ആറ് എഡിഷനുകള്‍, അഞ്ച് ലക്ഷം കോപ്പി; 'സുപ്രഭാതം' ആഗസ്റ്റ് ഒന്നിന്

 


തിരുവനന്തപുരം: (www.kvartha.com 13.07.2014) ആറ് എഡിഷനുകളും അഞ്ച് ലക്ഷം കോപ്പികളുമായി സുപ്രഭാതം ദിനപത്രം കേരളത്തിലെ മാധ്യമ രംഗത്തേക്ക്. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരണം ആരംഭിക്കാനാവുന്ന വിധത്തില്‍ സുപ്രഭാതത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഘടനാപരവും സാമ്പത്തികവും നയപരവുമായ തടസങ്ങള്‍മൂലം പലതവണ അനിശ്ചിതത്വം നേരിട്ട സുപ്രഭാതം അതെല്ലാം മറികടന്നുകൊണ്ടാണ് എത്തുന്നത്.

സംസ്ഥാനത്തെ മുസ്ലിം സമുദായത്തില്‍ സുപ്രധാന സ്വാധീനമുള്ള ഇ.കെ വിഭാഗം സുന്നി നേതൃത്വമാണ് സുപ്രഭാതത്തിന്റെ അണിയറ ശില്‍പികള്‍. മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇ.കെ വിഭാഗത്തിന്റെ പുതിയ പത്രം നേരിട്ട പ്രധാന തടസങ്ങളിലൊന്ന് ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് അത് ഉണ്ടാക്കാന്‍ പോകുന്ന വെല്ലുവിളിയായിരുന്നു. ചന്ദ്രികയും സുപ്രഭാതവും സമുദായത്തിന്റെയും കേരളത്തിലെ മാധ്യമ മേഖലയുടെയും ശക്തി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി നിലകൊള്ളട്ടെ എന്നാണ് ഒടുവിലുണ്ടായ തീരുമാനം. അതോടെ സുപ്രഭാതത്തിന്റെ വരവിനെതിരെ ലീഗ് ഉയര്‍ത്തിയ എതിര്‍പ്പ് നിര്‍ത്തിവെക്കുകയും ചെയ്തു.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സുപ്രഭാതത്തിന്റെ എഡിഷനുകള്‍ ഉണ്ടാവുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് ആദ്യം പരിഗണനയിലുണ്ടായിരുന്നത്. പിന്നീട് കണ്ണൂരും മലപ്പുറവും കൂടി ചേര്‍ത്തു. അവസാന ഘട്ടത്തിലാണ് തൃശൂരില്‍ നിന്നുകൂടി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഒറ്റയടിക്ക് ഇത്രയേറെ എഡിഷനുകളുമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന പത്രം എന്ന പ്രത്യേകതയും ഇതോടെ സുപ്രഭാതത്തിന് സ്വന്തം. 14 ജില്ലകളില്‍ പത്തനംതിട്ട ഒഴികെ എല്ലായിടത്തും ന്യൂസ് ബ്യൂറോകള്‍ പ്രവര്‍ത്തനം തുടങ്ങി. പത്തനംതിട്ടയില്‍ വൈകാതെ ബ്യൂറോ തുടങ്ങും.
ജില്ലാ ലേഖകന്‍മാരെയും വിന്യസിച്ചു കഴിഞ്ഞു.

പത്രത്തിന്റെ നയവും ശൈലിയും സംബന്ധിച്ച് മാസങ്ങള്‍ നീളുന്ന പരിശീലന ക്യാമ്പുകള്‍ക്കൊന്നും സമയം നഷ്ടപ്പെടുത്താതെയാണ് സുപ്രഭാതം വരുന്നത്. അതേസമയം നയവും ശൈലിയും സംബന്ധിച്ച് റിപോര്‍ട്ടര്‍മാര്‍ക്കും പത്രാധിപ സമിതി അംഗങ്ങള്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കുകയും ചെയ്തു. സുപ്രഭാതത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുടെയും യോഗം കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചുചേര്‍ത്താണ് നയം വിശദീകരിച്ചത്. മുസ്ലിം ലീഗുമായി പ്രത്യേക അടുപ്പമോ, അകലമോ സൂക്ഷിക്കാത്ത നയമാണ് സുപ്രഭാതം വെളിപ്പെടുത്തുന്നത്.

ലീഗിന് പ്രബല മുസ്ലിം രാഷ്ട്രീയ കക്ഷി എന്ന നിലയിലുള്ള പരിഗണന നല്‍കും. എന്നാല്‍ വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വിമര്‍ശിക്കും. ലീഗ് ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരെ മതിയായ തെളിവുകളോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ അതിന് മടിക്കില്ല. മുസ്ലിം സമുദായത്തിലെ വിവിധ സംഘടകളോട് സ്വീകരിക്കുന്ന സമീപനം സംബന്ധിച്ചും യോഗത്തില്‍ വിശദീകരണമുണ്ടായി. സുന്നികളിലെ മറ്റൊരു പ്രബല വിഭാഗമായ എ.പി വിഭാഗത്തെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ കാന്തപുരം വിഭാഗം എന്ന് ബ്രാക്കറ്റില്‍ നല്‍കണം എന്നാണ് ഒരു നിര്‍ദേശം. അവരെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് തടസമില്ല. എന്നാല്‍ അവര്‍ക്ക് പ്രത്യേക പിന്തുണയോ, പ്രോത്സാഹനമോ നല്‍കുന്ന വാര്‍ത്തകള്‍ സുപ്രഭാതത്തില്‍ ഉണ്ടാവില്ല. ഏതുതരം വാര്‍ത്തകളാണ് കാന്തപുരം വിഭാഗവുമായി ബന്ധപ്പെട്ട് നല്‍കേണ്ടത് എന്നതിന് വ്യക്തമായ ഉദാഹരണവും യോഗത്തില്‍ ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി കാന്തപുരം വിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ അത് മറ്റ് മാധ്യമങ്ങളെ പോലെ സുപ്രഭാതവും റിപോര്‍ട്ട് ചെയ്യും. എന്നാല്‍ കാന്തപുരം വിഭാഗത്തിന് മാത്രമായി പ്രത്യേക ശ്രദ്ധ നല്‍കുന്ന തരത്തിലായിരിക്കില്ല അത്തരം വാര്‍ത്തകളുടെ റിപോര്‍ട്ടിംഗ്. മുജാഹിദ് വിഭാഗങ്ങളെ കെ.എന്‍.എം ഔദ്യോഗിക വിഭാഗം, കെ.എന്‍.എം മടവൂര്‍ വിഭാഗം, കെ.എന്‍.എം മൂന്നാം വിഭാഗം എന്നിങ്ങനെയാണ് വിശേഷിപ്പിക്കുക.

യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും പത്രം എന്ന നിലയില്‍ സമദൂര സിദ്ധാന്തം തന്നെയാണ് സുപ്രഭാതം സ്വീകരിക്കുക. എന്നാല്‍ മതവിരുദ്ധരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കില്ല. മുസ്ലിം സമുദായത്തിന്റെ ഉന്നമനവും പിന്നോക്ക ദളിത് വിഭാഗങ്ങളുടെ പുരോഗതിയുമാണ് മുഖ്യ അജണ്ടയെങ്കിലും സംസ്ഥാനത്തിന്റെ വികസനം, രാജ്യത്തെ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം, രാഷ്ട്രത്തിന്റെ അഖണ്ഡത, പരമാധികാരം എന്നിവ മുറുകെ പിടിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് സുപ്രഭാതം പ്രഖ്യാപിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ആറ് എഡിഷനുകള്‍, അഞ്ച് ലക്ഷം കോപ്പി; 'സുപ്രഭാതം' ആഗസ്റ്റ് ഒന്നിന്

Keywords : Thiruvananthapuram, News Paper, Kerala, Muslim-League, Samastha, Suprabhatham news paper, E.K Samastha, AP Samastha, LDF, UDF, Edition. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia