എബോള വൈറസ് രോഗം: ആശങ്കയും പ്രതിരോധവും

 


ഡോ. എച്ച്.ആര്‍. കേശവമൂര്‍ത്തി

(www.kvartha.com 26.08.2014) എബോള രോഗം (ഇവിഡി) അഥവാ എബോള ഹെമറാജിക് പനി എന്നത് മനുഷ്യരെ ബാധിക്കുന്ന ഗുരുതരമായ ഒരു വൈറസ് രോഗമാണ്.  ഇവിഡി പിടിപെട്ടാല്‍ 90 ശതമാനവും മരണ സാധ്യതയുണ്ട്. ഉഷ്ണമേഖല മഴക്കാടുകളോട് ചേര്‍ന്ന മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിദൂര ഗ്രാമങ്ങളിലാണ് ഈ രോഗം പ്രധാനമായും കാണപ്പെടുന്നത്.

വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുകയും തുടര്‍ന്ന് മനുഷ്യരിലാകെ തന്നെ പടര്‍ന്നു പിടിക്കുകയുമായിരുന്നു ഈ രോഗം. 'റ്റെറോപോഡിഡേ' കുടുംബത്തില്‍ പെട്ട വവ്വാലുകളാണ് എബോളയുടെ പ്രകൃതിദത്ത വാഹകര്‍.  ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയിലെ യാബുകുവിലും, ദക്ഷിണ സുഡാനിലെ സാറയിലും രണ്ടു സമയങ്ങളിലായി 1976 ലാണ് ആദ്യമായി എബോള രോഗം പൊട്ടിപ്പുറപ്പെടുന്നത്.

തുടര്‍ന്ന് രോഗം പിടിപെട്ട ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യാബുക്കു എന്ന പ്രദേശത്തെ ഒരു ഗ്രാമത്തിനു സമീപമുള്ള 'എബോള നദി' യുടെ പേരില്‍ നിന്നാണ് രോഗത്തിനു പേര് ലഭിച്ചത്.

രോഗം പകരുന്ന വിധം

മനുഷ്യരില്‍ രോഗം പകരുന്നത് അസുഖബാധിതരായ മൃഗങ്ങളുടെ രക്തം, ശരീരദ്രവങ്ങള്‍ എന്നിവയിലൂടെയാണ്. അസുഖം ബാധിച്ചതോ ചത്തതോ ആയ കുരങ്ങുകള്‍, കാട്ടു മാന്‍ എന്നിവയെ കൈകാര്യം ചെയ്യുന്നതിലൂടെയാണ് ആഫ്രിക്കയില്‍ രോഗാണുക്കള്‍ പടര്‍ന്നത്. ചര്‍മത്തിലോ ശ്ലേഷ്മപാളികളിലോ ഉള്ള മുറിവുകളിലൂടെയും, സ്പര്‍ശനം എന്നിവയിലൂടെയും രോഗം പടരുന്നു. രോഗവിമുക്തമായാലും മനുഷ്യരില്‍ ശുക്‌ളത്തിലൂടെ ഏഴാഴ്ച വരെ രോഗം പടര്‍ന്നു പിടിച്ചേക്കാം. രോഗികളെ ശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ അവരും രോഗബാധിതരും വാഹകരുമാകും.

സൂചനകളും രോഗലക്ഷണങ്ങളും

പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, തലവേദന, തൊണ്ടവീക്കം എന്നീ ലക്ഷണങ്ങളോടു കൂടിയാണ് മാരകരോഗമായ ഇവിഡി ആരംഭിക്കുക. തുടര്‍ന്ന് ഛര്‍ദ്ദി, അതിസാരം, ശരീരം ചൊറിഞ്ഞു തടിക്കല്‍, കിഡ്‌നിയുടെയും കരളിന്റെയും ക്ഷീണാവസ്ഥ, ചിലപ്പോള്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവം എന്നിവയും ഉണ്ടാകും. വൈറസ് ബാധയേറ്റാല്‍ രണ്ടു മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

രോഗനിര്‍ണയം

ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകാരം എബോള വൈറസ് രോഗം ബാധിച്ചെന്ന് സ്ഥാപിക്കുന്നതിനു മുന്‍പേ, മലേറിയ, ടൈഫോയിഡ് പനി, വയറുകടി, പ്‌ളേഗ്, എലിപ്പനി, മെനിഞ്ചൈറ്റിസ്, കരള്‍ വീക്കം മറ്റു പകര്‍ച്ച വ്യാധികളായ ഡെങ്കിപ്പനി, യെല്ലോഫീവര്‍ തുടങ്ങിയവയൊന്നുമല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പു വരുത്തേണ്ടതുണ്ട്.

രോഗപ്രതിരോധൗഷധങ്ങളും ചികിത്സയും

എബോള രോഗത്തിന് പ്രത്യേകം ചികിത്സയോ, അംഗീകാരമുള്ള രോഗപ്രതിരോധ മരുന്നുകളോ ലഭ്യമല്ല. കുറെയധികം രോഗപ്രതിരോധ മരുന്നുകള്‍ പരീക്ഷിച്ചുവെങ്കിലും, ചികിത്സായോഗ്യമായി ഒന്നും ലഭ്യമല്ല. ഗുരുതര രോഗബാധിതര്‍ മറ്റുള്ളവരില്‍ നിന്നകന്ന് അതീവ സംരക്ഷണത്തില്‍ കഴിയേണ്ടതാണ്. രോഗികള്‍ക്ക് ഇടക്കിടെ ജലാംശം നഷ്ടപ്പെടുന്നതിനാല്‍ വായയിലൂടെയോ ഞരമ്പുകളിലൂടെയോ ജലാംശമോ ഇലക്‌ട്രോലൈറ്റുകളോ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കണം.

രോഗം തടയലും നിയന്ത്രണവും

രോഗം തടയാനായി മൃഗങ്ങള്‍ക്കായുള്ള പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമല്ല. പതിവ് ശുചിത്വവും, സോഡിയം ഹൈപ്പോക്‌ളോറൈഡോ, മറ്റു ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പന്നികളുടേയും കുരങ്ങുകളുടേയും ഫാമുകള്‍ ശുചീകരിക്കാവുന്നതാണ്. രോഗബാധിത മൃഗങ്ങളുടെ ശവശരീരം കുഴിച്ചു മൂടുകയോ, ചുട്ടു ചാരമാക്കുകയോ ചെയ്യാം.

രോഗം ബാധിച്ച ഫാമുകളിലേക്ക് പ്രവേശനം നിരോധിച്ചും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നത് ഒഴിവാക്കിയും രോഗം പകരുന്നത് തടയാനാകും. മനുഷ്യനേക്കാള്‍ മുന്‍പേ പന്നികളിലും കുരങ്ങുകളിലുമാണ് രോഗം ആദ്യം പടര്‍ന്നു പിടിക്കുക എന്നിരിക്കെ, മൃഗങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നത് നിരീക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലും, സജ്ജീകരണങ്ങളും ഒരുക്കുന്നത് മൃഗ, മനുഷ്യാരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ സഹായകമാകും.

ഫലപ്രദമായ ചികിത്സയുടെയും മനുഷ്യപ്രതിരോധൗഷത്തിന്റെയും അഭാവത്തില്‍ രോഗം പടര്‍ന്നു പിടിക്കുന്നത് തടയാനായി ഓരോ വ്യക്തിയും മുന്‍കൈയ്യെടുത്താല്‍ രോഗ ബാധയും മരണവും ഒഴിവാക്കാവുന്നതാണ്.

ഇന്ത്യയും എബോളയും

നാലു രോഗബാധിത പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലേയ്ക്ക് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളത്. രോഗം മൂലം 932 പേര്‍ കൊല്ലപ്പെട്ട ഗിനിയ, ലൈബീരിയ, സിറ-ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ഏകദേശം 45,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ഇന്ത്യയില്‍ എബോള വൈറസ് രോഗ ബാധിതരുടെ ഭീഷണി കുറവാണെങ്കിലും ഏതു സാഹചര്യത്തിലും വൈറസ് കട  കടന്ന് എത്തിയേക്കാം.

നാല് രാജ്യത്തില്‍ നിന്നും എത്തുന്ന യാത്രക്കാരെ വീക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് രോഗലക്ഷണമുണ്ടോ എന്ന് പരീക്ഷിക്കാനായി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗബാധിതസാധ്യത പരിഗണിച്ച് ആശുപത്രികളില്‍ മുന്‍കൂറായി പ്രത്യേക പരിചരണ വാര്‍ഡുകളും, സ്വയംസുരക്ഷയ്ക്ക് വേണ്ട മാസ്‌കുകള്‍, ഗ്ലൗസുകള്‍ പോലുള്ള ഉപകരണങ്ങളും ലഭ്യമാക്കുവാനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
എബോള വൈറസ് രോഗം: ആശങ്കയും പ്രതിരോധവും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പുതിയ മദ്യ നയം: കാസര്‍കോട്ട് ചാരായ വേട്ട ശക്തമാക്കി

Keywords:  Article, Africa, River, Family, Blood, Travelers, Hospitals, Doctors, Mask, Virus, Glass, Job, Nigeria, Ebola Virus, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia