എംഇഎസ് നേതൃയോഗം ബുധനാഴ്ച; ഫസല്‍ ഗഫൂറിന്റെ അഭിമുഖം ആയുധമാക്കാന്‍ നേതാക്കള്‍

 


തിരുവനന്തപുരം: (www.kvartha.com 23.12.2014) എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂറിനെ വെട്ടിലാക്കുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം ബുധനാഴ്ച. ഫസല്‍ ഗഫൂര്‍ ഉയര്‍ത്തിവിട്ട പര്‍ദാവിവാദം പരിഹരിക്കാന്‍ അദ്ദേഹം പരസ്യപ്രസ്താവന നടത്തിയെങ്കിലും അതിനേക്കാള്‍ രൂക്ഷമായ മതവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ അഭിമുഖം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണു വിവരം.

എല്ലാക്കാര്യങ്ങളിലും പ്രവാചകനില്‍ നിന്നും ഖുര്‍ആനില്‍ നിന്നും തെളിവുകള്‍ നോക്കാന്‍ സാധിക്കില്ലെന്നും തന്റെ ചുറ്റുപാടുകളില്‍ നിന്നാണ് താന്‍ തെളിവുകളെടുക്കുന്നതെന്നും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് വിവാദത്തില്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വയം പ്രതിക്കൂട്ടിലാകുന്ന നിലപാടുകള്‍ ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പരാമര്‍ശങ്ങളേക്കുറിച്ച് എംഇഎസിന്റെ വിവിധ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും ഫോണിലും നേരിട്ടും ആശയ വിനിമയം നടത്തിയതായാണു വിവരം. പര്‍ദയേക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, താന്‍ എതിര്‍ക്കുന്നത് മുഖം മറയ്ക്കുന്ന പര്‍ദയെയാണെന്ന് വിശദീകരിച്ചാണ് ഫസല്‍ ഗഫൂര്‍ തലയൂരിയത്. മലയാളം വാരിക അഭിമുഖത്തിലും അതുതന്നെയാണ് പറയുന്നതും. 

എന്നാല്‍ എംഇഎസില്‍ ഒരു കുഞ്ഞുപോലും തന്നെ എതിര്‍ക്കുന്നില്ലെന്നും സുന്നികള്‍ ഒഴികെയുള്ള മുസ്ലിം സമുദായ നേതാക്കളെല്ലാം തന്റെ നിലപാടുകളെ അനുകൂലിക്കുന്നുവെന്നുമാണ് അഭിമുഖത്തിലെ വാദം. ഇതു പറയുന്നതിനൊപ്പംതന്നെ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും തള്ളിപ്പറയുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതില്‍ ജമാഅത്തെ ഇസ്്‌ലാമിയും മുജാഹിദ് വിഭാഗങ്ങളുമൊക്കെ പ്രകോപിതരാണ്. ഈ വിഭാഗങ്ങളെയൊക്കെ പേരെടുത്തുപറഞ്ഞാണ് ഫസല്‍ ഗഫൂര്‍ പിന്തുണ അവകാശപ്പെട്ടിരിക്കുന്നത്.

''ഓരോ രാജ്യത്തും അവിടുത്ത സാഹചര്യവും കാലാവസ്ഥയും അനുസരിച്ചുള്ള വസ്ത്രങ്ങളാണു ബഹുഭൂരിപക്ഷവും ധരിക്കുന്നത്. ബംഗ്ലാദേശില്‍ സാരി, പാക്കിസ്ഥാനില്‍ സല്‍വാര്‍... അങ്ങനെ. ജീന്‍സും കുര്‍ത്തയുമൊക്കെ ധരിക്കുന്നുണ്ട് മുസ്്‌ലിം സ്ത്രീകള്‍. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എന്തിനാണ് ഏതോ കാട്ടറബിയുടെ സംസ്‌കാരം ഇവിടെ കൊണ്ടുവരുന്നത്? കേരളത്തിലെ മുസ്്‌ലിം നവോത്ഥാനത്തിനു നായകത്വം വഹിച്ചവരിലൊരാളുടെ കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. 

മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ ഭാര്യ പര്‍ദ ധരിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന എ.എ. റഹീമിന്റെ മകളാണ് എന്റെ ഭാര്യ. അവര്‍ മുഖം മറയ്ക്കുന്ന പര്‍ദ ധരിക്കുന്നില്ല. 'കേരളത്തിലെ പ്രധാനപ്പെട്ട മുസ്ലിം നേതാക്കളില്‍ ആരുടെയും ഭാര്യയും പേരമക്കളും ഈ വിധമുള്ള പര്‍ദ ധരിക്കുന്നില്ല. പിന്നെ ആരാണ്? ''അഭിമുഖത്തില്‍ ഫസല്‍ ഗഫൂര്‍ ചോദിക്കുന്നു. ഇത് അത്യന്തം നിരുത്തരവാദപരമായ അഭിപ്രായപ്രകടനമായാണ് എംഇഎസിലെ വിവിധ നേതാക്കള്‍ കാണുന്നത്. അവരത് ബുധനാഴ്ചത്തെ യോഗത്തില്‍ ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇസ്ലാമിക കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തെളിവുകളായി സ്വീകരിക്കേണ്ടത് ഖുര്‍ ആനും പ്രവാചകവചനങ്ങളുമല്ലേ. താങ്കള്‍ നിലപാടുകളെടുക്കുമ്പോള്‍ അത്തരം പരിശോധന നടത്താറുണ്ടോ. - ഓരോ പ്രശ്‌നത്തിലും ഖുര്‍ ആനില്‍ നിന്നും പ്രവാചക ജീവിതത്തില്‍ നിന്നുമല്ല ഞാന്‍ തെളിവുകളെടുക്കുന്നത്; എല്ലാക്കാര്യത്തിലും ഇസ്ലാമിക വിശ്വാസം നോക്കാനും കഴിയില്ല. എന്റെ ചുറ്റുപാടുകളില്‍ നിന്നും ഞാന്‍ കൂടിക്കലരുന്ന ആളുകളില്‍ നിന്നുമാണ് ഞാന്‍ പഠിക്കുന്നത്. എന്റെ ഉമ്മാ, വല്യുമ്മ തുടങ്ങിയവരൊക്കെ ധരിച്ച വസ്ത്രം എന്താണോ അത് മാന്യമാണൊണ് എനിക്ക് മനസിലായിട്ടുള്ളത്. അതിനെ ഞാന്‍ പിന്തുണയ്ക്കുന്നു, പിന്തുടരുന്നു. 90 ശതമാനം മുസ്ലിംകളും ചെയ്യുന്നതെന്താണൊണു ഞാന്‍ നോക്കുക. ഞാന്‍ നൂറു ശതമാനവും വിശ്വാസിയുമാണ്. ഇസ്ലാമികമായ എല്ലാ ആചാരങ്ങളും പിന്തുടരുന്നയാള്‍. ഞാനൊരു റിബലല്ല, ആകാന്‍ ശ്രമിക്കാറുമില്ല. പക്ഷേ, എനിക്ക് പൂര്‍ണ ബോധ്യമുള്ള കാര്യങ്ങള്‍ തുറന്നുപറയും. 

ഇതാണ് വിവാദത്തിലായിരിക്കുന്ന ചോദ്യവും അതിനുള്ള ഏറ്റവും പ്രകോപനപരമായ മറുപടിയും. പള്ളികളില്‍ താങ്കള്‍ക്കെതിരേ പണ്ഡിതന്മാര്‍ രൂക്ഷമായാണ് പ്രസംഗിക്കുന്നത് എന്നു ചൂണ്ടിക്കാട്ടുന്നുണ്ട് അഭിമുഖത്തില്‍. അതിനുള്ള മറുപടി ഇങ്ങനെ: ചില പണ്ഡിതന്മാരോട് എനിക്കൊരു കാര്യം പറയാനുണ്ട്. അവര്‍ മിതമായ ഭാഷ ഉപയോഗിക്കണം. സംസ്‌കാരത്തോടെ പറയണം. മതത്തിന്റെ പേരിലുള്ള ഭീഷണിയൊന്നും വേണ്ട. ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനു മുമ്പുള്ള ഖുതുബാ പ്രസംഗത്തില്‍ എനിക്കെതിരേ വല്ലാതെ പറഞ്ഞു. അതിന് ഞാന്‍ പുല്ലുവില കല്‍പ്പിക്കുന്നു. പക്ഷേ, മാന്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുകയും എന്റെ വാപ്പയ്ക്കു വിളിക്കുകയുമൊക്കെ ചെയ്താല്‍ തിരിച്ചുപറയാന്‍ കടപ്പുറത്തെ ഭാഷയും വേണ്ടിവന്നാല്‍ എനിക്ക് വഴങ്ങും എന്നാണ് പറയാനുള്ളത്. 

ഇതും ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായമാണ് പല നേതാക്കളും യോഗത്തില്‍ പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. യോഗത്തിനു മുമ്പേ തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തങ്ങളെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ വരെ ശ്രമമുണ്ടാകാം എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
എംഇഎസ് നേതൃയോഗം ബുധനാഴ്ച; ഫസല്‍ ഗഫൂറിന്റെ അഭിമുഖം ആയുധമാക്കാന്‍ നേതാക്കള്‍

Also read:
കരിന്തളം നെല്ലിയടുക്കത്ത് സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങിമരിച്ചു

Keywords : MES state executive meet, Leaders to attack, Fazla Gafoor, Kerala, Muslim Leaders, Speech.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia