എന്‍.ഐ.എ. കോടതി വിവാദം; മഅ്ദനി സുപ്രീംകോടതിയിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 16.12.2014) ബംഗളൂരു സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പ്രത്യേക കോടതിയിലേക്ക് മാറ്റിയതിനെ 31-ാം പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച പ്രത്യേക ഹര്‍ജി മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ അടുത്ത ദിവസംതന്നെ നല്‍കുമെന്നാണു വിവരം. ഇതോടെ ബംഗളൂരു കേസ് പുതിയൊരു നിയമപോരാട്ടത്തിലേക്ക് നീങ്ങും.

ബംഗളൂരുവിലെ പ്രത്യേക വിചാരണക്കോടതിയില്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് കഴിഞ്ഞയാഴ്ച കര്‍ണാടക സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനമുണ്ടായത്. ഇത് കേസ് നീട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കുമെന്നും കോയമ്പത്തൂര്‍ കേസില്‍ സംഭവിച്ചതുപോലെ തനിക്ക് അനിശ്ചിതകാലം വിചാരണത്തടവില്‍ കഴിയേണ്ടിവരുമെന്നുമുള്ള ഉത്കണ്ഠയാകും മഅ്ദനി ഹര്‍ജിയിലൂടെ പ്രകടിപ്പിക്കുക.

ചികിത്സയ്ക്കുവേണ്ടി ലഭിച്ച ജാമ്യം പലവട്ടം നീട്ടിക്കിട്ടിയ മഅ്ദനി ഇപ്പോള്‍ വിചാരണ തീരുന്നതുവരെ ജാമ്യത്തിലാണ്. എന്നാല്‍ അത് റദ്ദാക്കി തന്നെ വീണ്ടും തടവിലാക്കുന്നതിനുള്ള നീക്കമാണ് എന്‍.ഐ.എ. കോടതിയിലേക്ക് കേസ് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നു സംശയിക്കുന്നതായും മഅ്ദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്നാണു വിവരം.

മൂന്നു വര്‍ഷത്തോളമായി ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില മൂന്നു മാസത്തെ ചികിത്സയിലൂടെ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കമെന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും ഉത്കണ്ഠയിലാക്കിയിട്ടുണ്ട്. കോടതിയില്‍ സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തു പരാജയപ്പെടുത്താനാകുമെന്നാണു പ്രതീക്ഷയെന്ന് പി.ഡി.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് കെവാര്‍ത്തയോടു പറഞ്ഞു.

ഇത്രകാലവും കോടതിയില്‍ നിന്നാണ് നീതി ലഭിച്ചതെന്നും അത് ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താന്‍ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ മഅ്ദനി വ്യക്തമാക്കുന്നുണ്ടെന്നും റജീബ് വിശദീകരിച്ചു.
എന്‍.ഐ.എ. കോടതി വിവാദം; മഅ്ദനി സുപ്രീംകോടതിയിലേക്ക്
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
തളിപ്പറമ്പിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കാസര്‍കോട്ടെ ലോഡ്ജു മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

Keywords:  Kerala, Thiruvananthapuram, Supreme Court of India, Abdul-Nasar-Madani, Court, Jail, Treatment, Madani to approach SC against Karnataka Govt. decision to handover Bangalore blast case NIA court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia