ദേശീയ ഗെയിംസിന്റെ കാഹളമായി ദീപശിഖാറിലേ പ്രയാണമാരംഭിച്ചു

 


കാസര്‍കോട്: (www.kvartha.com 23.01.2015) തിരുവനന്തപുരത്ത് 35-ാമത് ദേശീയ ഗെയിംസ് വേദിയില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖ കാസര്‍കോട് നിന്ന് പ്രയാണം തുടങ്ങി. ഉത്സവച്ഛായ പകര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അര്‍ജുന അവാര്‍ഡ് ജേതാവും ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനുമായ ടോം ജോസഫ് ഏറ്റുവാങ്ങിയ ദീപശിഖ സ്വീകരണങ്ങള്‍ക്കുശേഷം 31ന് തിരുവനന്തപുരം സ്റ്റേഡിയത്തിലെത്തും.

ഇത് കേരള ചരിത്രത്തിലെ അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം - കായിക വകുപ്പ്  മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ കൂട്ടായ്മ കേരളത്തിന്റെ വികസനത്തിന്റെ അടയാളമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേരള ജനത ഒന്നടങ്കം ഏറ്റെടുത്ത മഹാസംഭവമാണിതെന്ന് ചടങ്ങില്‍ മുഖ്യതിഥിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. മറ്റെല്ലാമെന്ന പോലെ കായിക മേഖലയിലും കേരളത്തിന്റെ മുന്നേറ്റമാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി പി.കെ ജയലക്ഷ്മിയും പറഞ്ഞു.

എംഎല്‍എമാരുടെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ കൈമാറിയാണ് ദീപശിഖാപ്രയാണം നടത്തുന്നത്.  കാസര്‍കോട് കോളജ് മൈതാനിയില്‍ ഒരുക്കിയ ചടങ്ങില്‍ തിങ്ങിനിറഞ്ഞ കായിക പ്രേമികളുടെയും  വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ - സാമൂഹിക - സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും  ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ദീപശിഖാ കൈമാറ്റം. ദേശീയ ഗെയിംസിന്റെ ചിഹ്നമായ അമ്മു വേഴാമ്പലും വേദിയിലെ സവിശേഷ സാന്നിദ്ധ്യമായി.

തീം സോങ്ങിന്റെ അകമ്പടിയോടെയായിരുന്നു അമ്മുവിനെ വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ പരിചയപ്പെട്ടു. മുഖ്യമന്ത്രിയെ പനിനീര്‍ പൂവ് നല്‍കി സ്വീകരിച്ചു. ഇതിനിടെ മുഖ്യമന്ത്രിയും  മന്ത്രിമാരും കായിക താരങ്ങളും ജനപ്രതിനിധികളുമെല്ലാം ദേശീയ ഗെയിംസിന്റെ ജേഴ്‌സി അണിഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്ധ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം. ബാന്‍ഡ് വാദ്യവും ശിങ്കാരി മേളവും കരിമരുന്നുപ്രയോഗവും ബലൂണ്‍ പറത്തലും  ചടങ്ങിന് മാറ്റ്കൂട്ടി. 11.15 ഓടെ പ്രയാണമാരംഭിച്ച ദീപശിഖാറിലേയ്ക്ക്  ചെര്‍ക്കളയില്‍ ആദ്യ സ്വീകരണം നല്‍കി.

ചെര്‍ക്കളയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജിയും ചട്ടഞ്ചാലില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ലയും പെരിയയില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷനും കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യയും ചേര്‍ന്ന് ദീപശിഖ റിലേ ഏറ്റുവാങ്ങി അത്‌ലറ്റുകള്‍ക്ക് തിരിച്ചേല്‍പ്പിച്ചു.
ദേശീയ നീന്തല്‍താരം സൈഫുദ്ദീന്‍ സംബന്ധിച്ചു.

നീലേശ്വരത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരിയും ചെറുവത്തൂരില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയും പഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്ത്യായനിയും ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. കാലിക്കടവില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എ.വി രമണി ദീപശിഖ ഏറ്റുവാങ്ങി. ദേശീയ ഫുട്‌ബോള്‍താരം എം. സുരേഷ്, ദേശീയ അത്‌ലറ്റ് കെ.എം രേഷ്മ തുടങ്ങിയവരും ദീപശിഖാ റിലേ സ്വീകരണ പരിപാടിയില്‍ പങ്കാളികളായി. എഡിഎം എച്ച്. ദിനേശന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അച്യുതന്‍ മാസ്റ്റര്‍, സെക്രട്ടറി പി. മധൂസൂദനന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്‍. എ സുലൈമാന്‍ തുടങ്ങിയവരും ദീപശിഖാ റിലേയെ  അനുഗമിക്കുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ദേശീയ ഗെയിംസിന്റെ കാഹളമായി ദീപശിഖാറിലേ പ്രയാണമാരംഭിച്ചു

Keywords : Kasaragod, Kerala, National School Games, Sports, Oommen Chandy, Ministers, MLA. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia