അബ്ദു റബ്ബിന്റെ പി.ആര്‍.ഒ തെറിച്ചത് മാതൃഭൂമി ചാനലിന്റെ 'ചതി'യില്‍

 


തിരുവനന്തപുരം: (www.kvartha.com 14.08.2014) വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ പി.ആര്‍.ഒയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും രാജിവയ്‌ക്കേണ്ടിവന്നതിനു പിന്നില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ മന്ത്രിയെ അഭിമുഖത്തില്‍ കുടുക്കിയതും വാര്‍ത്ത ചോര്‍ത്തല്‍ വിവാദവും. മാധ്യമങ്ങളും മന്ത്രിയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് പി.ആര്‍.ഒ സജീദ് ഖാന്‍ പനവേലില്‍ രാജിവച്ചത്.

എന്നാല്‍ മന്ത്രിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ പലപ്പോഴും മനസ്സറിവുണ്ട് എന്നുവന്നതോടെയാണ് അഡീഷണല്‍ പി.എസിന്റെ ജോലി തെറിച്ചത് എന്നാണു വിവരം. മന്ത്രിയെ മാധ്യമ വിചാരണയില്‍ നിന്നു സംരക്ഷിക്കാന്‍ ബാധ്യതയുള്ള പി.ആര്‍.ഒയും അതിനു കൂട്ടുനിന്നുവത്രേ. പ്ലസ് ടു, കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ സസ്‌പെന്‍ഷന്‍, പച്ച ബോര്‍ഡ് വിവാദം തുടങ്ങിയവയെല്ലാം മന്ത്രിയെ മോശക്കാരനാക്കി മാറ്റിയതോടെയാണ് മന്ത്രിസഭയുടെ തുടക്കം മുതല്‍ മന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തായത്.

ഇരുവരും രാജിവച്ചതാണെങ്കിലും മന്ത്രി ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു രാജി. മാതൃഭൂമി ന്യൂസിനു വേണ്ടി ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞയാഴ്ച മന്ത്രിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതിനു സമയം ചോദിച്ച് വിളിച്ചപ്പോള്‍തന്നെ, പ്ലസ്ടു വുമായി ബന്ധപ്പെട്ട ഒന്നും ചോദിക്കില്ലെന്ന ഉറപ്പ് മന്ത്രി വാങ്ങിയിരുന്നുവത്രേ. എന്നാല്‍ അഭിമുഖം തുടങ്ങി വൈകാതെതന്നെ വിഷയം പ്ലസ് ടുവില്‍ എത്തി. മാത്രമല്ല അഭിമുഖം തല്‍സമയം സംപ്രേഷണം ചെയ്യുകയാണ് എന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നും പറയുന്നു.

യഥാര്‍ത്ഥത്തില്‍, പിന്നീട് സംപ്രേഷണം ചെയ്യാന്‍ വേണ്ടി അഭിമുഖം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. പ്ലസ് ടുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിയെ ഉത്തരംമുട്ടിക്കുന്ന വിധം ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ മൂര്‍ധന്യത്തില്‍ അഭിമുഖം അവസാനിപ്പിക്കുകയുമാണു ചെയ്തത്. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. തന്റെ പി.ആര്‍.ഒ വേണ്ടവിധം പ്രവര്‍ച്ചിരുന്നെങ്കില്‍ മാതൃഭൂമി ന്യൂസിന്റെ 'ചതി' യില്‍ പെടേണ്ടിവരില്ലായിരുന്നുവെന്നും ചോദ്യങ്ങളുടെയും അഭിമുഖത്തിന്റെയും രീതീ മനസിലാക്കാന്‍ മുന്‍കൂട്ടി കഴിയുമായിരുന്നുവെന്നുമാണ് മന്ത്രി പറയുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഏതായാലും ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രി ഉറച്ച നിലപാടെടുത്തു. അതിനു പിന്നാലെയായിരുന്നു രണ്ടുപേരും രാജിവച്ചത്.

ഈ സര്‍ക്കാര്‍ വന്നശേഷം ഏറ്റവുമധികം പഴി കേള്‍ക്കുന്നത് വിദ്യാഭ്യാസ മന്ത്രിയും വകുപ്പുമാണ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തും അതിനുമുമ്പു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഒട്ടേറെ വിവാദങ്ങള്‍ ഇതേ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. പക്ഷേ, മന്ത്രി വ്യക്തിപരമായി ഇത്രയധികം അധിക്ഷേപിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല എന്നാണ് മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെയും അഭിപ്രായം.

അദ്ദേഹത്തെ മാറ്റാന്‍ ഇടയ്ക്ക് ആലോചിച്ചെങ്കിലും അത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പക്ഷേ, പ്രതിഛായ നന്നാക്കാന്‍ മന്ത്രിതന്നെ ശ്രമിക്കണം എന്നാണ് പാര്‍ട്ടിയുടെയും മുന്നണിയും നിലപാട്. എന്നാല്‍ പാര്‍ട്ടിയും മുന്നണിയും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട പ്ലസ്ടു പ്രശ്‌നത്തില്‍ പോലും തന്നെ ഒറ്റതിരിഞ്ഞ് മാധ്യമങ്ങള്‍ ആക്രമിക്കുന്നു എന്നാണ് മന്ത്രിയുടെ പരാതി എന്ന് അറിയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

അബ്ദു റബ്ബിന്റെ പി.ആര്‍.ഒ തെറിച്ചത് മാതൃഭൂമി ചാനലിന്റെ 'ചതി'യില്‍

Keywords : Mathrubhumi, News, Channel, Minister, P.K Abdul Rab, Kerala, Controversy, Education. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia