കത്തുന്ന കത്ത്: കോണ്‍ഗ്രസില്‍ ഷാനിമോള്‍ ഒറ്റപ്പെടുന്നു; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും

 


തിരുവനന്തപുരം: (www.kvartha.com 30.09.2014) കേരളത്തിലെ പാര്‍ട്ടിയില്‍ അച്ചടക്കവും ഏകോപനവുമില്ലെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തിനെച്ചൊല്ലി വിവാദം. ഷാനിമോളുമായി അടുപ്പമുള്ളവര്‍ ഉള്‍പ്പെടെ സംസ്ഥാന കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളിലും അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ് കത്ത്.

എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ കത്തിനോട് എന്തു നിലപാടെടുക്കുന്നു എന്നതാണു പ്രധാനമെന്ന് ഷാനിമോളെ അനുകൂലിക്കുന്ന നേതാക്കള്‍ പറയുന്നു. കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അക്ഷരംപ്രതി ശരിയാണെന്നും അത് അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമെന്നുമാണ് അവരുടെ വാദം. എന്നാല്‍ ഈ വിഭാഗം കോണ്‍ഗ്രസില്‍ വളരെക്കുറച്ചുമാത്രമാണുള്ളത്. നേതൃത്വത്തെ പേടിച്ച് പരസ്യമായി ഷാനിമോള്‍ ഉസ്മാനെ പിന്തുണച്ച് രംഗത്തുവരാന്‍ ഇവരാരും തയ്യാറുമല്ല.

ഷാനിമോളുടെ കത്തിനോട് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നത് അനുകൂല നിലപാടാണ് എങ്കില്‍ അവരെ പരസ്യമായി പിന്തുണയ്ക്കാം എന്നാണ് ഈ നേതാക്കളുടെ നിലപാട്. അതേസമയം താന്‍ പറഞ്ഞ കാര്യങ്ങള്‍ തനിക്ക് ഉത്തമ ബോധ്യമുള്ളവയാണെന്നും അതില്‍ നിന്നു പിന്നോട്ടു പോകില്ലെന്നുമാണത്രെ ഷാനിമോളുടെ നിലപാട്. അവരുമായി സംസാരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. കത്തിനോടുള്ള ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാകുന്നതുവരെ ആ കാര്യത്തില്‍ മാധ്യമങ്ങളോട് ഇനി പരസ്യമായി സംസാരിക്കില്ലെന്നാണ് അവരുടെ നിലപാട്.

ഷാനിമോള്‍ ഉസ്മാന്റെ പുതിയ കത്ത് അവരുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്ന വന്‍ പ്രചരണമാണ് അവര്‍ക്കെതിരായ വിഭാഗം അഴിച്ചുവിടുന്നത്. അതില്‍ എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ല. എന്നാല്‍ ഷാനിമോളെ പരസ്യമായി താക്കീതു ചെയ്തു വിവാദത്തിലായ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനോ അദ്ദേഹവുമായി അടുത്ത നേതാക്കളോ ഈ പ്രചാരണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കുന്നില്ലതാനും. ഷാനിമോള്‍ തനിക്ക് സഹോദരിയുടെ സ്ഥാനത്തുള്ള സഹപ്രവര്‍ത്തകയാണെന്നും അവരെക്കുറിച്ചു താന്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അടുത്തയിടെ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഷാനിമോള്‍ മദ്യലോബിയുടെ ആളാണെന്ന പരാമര്‍ശത്തേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷം വരുത്തുന്ന വിധത്തില്‍ അനാവശ്യമായ പരസ്യപ്രസ്താവനകള്‍ നടത്തുന്നുവെന്നാണ് ഹൈക്കമാന്‍ഡിനുള്ള കത്തില്‍ ഷാനിമോള്‍ മുഖ്യമായും വിമര്‍ശിച്ചിരുന്നത്. അത്തരമൊരു വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അപഹാസ്യമാണെന്ന് ഷാനിമോള്‍ വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ഹൈക്കമാന്‍ഡ് ചോര്‍ത്തി നല്‍കില്ലെന്നും അത് അയച്ച സ്രോതസില്‍ നിന്നുതന്നെയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എന്നുമാണ് വിമര്‍ശനം.
കത്തുന്ന കത്ത്: കോണ്‍ഗ്രസില്‍ ഷാനിമോള്‍ ഒറ്റപ്പെടുന്നു; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Shanimole Usman, Kerala, Congress, Burn, Letter, High command, Media, Burning letter from; congress high command will decide next step.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia