ഒരമ്മയുടെ കണ്ണീരും കൈയൊപ്പും പതിഞ്ഞ ബാലു വധക്കേസ് വീണ്ടും നീതിപീഠത്തിന് മുന്നില്‍

 


ഇടുക്കി: (www.kvartha.com 14.11.2014) സര്‍ക്കാര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ ഒരു അമ്മയുടെ കണ്ണീരും കൈയൊപ്പും പതിഞ്ഞ ബാലു വധക്കേസ് വീണ്ടും നീതിപീഠത്തിന് മുന്നില്‍.  ഐ.എന്‍.ടി.യു.സി സംസ്ഥാന നേതാവായിരുന്ന എം. ബാലസുബ്രഹ്മണ്യം എന്ന ബാലുവിനെ 2004 ഒക്‌ടോബര്‍ 20ന് വണ്ടിപ്പെരിയാര്‍ പട്ടുമല ചൂരുളപ്പാട്ടില്‍ പൊതുയോഗത്തില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഒരു വര്‍ഷം മുമ്പ് സി.പി.എം ലോക്കല്‍ സെക്രട്ടറി അയ്യപ്പദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ബാലു.

ബാലുവിനെ വധിച്ച കേസിലെ പ്രതികളായ എട്ട് സി.പി.എംകാര്‍ക്കും ജീവപര്യന്തം ശിക്ഷ നേടിക്കൊടുത്തത് 77ാം വയസില്‍ അമ്മ മുനിയമ്മ നടത്തിയ നിയമയുദ്ധമായിരുന്നു. അല്ലെങ്കില്‍ പ്രായോഗിക നേട്ടത്തിനായി നേതാക്കള്‍ രാഷ്ട്രീയ ശത്രുക്കളോട് സന്ധി ചെയ്തപ്പോള്‍, തെളിവില്ലാതെ ഒടുങ്ങുന്ന പതിവ് രാഷ്ട്രീയ കൊലപാതകക്കേസുകളുടെ ഗതി ഇതിനും വരുമായിരുന്നു. ചുരുളപ്പാട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടു നിന്ന വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റു കുടിയായ ബാലുവിനെ ജീപ്പിലെത്തിയ പ്രതികള്‍ വേദിയില്‍ നിന്നും വലിച്ചിറക്കി വെട്ടിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്.

2008 ഓഗസ്റ്റ് നാലിനാണ് കേസിന്റെ വിചാരണ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. 72 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 28 പേരും വിചാരണയുടെ ആദ്യഘട്ടത്തില്‍ തന്നെ കൂറുമാറി. അയ്യപ്പദാസ് വധക്കേസിലെ പ്രതികളായിരുന്നു ബാലു കൊലക്കേസിലെ സാക്ഷികള്‍. അയ്യപ്പദാസ് വധക്കേസിലെ സാക്ഷികളാകട്ടെ സി.പി.എം പ്രവര്‍ത്തകരും. രണ്ട് കേസിലും എതിരായ വിധിയുണ്ടായാല്‍ ഇരുകൂട്ടര്‍ക്കും ശിക്ഷ ലഭിക്കുമെന്ന ചിന്തയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്പരം ഒത്തുകളിച്ചു.  രണ്ട് കേസിലെയും സാക്ഷികളെ കൂട്ടത്തോടെ കൂറുമാറ്റി പ്രതികളെ രക്ഷപ്പെടുത്തുകയെന്ന തന്ത്രം അവര്‍ സ്വീകരിച്ചു.

ഈ ഘട്ടത്തിലാണ് മുനിയമ്മ നീതി തേടി ഹൈക്കോടതിയിലെത്തുന്നത്. നീതീപൂര്‍വമല്ലാതെ തൊടുപുഴ കോടതിയില്‍ നടക്കുന്ന വിചാരണ തടഞ്ഞ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അവര്‍ ഹരജി നല്‍കി. ഇതേ തുടര്‍ന്ന് വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി. ഹൈക്കോടതി ആവശ്യപ്രകാരം ഇടുക്കി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഗ്രേസിക്കുട്ടി ജേക്കബ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രതിഭാഗവുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സാക്ഷികളുടെ കൂട്ടകൂറുമാറ്റമെന്ന് വ്യക്തമാക്കി.

ഇതോടെ ഹൈക്കോടതി കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒപ്പം കേസിന്റെ ഗതിയും മാറി. പ്രതികള്‍ ശിക്ഷിക്കപ്പെട്ടെന്ന് മാത്രമല്ല, വണ്ടിപ്പെരിയാര്‍ ഐ.എന്‍.ടി.യു.സി മുന്‍ സെക്രട്ടറി സജി ജേക്കബ്, വണ്ടിപ്പെരിയാര്‍ കിടങ്ങൂര്‍ ഊടത്തില്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കളളസാക്ഷി പറഞ്ഞതിന് കോടതി കേസെടുക്കുകയും ചെയ്തു.

ബാലു വധത്തിന് കാരണമായ അയ്യപ്പദാസ് വധക്കേസിലെ പ്രതികളെ സാക്ഷികളുടെ കൂറുമാറ്റത്തിന്റെ ഫലമായി തെളിവില്ലാതായതിനാല്‍ കോടതി വെറുതെ വിടുകയും ചെയ്തു. മകന്റെ ഘാതകരെ തുറുങ്കിലടക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായ മുനിയമ്മ 2010 ഡിസംബര്‍ 26ന് അന്തരിച്ചു. വിവാദമായ മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ബാലു വധത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണിയുടെ പങ്കു അന്വേഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ പുതിയ ഹരജിയിലെ ആവശ്യം.
ഒരമ്മയുടെ കണ്ണീരും കൈയൊപ്പും പതിഞ്ഞ ബാലു വധക്കേസ് വീണ്ടും നീതിപീഠത്തിന് മുന്നില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Murder case, Court, Kerala, INTUC worker, CPM, Mother, Investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia