരും ഒരമ്മ പെറ്റ മക്കള്‍ മാത്രമാണ്. മാനസിക രോഗികള്‍ അഥവാ വെറും പേടിത്തൊണ്ടന്‍മാര്‍.

പകല്‍ വെളിച്ചത്തില്‍ വെറും കയ്യോടെ വരാന്‍ ധൈര്യമില്ലാത്ത അത്തരം പേടിത്തൊണ്ടന്‍മാരാണ് കശ്മീരെന്നും ശരിഅത്തെന്നും ഒക്കെ പറഞ്ഞ് വെറുതെ ബഹളമുണ്ടാക്കുന്നത്. ഇന്ത്യ എന്ന മഹാരാജ്യത്തിന് അത്തരം ഭീരുക്കളെ നേരിടാന്‍ ആയിരം വട്ടം കെല്‍പ്പുണ്ട്.

പേടിത്തൊണ്ടന്‍മാര്‍
Manoj V.B
(Writer)
SUMMARY: Terrorists are biggest cowards who fight from darkness and kill innocent people. With guns and bombs any kid can perform such crimes, but extra bone and courage is needed for ideal fight.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Article, Muslim, Woman, Police, Accident, Husband, Mumbai, Bomb, Article, Pak Terrorism and India 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia