സിപിഎമ്മില്‍ ചുംബന സമരപ്പിളര്‍പ്പ്; മറുപടി പറഞ്ഞ് വിയര്‍ത്ത് നേതൃത്വം

 


തിരുവനന്തപുരം: (www.kvartha.com 12.11.2014) ചുംബന സമരത്തോടും സമരത്തെ നേരിട്ട പോലീസിന്റെ രീതിയോടും എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പാര്‍ട്ടി നേതൃത്വവും സ്വീകരിച്ച നിലപാടിനെച്ചൊല്ലി സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനത്തിനു കളമൊരുങ്ങുന്നു.

ചുംബന സമരം എന്നു കേട്ടപാടേ അതിനെ പുതിയ തലമുറയുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ചു പിന്തുണയ്ക്കാന്‍ ഡിവൈഎഫ്‌ഐ നേതാവും പാലക്കാട് എംപിയുമായ എംബി രാജേഷ് ഇറങ്ങിപ്പുറപ്പെട്ടതാണ് ഏറെ വിമര്‍ശനം കേള്‍ക്കാനിടയായത്. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ ബ്രാഞ്ച് സമ്മേളനങ്ങളില്‍ തുടങ്ങിവെച്ച ഈ വിമര്‍ശനം, ലോക്കല്‍ സമ്മേളന ഘട്ടമായതോടെ അവിടെയും പ്രതിഫലിച്ചുതുടങ്ങി. ഇത് ഏരിയാ, ജില്ലാ സമ്മേളന പ്രതിനിധികളും കൂടി ഏറ്റെടുക്കുന്ന സ്ഥിതിവന്നാല്‍ വലിയ വാര്‍ത്തയായി മാറുമെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നുമുള്ള ആശങ്ക നേതാക്കള്‍ പങ്കുവച്ചു തുടങ്ങിയതായാണു വിവരം.

ചുംബന സമരം, സദാചാര ഗൂണ്ടായിസം പോലെതന്നെ അപകടകരമായ അരാജകവാദമാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകരും ഉയര്‍ത്തിയതെന്നും അതിനെ പുരോഗമനപരമായി വ്യാഖ്യാനിച്ചത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കിയെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ ചുംബന സമരത്തെ രാജേഷ് ഉള്‍പ്പെടെ ആരും അന്ധമായി പിന്തുണച്ചില്ലെന്നു വാദിച്ചു രക്ഷപ്പെടാനാണ് അനുകൂലികളുടെ ശ്രമം. ജനാധിപത്യപരമായ അവകാശം എന്ന നിലയില്‍  സമരം നടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുകയും സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അതിനെ നേരിട്ട രീതിയെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്വന്തം അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ പോയാല്‍ അത് സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കുമോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

ഡിവിഐഎഫ്‌ഐയും എസ്എഫ്‌ഐയും സദാചാര ഗൂണ്ടായിസം പോലുള്ള കാര്യങ്ങളില്‍ ശരിയായതും സമൂഹത്തിനു വഴികാട്ടുന്നതുമയ നിലപാടെടുക്കന്‍ പ്രാപ്തിയില്ലാത്ത സംഘടനകളായി മാറിപ്പോയെന്ന വിമര്‍ശനം ശക്തമാണ്. ഹിന്ദു, മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ ഈ അവസരം മുതലെടുക്കുന്നു എന്ന വിമര്‍ശനം ശക്തമാണ്. മേല്‍ക്കമ്മിറ്റികളിലെ സമ്മേളനങ്ങളിലേക്കു വരുമ്പോള്‍ ഇതിന് മറുപടി പറയാന്‍ കൂടുതല്‍ വലിയ നേതാക്കളെത്തേണ്ടിവരും. അതോടെ സംസ്ഥാന സമ്മേളനത്തില്‍ വരെ ചര്‍ച്ചയുടെ പ്രധാന ഭാഗം ചുംബന സമരം അപഹരിക്കും എന്നതണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ സ്ഥിതി.

അതിനിടെ, സദാചാര ഗൂണ്ടായിസത്തിനും അരാജക സമരങ്ങള്‍ക്കുമെതിരേ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സംസ്ഥാനതല പ്രചാരണ പരിപാടികള്‍ ആരംഭിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. എന്നാല്‍ ചുംബന സമരത്തെ അരാജക സമരമായി മുദ്രകുത്താന്‍ ഒരുവിഭഗം നേതാക്കള്‍ മടിക്കുകയാണ്.
സിപിഎമ്മില്‍ ചുംബന സമരപ്പിളര്‍പ്പ്; മറുപടി പറഞ്ഞ് വിയര്‍ത്ത് നേതൃത്വം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : CPM, Kerala, KIss of Love, DYFI, SFI, Conference, Split over Kiss agitation in Kerala CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia