ഇ.പി. ജയരാജനെ പിന്‍ഗാമിയാക്കാന്‍ പിണറായി; ഔദ്യോഗിക പക്ഷത്ത് പുതിയ ചേരിതിരിവ്

 


തിരുവനന്തപുരം: (www.kvartha.com 17.06.2014) സി.പി.എം. സംസ്ഥാന ഘടകത്തിനുള്ളിലെ സമവാക്യങ്ങളില്‍ മാറ്റം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തിനുള്ളിലാണു പുതിയ ചേരിതിരിവ്. ഇത് പാര്‍ട്ടിയില്‍ ശക്തമായ കണ്ണൂര്‍ ലോബിക്കുള്ളിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ അടുത്ത സംസ്ഥാന സെക്രട്ടറിയാകും എന്ന മുന്‍ സ്ഥിതി മാറിയതും ബേബിയുടെ പരാജയം ഉള്‍പെടെയുള്ള കാര്യങ്ങളുമാണ് ഇതിനു പിന്നിലെന്നാണു സൂചന.

അടുത്ത സംസ്ഥാന സെക്രട്ടറിയായി പിണറായി ഇപ്പോള്‍ പരിഗണിക്കുന്നത് ഇ.പി. ജയരാജനെയാണ്. ഇതിനെ കണ്ണൂരില്‍ നിന്നുള്ള പ്രമുഖ നേതാവ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പെടെ എതിര്‍ക്കുകയാണ്. കേന്ദ്ര കമ്മിറ്റിയംഗവും ആലപ്പുഴയില്‍ നിന്നുള്ള പ്രമുഖ നേതാവുമായ ഡോ. ടി.എം. തോമസ് ഐസക് ഉള്‍പെടെ ഒരു വിഭാഗം നേതാക്കളും ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പമുണ്ട്്. ഔദ്യോഗിക പക്ഷത്തെ ഈ പുതിയ ചേരി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പ്രതീക്ഷയോടെ നിരീക്ഷിക്കുകയാണ്. എന്നാല്‍ വി.എസ്. നിലപാടു വ്യക്തമാക്കിയിട്ടില്ല.

നാലാം തവണ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ അടുത്ത വര്‍ഷം സ്ഥാനമൊഴിയുമ്പോള്‍ കോടിയേരി സെക്രട്ടറിയാകും എന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കണ്ണൂര്‍ നേതാക്കള്‍തന്നെ സെക്രട്ടറിയാകുന്നത് ഒഴിവാക്കാനും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പ്രാതിനിധ്യം അവരുടെ പിന്തുണ ലഭിക്കാന്‍ ഉപകരിക്കും എന്നു ചൂണ്ടിക്കാട്ടിയും എം.എ. ബേബിയുടെ പേര് സജീവമായി ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബേബിയുടെ പ്രവര്‍ത്തനമേഖല ഡല്‍ഹി ആക്കണം എന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിച്ചതും. എന്നാല്‍ ബേബി കേന്ദ്രത്തില്‍ പോയാല്‍ അവിടെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനത്തേക്ക് എത്തുമെന്ന പിണറായി പക്ഷത്തിന്റെ ആശങ്കമൂലമാണ് പരനാറി പ്രയോഗം ഉണ്ടായത് എന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ബേബിയുടെ തോല്‍വി ഉറപ്പാക്കുകയായിരുന്നത്രെ  ലക്ഷ്യം.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി വരണം എന്ന നിലപാടില്‍ നിന്ന് പിണറായിയും അദ്ദേഹത്തിന്റെ 'സര്‍ക്കിളും' പിന്നോട്ടു പോയതാണ് ഇതിനു ശേഷമുണ്ടായ പ്രധാന സംഭവവികാസം. ഇ.പി. ജയരാജനെ സെക്രട്ടറിയാക്കാനുള്ള കരുനീക്കം ശക്തമായതോടെ കോടിയേരി പ്രകോപിതനാണ്. പക്ഷേ, തോമസ് ഐസക്കിന്റെയും ഗോവിന്ദന്‍ മാസ്റ്ററുടെയും പുതിയ നീക്കങ്ങളെ അദ്ദേഹം എങ്ങനെയാണു കാണുന്നത് എന്നു വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളു.

അതേസമയം, പാര്‍ട്ടിയിലെ ചിലര്‍ തന്നെ മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നു എന്ന് എം.എ. ബേബി ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ തുറന്നടിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ അത് വന്‍ പൊട്ടിത്തെറിക്കു കാരണമായേക്കും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പെടെ കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തിന് എത്തുന്നുണ്ട്.
ഇ.പി. ജയരാജനെ പിന്‍ഗാമിയാക്കാന്‍ പിണറായി; ഔദ്യോഗിക പക്ഷത്ത് പുതിയ ചേരിതിരിവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മതിലിടിഞ്ഞ് ഷെഡിന് മുകളില്‍ വീണ് 2 കാറുകളും ബൈക്കും തകര്‍ന്നു
Keywords:  CPM, E.P Jayarajan, Pinarayi vijayan, Kodiyeri Balakrishnan, M.A Baby, Kerala, CPM Kerala State Secretary, New diversion in CPM groups.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia