അറസ്റ്റും മോചനവും പുണ്യ റമദാനില്‍

 


ബാംഗ്ലൂര്‍: (www.kvartha.com 11.07.2014) മൂന്നര വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ജയില്‍ മോചിതനാകുന്നത് പുണ്യ റമദാനില്‍. 2010 ഓഗസ്റ്റ് 17ന് റമദാന്‍ നോമ്പിലായിരിക്കെയാണ് അന്‍വാറുശേരിയിലെ യതീംഖാനയില്‍ നിന്ന് കര്‍ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അതേ പുണ്യ റംസാനിലെ വെള്ളിയാഴ്ചയാണ് മഅ്ദനിക്ക് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചത് എന്നത് തികച്ചും യാദൃശ്ചികമാണ്.

മൂന്നര വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നോമ്പുകാരനായിരുന്ന മഅ്ദനി ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു നോമ്പ് തുറന്നത്. രോഗങ്ങള്‍ രൂക്ഷമാവുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് റമദാനില്‍ അദ്ദേഹത്തിന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ അഭിഭാഷകന്‍ മുഖേന അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ചോദിച്ചതും ഈ സാഹചര്യത്തിലാണെന്നു വേണം അനുമാനിക്കാന്‍.

കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുന്ന കാലത്താണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന ശേഷവും അദ്ദേഹത്തോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ല. മാത്രമല്ല, സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പിച്ച റിപോര്‍ട്ട് ബി.ജെ.പി ഭരണകാലത്തേക്കാള്‍ കൂടുതല്‍ രൂക്ഷവുമായിരുന്നു. കേരള സര്‍ക്കാര്‍ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. മഅ്ദനി കേരളത്തില്‍ വരുന്നത് യാതൊരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കില്ലെന്നും കേരളം നിലപാട് അറിയിച്ചു.

കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് സമര്‍പിച്ച ജാമ്യാപേക്ഷയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്താന്‍ മഅ്ദനിയുടെ പാര്‍ട്ടിയും മഅ്ദനിയുടെ കേസില്‍ സഹായിക്കുന്ന മതനിരപേക്ഷ ശക്തികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയൊക്കെ നേരില്‍ കണ്ട് മഅ്ദനിയുടെ കുടുംബവും നിവേദനം നല്‍കിയിരുന്നു.

മഅ്ദിനയെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെത്തിയ കര്‍ണാടക പോലീസ് ദിവസങ്ങളോളം കൊല്ലം കരുനാഗപ്പള്ളിയില്‍ തങ്ങിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ അറസ്റ്റ് തടയാന്‍ പി.ഡി.പി പ്രവര്‍ത്തകര്‍ രംഗത്തു വന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. കോടതിയില്‍ കീഴടങ്ങാന്‍ പോവുന്നതിനിടെയായിരുന്നു ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണറായിരുന്ന അലോക് കുമാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്.

ളുഹര്‍ നമസ്‌കാരത്തിനുശേഷം കോടതിയില്‍ കീഴടങ്ങുമെന്ന് മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. നമസ്‌കാരം കഴിഞ്ഞ് കീഴടങ്ങാന്‍ പോകാന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് കൊല്ലം എസ്.പിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്‍വാര്‍ശേരിയിലേക്ക് പ്രവേശിച്ചത്. വാഹനത്തിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം പോലീസ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അറസ്റ്റിന് മുമ്പ് സുപ്രീംകോടതി തന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിക്കുമെന്നും കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും മഅ്ദനി അറിയിച്ചെങ്കിലും കര്‍ണാടക പോലീസ് കൂട്ടാക്കിയില്ല. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മഅ്ദനിയെ മാധ്യമ പ്രവര്‍ത്തകരെ കാണിക്കാതെ പിന്‍വാതിലിലൂടെ ഇറക്കി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.

പിന്നീട് ഒരുതവണ മാത്രമേ മഅ്ദനിക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. മകളുട വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു അത്. ചികിത്സയ്ക്കും ഏതാനും തവണ മഅ്ദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് ഒഴികെ കാരാഗൃഹത്തില്‍ തന്നെയായിരുന്നു രോഗങ്ങളുമായി മഅ്ദനി മല്ലിട്ടു വന്നിരുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടക്കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം അവിടെ ജയിലിലായിരുന്ന മഅ്ദനിയെ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നു. അന്ന് ജയില്‍ മോചിതനായ മഅ്ദനിക്ക് കേരളത്തില്‍ പി.ഡി.പിയുടെയും ഇടത് മുന്നണിയുടെയും നേതൃത്വത്തില്‍ വന്‍ സ്വീകരണവും ഒരുക്കിയിരുന്നു. ഇതിന് ശേഷം നടന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടത് - പി.ഡി.പി സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ മഅ്ദനിയും പിണറായിയും ഒരുമിച്ച് വേദി പങ്കിട്ടത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്നും കരുതിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പി.ഡി.പിയെ തള്ളിപ്പറഞ്ഞ ഇടത് മുന്നണിയുമായുള്ള ബന്ധം മഅ്ദനി പൂര്‍ണമായും വിച്ഛേദിച്ചിു. ഇതിന് ശേഷമായിരുന്നു മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടത്. യു.ഡി.എഫ് - എല്‍.ഡി.എഫ് കക്ഷികള്‍ മഅ്ദനിയുടെ മോചന കാര്യമായ ഇടപെടലൊന്നും നടത്തിയിരുന്നില്ല. വൈകിയാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ മഅ്ദനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും ബി.ജെ.പി കര്‍ണാടകയില്‍ മുതലെടുപ്പ് നടത്തുമെന്ന് പറഞ്ഞ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ നിലപാട് കടുപ്പിക്കുകയായിരുന്നു. പിന്നീടാണ് മഅ്ദനി നിയമത്തിന്റെ വഴിയില്‍ പോരാട്ടം തുടങ്ങിയത്. ഇതാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.

സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു മഅ്ദനിയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കര്‍ണാടക പോലീസ് അന്ന് വാദിച്ചത്. കുടക് കാപ്പിത്തോട്ടത്തിലെ നാട്ടുകാരായ ചിലരായിരുന്നു മഅ്ദനിക്കെതിരെ സാക്ഷി മൊഴി നല്‍കിയത്. എന്നാല്‍ ഈ സാക്ഷികള്‍ തങ്ങളെ നിര്‍ബന്ധിപ്പിച്ചാണ് പോലീസ് മൊഴിയെടുത്തതെന്ന് തെഹല്‍ക്കയിലൂടെ പുറത്തുവിട്ടിരുന്നു. ഈ റിപോര്‍ട്ടിന്റെ പേരില്‍ തെഹല്‍ക്ക ലേഖിക ഷാഹിനയ്‌ക്കെതിരെയും കാസര്‍കോട്ടെ ചില പി.ഡി.പി നേതാക്കള്‍ക്കെതിരെയും കര്‍ണാടക പോലീസ് കേസെടുത്തിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

ഏറെ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായ ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും മഅ്ദനിക്ക് ഒരുമാസം ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചത് മഅ്ദനിയെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെയും ഏറെ ആഹ്ലാദിപ്പിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
അറസ്റ്റും മോചനവും പുണ്യ റമദാനില്‍

Related News: 
മഅ്ദനിക്ക് സുപ്രീം കോടതി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു
Also Read: 
ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍
Keywords : Bangalore, Case, Jail, Bail, Supreme Court of India, Kerala, National, Abdul-Nasar-Madani, Ramadan, Fast. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia