അഴിമതിക്കെതിരായ ബോധവല്‍ക്കരണം ജനാധിപത്യവല്‍ക്കരിക്കണം

 


ഫീച്ചര്‍: വിജിലന്‍സ് വാരാചരണം

ഗോപകുമാര്‍ പൂക്കോട്ടൂര്‍

(www.kvartha.com 02.11.2014) ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഇന്ന് അഴിമതി സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്. ഭരണതലത്തില്‍ അഴിമതിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ അഴിമതി ബോധവല്‍ക്കരണവാരം ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്നു വരെ ആചരിക്കുകയാണ്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലൂടെ മുന്നോട്ട് നയിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്ക് പലപ്പോഴും വിലങ്ങുതടിയാണ് അഴിമതി എന്നതില്‍ ആര്‍ക്കും സംശയമില്ല. പൊതുജനങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍, ഉദേ്യാഗസ്ഥര്‍ എന്നുവേണ്ട എല്ലാവരും അഴിമതിയുടെ ഭാഗമായി മാറുന്ന ഈ കാലത്ത്, അഴിമതിയുടെ വ്യാപനത്തെ തടയേണ്ടത് അത്യാവശ്യം തന്നെയാണ്.

കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട സൂചികയില്‍ അഴിമതിയുടെ കാര്യത്തില്‍  ഇന്ത്യ 94-ാം സ്ഥാനത്താണ്. അഴിമതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവരെയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഫിന്‍ ഹെയ്ന്റിച്ച് പറയുന്നു. അഴിമതി കുറയ്ക്കുന്നതിലൂടെ മാത്രമേ ദാരിദ്ര്യത്തെ നേരിടാനാവൂ എന്നും അദ്ദേഹം അടിവരയിടുന്നു. എങ്കിലും ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്ത് അഴിമതിയുടെ വ്യാപനം എത്ര വിദൂരഫലങ്ങളാണ് ഉണ്ടാക്കുക എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

ഉന്നതതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പല അഴിമതികളിലും അനേ്വഷണ എജന്‍സികളുടെ ആത്മാര്‍ത്ഥതയില്ലായ്മ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ സൃഷ്ടിക്കുമ്പോഴാണ് പുതിയ അഴിമതി അനേ്വഷണ ഏജന്‍സികളുടെയും ബോധവല്‍ക്കരണ മാര്‍ഗങ്ങളുടെയും ആവശ്യകത വ്യക്തമാകുന്നത്.  വില്ലേജ്തലം മുതല്‍ രാജ്യത്തിന്റെ തന്ത്രപ്രധാനരംഗത്തുവരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ കണക്കിലെടുത്താല്‍ ചെറിയൊരു ബോധവല്‍ക്കരണം കൊണ്ടോ, അനേ്വഷണം കൊണ്ടോ അഴിതി പാടേ തുടച്ചുനീക്കാമെന്ന് കരുതുന്നതും വ്യാമോഹമാണ്.

മുമ്പ് ഭരണതലത്തില്‍ താഴേശ്രേണിയിലെ അഴിമതിക്കഥകളാണ് സര്‍വസാധാരണമായിരുന്നതെങ്കില്‍ ഇന്നത് ഏറെ മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോര്‍പറേറ്റുകള്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ കണ്ണികളാക്കിക്കൊണ്ട് നടത്തുന്ന അഴിമതികള്‍ നാം നിതേ്യന കേട്ടുകൊണ്ടിരിക്കുകയാണ്.  അതിനാല്‍ ഇത്തരം അഴിമതികളില്‍ ശിക്ഷ ഉറപ്പാക്കുക എന്നതുതന്നെയാണ് ശരിയായ ബോധവല്‍ക്കരണം.

നിയമങ്ങളുടെ കാര്യത്തില്‍ 2005 ല്‍ നടപ്പാക്കിയ വിവരാവകാശ നിയമം അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നതിനും, അഴിമതി തടയുന്നതിനുമുള്ള ശക്തമായ നിയമങ്ങളിലൊന്നായി മാറി. പക്ഷേ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുന്ന അഴിമതികളില്‍ എത്രയെണ്ണം തുടര്‍നടപടികള്‍ക്ക് വിധേയമായി അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ നമ്മുടെ അഴിമതി നിയന്ത്രണ/നിരോധന സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ദശകങ്ങളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും ധാര്‍മികമൂല്യങ്ങളുടെ കരുത്തും കാരണം അഴിമതികള്‍ ഉണ്ടായിരുന്നില്ല. അവരുടെ ത്യാഗമനോഭാവം അഴിമതിയിലേക്ക് തിരിയാന്‍ അനുവദിച്ചിരുന്നില്ല. പക്ഷേ തുടര്‍ന്ന് നിരവധി അഴിമതികള്‍ക്ക് രാജ്യം സാക്ഷിയാവുകയായിരുന്നു. ആദ്യം ചെറിയ ചെറിയ അഴിമതികളില്‍ നിന്നും തുടങ്ങി ഉന്നതതലത്തിലേക്കെത്തുമ്പോള്‍ വന്‍തുകകളുടെ അഴിമതിയായി പരിണമിച്ചെത്തുന്നു.

1980 കളില്‍ ഉയര്‍ന്നുകേട്ട ബോഫോഴ്‌സ് ഇടപാട് മുതല്‍ 2008 ല്‍ ഉയര്‍ന്നുവന്ന 2ജി സ്‌പെക്ട്രം അഴിമതികള്‍വരെ രാജ്യത്തെ നാണംകെടുത്തുന്ന വിധത്തിലായിരുന്നു. അതേസമയം എണ്ണപ്പെടാത്ത എത്ര ചെറിയ അഴിമതികള്‍ക്ക് താഴെ ശ്രേണിയികളിലെ ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ നേതൃത്വങ്ങളും കാരണമായിട്ടുണ്ടാകും എന്നത് ചിന്തനീയമാണ്.

വില്ലേജ്തലത്തില്‍ ഏതെങ്കിലും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍, ചുവപ്പുനാടകളുടെ കെട്ടുപാടുകള്‍ ഒഴിവാക്കാന്‍ നല്‍കുന്ന കമ്മീഷന്‍ വ്യവസ്ഥ മുതല്‍ ഉന്നതതലത്തില്‍ അന്യായമായ നേട്ടങ്ങള്‍ക്കുവേണ്ടി സ്വകാര്യമേഖല നല്‍കുന്ന കമ്മീഷനുകളില്‍ വരെ നിഴലിച്ചുനില്‍ക്കുന്ന അഴിമതിയുടെ കരങ്ങള്‍ പെട്ടെന്ന് വെട്ടിമാറ്റുക സാധ്യമല്ല. എങ്കിലും ബോധവല്‍ക്കരണം താഴെ തട്ടില്‍ നിന്നും തുടങ്ങേണ്ടിരിയിരിക്കുന്നു.

അഴിമതി നിര്‍മാര്‍ജനവും ബോധവല്‍ക്കരണവും ശക്തമാക്കാന്‍ താഴെത്തട്ടില്‍ കേന്ദ്ര/സംസ്ഥാന ഗവണമെന്റുകള്‍ ഏര്‍പെടുത്തിയിട്ടുള്ള വിജിലന്‍സ് സെല്ലുകളുടെ ഫലപ്രദമായ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ഏറെ ലളിതവും, ശക്തമായതും വേഗതയേറിയതുമായി എന്ന നിലയ്ക്ക് അഴിമതിക്കെതിരായ ബോധവല്‍ക്കരണവും മുന്‍കരുതലും ഇന്ന് എളുപ്പമാണ്. അതുകൊണ്ടു തന്നെ അഴിമതി ചെയ്താല്‍ അത് പിടിക്കപ്പെടുകയും എല്ലാവിധ തെളിവോടു കൂടി അനേ്വഷണ ഏജന്‍സികള്‍ക്കു മുന്നിലെത്തും എന്ന ബോധം ഒരു ഭീതിയെന്ന പോലെതന്നെ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ പങ്കും തീരെ ചെറുതല്ലതാനും. അഴിമതിക്കെതിരെ പരാതി നല്‍കേണ്ട സ്ഥലങ്ങള്‍, രീതികള്‍, വിവരാവകാശ നിയമം, സംസ്ഥാന - കേന്ദ്രതലത്തിലുള്ള വിവിധ അഴിമതി അനേ്വഷണ ഏജന്‍സികള്‍, നിയമസംവിധാനങ്ങള്‍, അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിന്റെ തെളിവുകള്‍, കഥകള്‍ എന്നിവയൊക്കെയും പ്രചാരണ പരിപാടികളില്‍ ഉള്‍പെടുത്തിയും, അഴിമതി എന്നത് ഒരു സാമൂഹിക രോഗമാണെന്ന നിലയില്‍ മുന്‍കരുതലുകളും ചികിത്സാമാര്‍ഗങ്ങളും ഒരുപോലെ ഒരേസമയം പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ അഴിമതിക്കെതിരായുള്ള ബോധവല്‍ക്കരണം ഫലപ്രദമാകൂ.

(ലേഖകന്‍ തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റാണ്)
(ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്റേതു മാത്രം. ഗവണ്‍മെന്റിന്റെ അഭിപ്രായമല്ല.)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

അഴിമതിക്കെതിരായ ബോധവല്‍ക്കരണം ജനാധിപത്യവല്‍ക്കരിക്കണം

Keywords : Article, Corruption, Feature on Vigilance Awareness Week. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia