ശ്രീകാന്ത് ഭാസി അഴിച്ചുപണി തുടങ്ങി; ഗോപീകൃഷ്ണന്‍ മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍

 


തിരുവനന്തപുരം: (www.kvartha.com 05.09.2014) വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയില്‍ നിന്നു മെട്രോ വാര്‍ത്ത ദിനപത്രം വിലയ്ക്കു വാങ്ങിയ ശ്രീകാന്ത് ഭാസി പത്രത്തില്‍ അഴിച്ചുപണി തുടങ്ങി. ഫാരിസ് വിറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും വന്‍തോതിലുള്ള അഴിച്ചുപണിക്ക് ധൃതി വേണ്ടെന്ന തീരുമാനത്തിലായിരുന്നു പുതിയ മാനേജ്‌മെന്റ്. ജോലിയില്‍ നിന്നു വിരമിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആര്‍. ഗോപീകൃഷ്ണനെ ചീഫ് എഡിറ്ററാക്കിക്കൊണ്ടാണ് ഇപ്പോള്‍ മാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്.

സി.പി രാജശേകരന്‍ കണ്‍ട്രോളിംഗ് എഡിറ്ററായി തുടരും. പക്ഷേ, എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പൂര്‍ണ മേല്‍നോട്ടം ഗോപീകൃഷ്ണനായിരിക്കും. ഇതുസംബന്ധിച്ച് പത്രാധിപ സമിതി അംഗങ്ങള്‍ക്കും ജില്ലകളിലെ ബ്യൂറോ ചീഫുമാര്‍ക്കും അറിയിപ്പുലഭിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്ത് വിപുലമായ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ഫാരിസിന്റെ കാലത്ത് എഡിറ്റോറിയല്‍ വിഭാഗത്തിലെ അധികാര കേന്ദ്രങ്ങളായിരുന്ന എം ജയചന്ദ്രന്‍, പി.സി ബലകൃഷ്ണന്‍ എന്നിവരും തുടരുമെങ്കിലും ചുമതലകള്‍ക്ക് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി. പി സി ബാലകൃഷ്ണനെ ഇന്റര്‍നെറ്റ് എഡിഷന്റെ സമ്പൂര്‍ണ ചുമതലയിലേക്ക് മാറ്റി. എം ജയചന്ദ്രന്‍ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണു നിര്‍ദേശം.

നേരത്തേ അദ്ദേഹം വഹിച്ചിരുന്ന എഡിറ്റോറിയല്‍ പേജിന്റെ ചുമതലയില്‍ നിന്നു പൂര്‍ണമായും നീക്കിയിട്ടുമില്ല. പക്ഷേ, പുതിയ ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ പേജിന്റെ ഉള്ളടക്കത്തില്‍ എല്ലാ ദിവസവും ഇടപെടണം എന്നാണ് മാനേജ്‌മെന്റിന്റെ നിര്‍ദേശം എന്ന് അറിയുന്നു.

ഫാരിസിന്റെ വലംകൈ ആയിരുന്ന രണ്‍ജി പണിക്കര്‍ ആയിരുന്നു നേരത്തേ പത്രത്തിന്റെ എഡിറ്ററും എംഡിയും. പക്ഷേ, സി പി രാജശേഖരനു പത്രത്തിന്റെ പൊതുവായ ഉള്ളടക്കത്തിലും ജയചന്ദ്രന് എഡിറ്റോറിയല്‍ പേജ് ഉള്ളടക്കം നിശ്ചയിക്കുന്നതിലും പൂര്‍ണ സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നു. ചെയര്‍മാന്‍ ആയിരുന്ന ഫാരിസുമായിക്കൂടി ആലോചിച്ച് എക്‌സിക്യുട്ടീവ് എഡിറ്റര്‍ മരിയന്‍ ജോര്‍ജ്ജ് ആയിരുന്നു തുടക്കത്തില്‍ മുഖപ്രസംഗം എഴുതിയിരുന്നത്. മരിയന്‍ ജോര്‍ജ്ജ് നേരത്തേതന്നെ രാജിവച്ചുപോയി.

അതിനു മുമ്പേതന്നെ മുഖപ്രസംഗം എഴുത്ത് രണ്‍ജി പണിക്കര്‍ ഏറ്റെടുത്തിരുന്നു. ഫാരിസ് പത്രം വിറ്റതോടെ രാജിവച്ച രണ്‍ജി പണിക്കര്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നേരത്തെ തിരക്കഥാകൃത്തും സംവിധായകനും മാത്രമായിരുന്നു. എന്നാല്‍ സമീപകാലത്ത് അഭിനയത്തിലും തിളങ്ങി.

ആര്‍ ഗോപീകൃഷ്ണന്‍ നേരത്തേ മംഗളം ദിനപത്രത്തിലും കേരള കൗമുദിയിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ നിരവധി ന്യൂസ് സ്‌റ്റോറികള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. കോട്ടയം സ്വദേശിയാണ്.
ശ്രീകാന്ത് ഭാസി അഴിച്ചുപണി തുടങ്ങി; ഗോപീകൃഷ്ണന്‍ മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍


Also Read: 
ദുരിത പര്‍വ്വം താണ്ടി ചന്ദ്രഗിരി യാത്ര; കരാര്‍ ഏറ്റെടുത്തവര്‍ക്ക് കുലുക്കമില്ല, ഒപ്പം അധികൃതര്‍ക്കും

Keywords:  Kerala, Thiruvananthapuram, News Story, Metro Vartha, Kottayam, Chief Editor, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia