മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉറക്കം നഷ്ടപ്പെടുന്ന കേരളവും

 


എച്ച്.എം ലബ്ബ

(www.kvartha.com 04.11.2014)

2011 നവംബര്‍

'ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞങ്ങളുടെ തലയ്ക്ക് മീതേ എപ്പോഴും പൊട്ടാവുന്ന ബോംബായി നിലകൊളളുന്നു'-ജലവിഭവ മന്ത്രി പി.ജെ ജോസഫ്

'കൊല്ലരുതേ കൊല്ലരുതേ, നിങ്ങള്‍ക്ക് വെളളം തരുന്ന ഞങ്ങളെ കൊല്ലരുതേ'- പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍

2014 മെയ് ഏഴ്

കേരളത്തിന് മുട്ടാനുളള അവസാന വാതിലും അടഞ്ഞു. 119 വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീം കോടതി വിധിച്ചു.

2014 നവംബര്‍ നാല്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.1 അടി. കേരളം ഭയന്നിരുന്ന 136 അടിയില്‍ നിന്നും രണ്ടടി കൂടുതല്‍. തമിഴ്‌നാട് നിയമയുദ്ധത്തിലൂടെ നേടിയെടുത്ത 142 അടിയിലേക്ക് നാലടി മാത്രം. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി ജലനിരപ്പ് 136 അടിയാക്കണമെന്ന കേരളത്തിന്റെ വിലാപം തളളി.
പെരിയാര്‍ തടങ്ങളില്‍ വീണ്ടും അശാന്തിയുടെ കാലം. കേരളത്തിലെ നാല് ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഒരിക്കല്‍ കൂടി തുലാസില്‍.

ബ്രിട്ടീഷ് സാമ്രാജ്യത്വം കേരളത്തിന് വിധിച്ച അടിമത്വത്തിന്റെ പ്രതീകമാണ്  മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തിന്റെ മണ്ണില്‍ കേരളത്തിന് യാതൊരു അവകാശവുമില്ലാത്ത അണക്കെട്ട്. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത 999 വര്‍ഷത്തെ പാട്ടക്കരാര്‍. കരാറനുസരിച്ച് ഇനി 880 വര്‍ഷം കൂടി ഈ ഡാം നിലനില്‍ക്കും. പക്ഷെ ഇത് സാമാന്യബുദ്ധിക്ക് നിരക്കുന്നതാണെന്ന് ആരും പറയില്ല. തമിഴ്‌നാടിന് അനുകൂലമായ നിലപാട് നിരന്തരം കൈക്കൊളളുന്ന കേന്ദ്ര ജലകമ്മീഷന്‍ പോലും.
 
1947 ജൂലായ് 21. ഇന്ത്യ സ്വതന്ത്രയാകുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പ്. നാട്ടുരാജ്യങ്ങളുടെ ലയനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു ഒരു യോഗം വിളിച്ചു. തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍. മൗണ്ട് ബാറ്റനുമായി നടന്ന ചര്‍ച്ചയില്‍ സി.പി ഉന്നയിച്ച മുഖ്യവിഷയങ്ങളിലൊന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടായിരുന്നു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പ് നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും മദിരാശിയും തമ്മിലുളള മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നതായിരുന്നു സി.പിയുടെ മുഖ്യആവശ്യം.

999 വര്‍ഷത്തെക്കുളള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒരു നാട്ടുരാജ്യത്തോട് ചെയ്യുന്ന അനീതിയാണെന്നും ഈ ഉടമ്പടി വഴി മദിരാശി സര്‍ക്കാര്‍ ഒരു വര്‍ഷം 25 ലക്ഷം രൂപ ലാഭമുണ്ടാക്കുമ്പോള്‍ തിരുവിതാംകൂറിന് ലഭിക്കുന്നത് വെറും 40000 രൂപയാണെന്നും സി.പി.വാദിച്ചു. തമിഴ്‌നാട്ടുകാരനെങ്കിലും മലയാളനാടിന് വേണ്ടിയുളള സി.പിയുടെ ഈ വാദത്തോട് ബ്രിട്ടീഷുകാരനായ മൗണ്ട്ബാറ്റന്‍ യോജിച്ചു. ആഗസ്റ്റ് 15ന് മുമ്പ് കരാര്‍ പുനഃപരിശോധിക്കാമെന്ന് മൗണ്ട്ബാറ്റന്‍ ഉറപ്പുകൊടുത്തു. പക്ഷെ തിരിച്ച് തിരുവനന്തപുരത്തെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വെട്ടേറ്റ സി.പി കേരളം വിട്ടു. അതോടെ മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കലും വിസ്മൃതിയിലായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉറക്കം നഷ്ടപ്പെടുന്ന കേരളവും

1800 ല്‍ ബ്രിട്ടീഷുകാര്‍ മധുര രാജ്യം കീഴടക്കിയതോടെയാണ് മുല്ലപ്പെരിയാര്‍ എന്ന ആശയത്തിന് മുളപൊട്ടുന്നത്. 1808 ല്‍ സര്‍ ജെയിംസ് കാള്‍സ്വെല്‍ കുമളി ചുരംവഴി തിരുവിതാംകൂര്‍ മണ്ണില്‍ പ്രവേശിച്ചു. ചുരുളിയാര്‍, മുല്ലയാര്‍, പമ്പയാര്‍, പെരിയാര്‍ തുടങ്ങി മലയോരത്തെ ജലസമൃദ്ധമാക്കുന്ന നദികളെപ്പറ്റി കാള്‍സ്വെല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കാരണമായത്. 1862 ല്‍ മേജര്‍ റൈവ്‌സാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ രൂപകല്‍പന നടത്തിയത്.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുമതിയില്ലാതെയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പദ്ധതികള്‍ ഉള്‍പെടെ തയാറാക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്ന വിശാഖം തിരുനാളിന് കീഴടങ്ങലല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം നെഞ്ചിടറി പറഞ്ഞു, 'എന്റെ രക്തം കൊണ്ട് ഞാനിതില്‍ ഒപ്പുവെക്കുന്നു'. അങ്ങനെ 1886 ഒക്ടോബര്‍ 29 ന് കരാറായി. 1887 ല്‍ മദ്രാസ് ഗവര്‍ണര്‍ ജനറല്‍ വെന്‍ലോക് പ്രഭുവിന് വേണ്ടി ചീഫ് സെക്രട്ടറി ഹസ്റ്റാര്‍ഡ് മുല്ലപ്പെരിയാറിന് ശിലയിട്ടു. ബ്രിട്ടീഷ് എന്‍ജിനീയര്‍മാരായ സ്മിത്തും ജോണ്‍ പെന്നിക്വിക്കുമാണ് 175 അടി ഉയരവും 1200 അടി നീളവും വരുന്ന അണക്കെട്ട് രൂപകല്‍പന ചെയ്തത്. 1895ല്‍ ഡാം കമ്മീഷന്‍ ചെയ്തു. 50 വര്‍ഷത്തെ കാലാവധി മാത്രമായിരുന്നു പെന്നിക്വിക് അണക്കെട്ടിന് നല്‍കിയത്. 27 ചതുരശ്ര കിലോമീറ്ററാണ് മുല്ലപ്പെരിയാറിന്റെ  വ്യഷ്ടി പ്രദേശത്തിന്റെ വിസ്തൃതി.

തമിഴ്‌നാടിന് ദാഹജലം നല്‍കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി ചൂഷണം ചെയ്യാന്‍ 1930കളില്‍ അവര്‍  നീക്കം ആരംഭിച്ചു. ഈ വെളളം ഉപയോഗിച്ച് വൈദ്യുതോല്‍പ്പാദനം കൂടി നടത്താനായിരുന്നു മദ്രാസ് സര്‍ക്കാരിന്റെ ശ്രമം. ഇതിനെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രശ്‌നം രണ്ടംഗ ട്രൈബ്യൂണലിന് വിട്ടു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സര്‍ ഡേവിഡ് ദേവദാസ്, തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ വി.എസ് സുബ്രഹ്മണ്യ അയ്യര്‍ എന്നിവരടങ്ങിയ ട്രൈബ്യൂണലിന് യോജിച്ച തീരുമാനത്തില്‍ എത്താനായില്ല. ഇതേ തുടര്‍ന്ന് വിഷയം അമ്പയര്‍ക്ക് കൈമാറി. മുല്ലപ്പെരിയാര്‍ വെളളം വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത് കരാര്‍ ലംഘനമാണെന്ന് 1941 മെയ് 29ന് അമ്പയര്‍ വിധിച്ചു.

1957ല്‍ കേരളം ഒറ്റ സംസ്ഥാനമായി. പിന്നീട് ജനാധിപത്യ സര്‍ക്കാരുകള്‍ മാറി വന്നു. തമിഴ് വംശജനായ സി.പി കാണിച്ച താല്‍പര്യം മുല്ലപ്പെരിയാര്‍ കരാറിന്റെ കാര്യത്തില്‍ ആര്‍ക്കുമുണ്ടായില്ല. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുളള എല്ലാ കരാറുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ കരാര്‍ മാത്രം റദ്ദായില്ല. മാത്രമല്ല 1970 മെയ് 29ന് കേരളവും തമിഴ്‌നാടും തമ്മില്‍ മറ്റൊരു കരാര്‍ കൂടി ഉണ്ടായി. അതുവരെ ജലസേചനത്തിന് മാത്രം ഉപയോഗിച്ചിരുന്ന മുല്ലപ്പെരിയാര്‍ ജലം കൊണ്ട് വൈദ്യതോല്‍പാദനത്തിന് കൂടി തമിഴ്‌നാടിന് അവകാശം ലഭിച്ചു.

1964ലാണ് മുല്ലപ്പെരിയാറില്‍ ആദ്യം ചോര്‍ച്ച കണ്ടെത്തുന്നത്. ഇതിന് ശേഷവും കരാര്‍ പുതുക്കപ്പെട്ടു. 1970ല്‍  സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ താല്‍പര്യങ്ങള്‍ തീര്‍ത്തും ഹനിക്കുന്ന ഈ കരാറിന്റെ പിന്നിലെ കഥ ഇനിയും അജ്ഞാതം.

(തുടരും)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Mullaperiyar Dam, Article, British Government, Tamil Nadu, Construction, Water Level. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia