കൃഷിമന്ത്രിയുടെ ഓഫീസില്‍ ലൈംഗികാപവാദം; എസ്എംഎസ് പരാതി മുക്കി

 


തിരുവനന്തപുരം: (www.kvartha.com 04.11.20141) കൃഷിമന്ത്രി കെപി മോഹനന്റെ ഓഫീസില്‍ ലൈംഗികാപവാദം. മന്ത്രിയുടെ സ്റ്റാഫിലെ പ്രമുഖനെതിരെ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ എസ്എംഎസ് വഴി മന്ത്രി മോഹനനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നല്‍കിയ പരാതി അവഗണിച്ചെന്നും ആരോപണ വിധേയനെതിരെ നടപടിക്ക് നീക്കമൊന്നുമില്ലെന്നുമാണ് സൂചന.

ഇതു ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിയുടെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഉദ്യോഗസ്ഥ എന്നാണു വിവരം.

തസ്തികകൊണ്ട് മന്ത്രിയുടെ സ്റ്റാഫിലെ പ്രധാനിയല്ലെങ്കിലും അതിനപ്പുറം മന്ത്രിയുമായുള്ള അടുപ്പവും സ്വാധീനവുമുള്ളയാളാണ് ആരോപണ വിധേയന്‍. ഇയാള്‍ക്കെതിരെ മുമ്പും പലവട്ടം സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.

തിരുവനന്തപുരത്ത് വികാസ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഓഫീസിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പി.എയെ സമീപിച്ചപ്പോള്‍ ആദ്യം കൈക്കൂലി ചോദിച്ചെന്നും പിന്നീട് അതൊഴിവാക്കി ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നുമാണ് പരാതി. പരാതിയായി അയച്ച എസ്എംഎസിന്റെ പകര്‍പ്പ് തലസ്ഥാനത്തെ ചില പ്രമുഖ സ്ത്രീസംരക്ഷണ സംഘടനാ നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടും.

പി.എയ്ക്കു മാത്രമല്ല മറ്റു പലര്‍ക്കും വഴങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചെന്നാണു പരാതി. ഇതെല്ലാം പുറത്തുവരാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി തന്നെ പരാതിയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുമെന്നും അങ്ങനെ തനിക്ക് പിന്മാറേണ്ടിവന്നാല്‍ ഈ എസ്എംഎസ് പകര്‍പ്പുകള്‍ തെളിവായിവച്ച് പ്രശ്‌നം മുന്നോട്ടുകൊണ്ടുപോകണം എന്നുമാണ് പരാതിക്കാരി മാധ്യമപ്രവര്‍ത്തകയോട് അഭ്യര്‍ത്ഥിച്ചത്. അവര്‍ പറഞ്ഞതുപോലെതന്നെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല നീക്കം ആരംഭിച്ചിട്ടുണ്ട്.

പരാതി സ്വീകരിച്ച് നടപടിയെടുക്കാന്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും മടിച്ചതിനെത്തുടര്‍ന്ന് മന്ത്രിയുടെ ഓഫീസിലെത്തി ഉദ്യോഗസ്ഥ ബഹളം വച്ചു. അതോടെ പി.എ. സ്ഥലംവിട്ടു. പിന്നീടാണ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇയാള്‍ക്കെതിരെ നേരത്തേ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രിയുടെ സ്റ്റാഫിലെ ചിലര്‍ തന്നെ വെളിപ്പെടുത്തുന്നു.
കൃഷിമന്ത്രിയുടെ ഓഫീസില്‍ ലൈംഗികാപവാദം; എസ്എംഎസ് പരാതി മുക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia