കേരളത്തില്‍ ബിജെപിയുടെ 'അമിത് ഷാ വിജയമന്ത്ര'ത്തിനു പ്രാഥമിക രൂപം

 


തിരുവനന്തപുരം: (www.kvartha.com 01.09.2014) ബിജെപി ദേശീയ പ്രസിഡന്റായ ശേഷം ആദ്യമായി രളത്തിലെത്തിയ അമിത് ഷായും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരള ബിജെപിയുടെ 'വിജയ മന്ത്ര'ത്തിനു പ്രാഥമിക രൂപമായി. ആറായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കുമെങ്കിലും അവിടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ വേണ്ടെന്നാണ് നേരത്തേതന്നെയുള്ള തീരുമാനം.

പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം ഉയര്‍ത്താനുതകുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് എല്ലാ സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തക-പ്രതിനിധി സമ്മേളനങ്ങളില്‍ അമിത് ഷാ നടത്തുക. വിജയിക്കാനുള്ള രാഷ്ട്രീയ തന്ത്രവും 'സൂത്രവാക്യ'വും ഏറ്റവും കുറച്ചു നേതാക്കളുമായി മാത്രം ചര്‍ച്ച ചെയ്തു നടപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഗുജറാത്തില്‍ വര്‍ഷങ്ങളായും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ചുമതല ഉണ്ടായിരിക്കെ പരീക്ഷിച്ചു വിജയിച്ച ഈ രീതിയാണു കേരളത്തിലും നടപ്പാക്കുക. എന്നാല്‍ രീതി ഒന്നാണെങ്കിലും രാഷ്ട്രീയവും സംഘടനാപരവുമായ ശൈലി അവിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഇവിടെ. കേരളം ഗുജറാത്തോ, ഉത്തര്‍പ്രദേശോ അല്ല എന്ന വ്യക്തമായ തിരിച്ചറിവുതന്നെയാണു കാരണം.

സാമുദായിക ചേരിതിരിവിലൂടെ ബിജെപിക്ക് പഴുതുണ്ടാക്കുന്ന രീതി കേരളത്തില്‍ ഫലപ്രദമല്ല എന്ന് അനുഭവങ്ങളിലൂടെ ബോധ്യമുള്ള ആര്‍എസ്എസും അമിത് ഷായുമായി ചേര്‍ന്ന് വേറിട്ട പരീക്ഷണത്തിനാണു തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്ന ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും ഈ ദിശയിലുള്ള ആശയ വിനിമയമാണ് നടത്തിയതെന്നാണു സൂചന.

ഒറ്റക്കക്ഷി എന്ന നിലയിലോ ജനങ്ങള്‍ക്കിടയില്‍ തീരെ സ്വാധീനമില്ലാത്ത ചെറുകക്ഷികളെ കൂടെച്ചേര്‍ത്തു മുന്നണി രൂപീകരിച്ചോ കേരളത്തില്‍ നേട്ടമുണ്ടാക്കാനാകില്ല എന്ന തിരിച്ചറിവു ബിജെപിക്കുണ്ട്. അതുകൊണ്ട് യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള ചില കക്ഷികളെ ചേര്‍ത്ത് കേരളത്തില്‍ എന്‍ഡിഎ ശക്തമാക്കാനാകും ആദ്യ ശ്രമം. കേന്ദ്രത്തിലെ അധികാരവും സ്വാധീനവും ഇതിന് തരംപോലെ ഉപയോഗിക്കും. യുഡിഎഫില്‍ നിന്ന് ആ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്, ഘടക കക്ഷികളായ മുസ്്‌ലിം ലീഗ്, ആര്‍എസ്പി, സിഎംപി എന്നിവയൊഴികെ ഏതു പാര്‍ട്ടിയും സാഹചര്യം ഒത്തുവന്നാല്‍ തങ്ങളുടെ കൂടെക്കൂടും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അമിത് ഷായെ ധരിപ്പിച്ചിരിക്കുന്നതത്രേ. അദ്ദേഹം അത് പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല. പക്ഷേ, സാധ്യതകള്‍ ശക്തമാണ് എന്നുതന്നെയാണു വിലയിരുത്തല്‍. അത് യാഥാര്‍ത്ഥ്യമാക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണഫലമുണ്ടാക്കാനും അമിത് ഷാ നേരിട്ടു നേതൃത്വം നല്‍കും.

എല്‍ഡിഎഫിനു നേതൃത്വം നല്‍കുന്ന സിപിഎം, ഘടക കക്ഷികളില്‍ സിപിഐ എന്നിവയൊഴികെ ഏതു പാര്‍ട്ടിയിലും പ്രതീക്ഷ വയ്ക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അനുകൂല സാഹചര്യമാണെന്നു ആ കക്ഷികള്‍ക്ക് ബോധ്യപ്പെടണം എന്നുമാത്രം. ഇടതുമുന്നണി ഘടക കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവ് പിസി തോമസ് മുമ്പ് ഐഎഫ്ഡിപി രൂപീകരിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് എംപിയും കേന്ദ്ര സഹമന്ത്രിയുമായ ചരിത്രമുണ്ടുതാനും.

കണക്കുകൂട്ടലുകള്‍ എളുപ്പമാണെങ്കിലും കേരളത്തില്‍ അത് പ്രായോഗികമാക്കാന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും എന്ന് അമിത് ഷായ്ക്ക് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭനും പി.എസ്. ശ്രീധരന്‍ പിള്ളയും മറ്റും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്ക് ശക്തമായ മുന്നണിയുണ്ടാക്കാനും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനും സാധിക്കും എന്നാണത്രേ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
കേരളത്തില്‍ ബിജെപിയുടെ 'അമിത് ഷാ വിജയമന്ത്ര'ത്തിനു പ്രാഥമിക രൂപം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : BJP, Kerala, Amith Shah, Party, Vote, V Muraleedharan, Amith Shah's Kerala Manthra prepared; but not declared.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia