പത്മനാഭനെ തള്ളണോ, കൊള്ളണോ? സിപിഎമ്മില്‍ പുതിയ വിവാദം

 


തിരുവനന്തപുരം: (www.kvartha.com 01.12.2014) പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭനോടുള്ള സമീപനത്തെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം. പ്രശ്‌നം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളിലേക്കും എത്തുകയാണ്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ക്കുശേഷം സിപിഎം ഈയാഴ്ച ഏരിയാ സമ്മേളനങ്ങളിലേക്കും കടക്കുന്നതോടെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഇതുമുണ്ട്, പത്മനാഭനെ തള്ളണോ കൊള്ളണോ?

പത്മനാഭന് അനുകൂലമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് തന്നെയാണു പരസ്യമായി രംഗത്തുള്ളത്. സ്വരാജ് ഉള്‍പ്പെട്ട പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ പ്രൊഫ എം.എം. നാരായണനാണ് പത്മനാഭന്‍ വിരുദ്ധരുടെ മുന്‍നിരയില്‍. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയില്‍ ആരംഭിച്ച വിവാദം സമകാലിക മലയാളം വാരികയിലാണ് കത്തിപ്പിടിച്ചത്. ഇപ്പോള്‍ അവിടംകടന്ന് പാര്‍ട്ടിയിലേക്ക് എത്തുന്നത് നേതൃത്വം ഗൗരവത്തോടെയാണു കാണുന്നത്.

പത്മനാഭനുമായി സ്വരാജ് നടത്തിയ അഭിമുഖം യുവധാര പ്രസിദ്ധപ്പെടുത്തിയതോടെയാണു തുടക്കം. പത്മനാഭനെ വാനോളം പുകഴ്ത്തിയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ പ്രകീര്‍ത്തിച്ചും വന്ന അഭിമുഖത്തെച്ചൊല്ലി ഡിവൈഎഫ്‌ഐയില്‍ തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഒരിക്കലും ഇടതുപക്ഷ അനുഭാവിയോ സഹയാത്രികനോ ആയിട്ടില്ലാത്ത, വിമോചന സമരത്തെ പിന്തുണച്ചുവെന്ന് ആരോപണ വിധേയനായ പത്മനാഭനെ ഉയര്‍ത്തിക്കാട്ടിയതിനോടുള്ള ഈ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചത് പ്രൊഫ. എം.എം. നാരായണനാണ്.

അദ്ദേഹം മലയാളം വാരികയില്‍ ലേഖനമെഴുതി. പത്മനാഭനെയും സ്വരാജിനെയും രൂക്ഷമായി കടന്നാക്രമിക്കുന്നതായിരുന്നു ലേഖനം. ഇതിനെതിരെ സ്വരാജ് അതേ വാരികയില്‍ മറുപടി എഴുതിയതോടെ സിപിഎം നേതാക്കളായ രണ്ടു പ്രമുഖര്‍ തമ്മില്‍ പത്മനാഭനെച്ചൊല്ലിയുള്ള ഏറ്റുമുട്ടലായി അത് മാറി. നാരായണന്റെ വിമര്‍ശനങ്ങള്‍ക്ക് പത്മനാഭന്‍ മറുപടി പറയുന്നതിനു പകരം സ്വരാജിനെക്കൊണ്ടുതന്നെ പറയിക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി.

സ്വരാജിനെതിരെ നാരായണനെ അനുകൂലിച്ചും പത്മനാഭനെ ആക്രമിച്ചും പ്രമുഖ സിപിഎം സഹയാത്രികന്‍ ഹമീദ് ചേന്ദമംഗലൂരിന്റെ മകന്‍ എം.എം. ഷിനാസ് രംഗത്തെത്തിയതോടെ രംഗം കൊഴുത്തു. അതിനിടയിലാണ് സിപിഎം സമ്മേളനം എത്തുന്നതും വിവാദം പാര്‍ട്ടിയിലേക്ക് പടരുന്നതും. സ്വാഭാവികമായും വിവാദം സിപിഎം ഉന്നത നേതൃത്വം ഇടപെടുന്നതിലേക്ക് എത്തുമെന്നാണു സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
പത്മനാഭനെ തള്ളണോ, കൊള്ളണോ? സിപിഎമ്മില്‍ പുതിയ വിവാദം

Keywords: CPM,  Padmanabhan, New controversy in CPM on Padmanabhan, Kerala, Article.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia