പി.സി. ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാന്‍ ഉന്നതതല നീക്കമുണ്ടായി; തടഞ്ഞതാര്?
Mar 27, 2015, 10:30 IST
തിരുവനന്തപുരം: (www.kvartha.com 27/03/2015) ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന്റെ പ്രത്യാഘാതമായി ഒറ്റപ്പെട്ടു പുറത്തുപോകേണ്ടിവരുന്ന പി.സി. ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാനും നീക്കമുണ്ടായി. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരെ നിഷാം കേസില്‍ ജോര്‍ജ്ജ് ഉന്നയിച്ച ഗുരുതര ആരോപണത്തിന്റെ പകതീര്‍ക്കാനായിരുന്നു ഈ നീക്കം. മറ്റെന്തെങ്കിലും വ്യാജ പരാതി ഉണ്ടാക്കി അറസ്റ്റു ചെയ്യുകയും കഴിയുമെങ്കില്‍ റിമാന്‍ഡിലാക്കുകയുമായിരുന്നു ഉന്നം.
പി.സി. ജോര്‍ജ്ജിനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ ഒരിക്കല്‍ വന്നാല്‍ പിന്നീട് ഇടയ്ക്കിടെ അവര്‍ അത് കാണിച്ചുകൊണ്ടിരിക്കും എന്നതും കണക്കിലെടുത്തു. എന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതിന് സമ്മതം മൂളിയില്ല. അങ്ങനെ ചെയ്താല്‍ പക വീട്ടലാണെന്നു വ്യക്തമാകുമെന്നും ജോര്‍ജ്ജ് ഏതുവിധമാകും തിരിച്ചടിക്കുക എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ലെന്നുമാണ് രമേശ് ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞത് എന്നാണു വിവരം. പുറത്തുവിട്ടതിനേക്കാള്‍ വലിയ ആരോപണങ്ങളും തെളിവുകളും ജോര്‍ജ്ജിന്റെ പക്കല്‍ ഉണ്ടാകില്ല എന്ന് ആരും ഉറപ്പിക്കേണ്ട എന്ന താക്കീതും രമേശ് ചെന്നിത്തല നല്‍കിയതായി അറിയുന്നു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദിച്ചും കാറിടിച്ചും കൊന്ന കേസിലുള്‍പ്പെടെ പ്രതിയായ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യവും ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിജിപി ആയിരുന്ന കൃഷ്ണമൂര്‍ത്തിയും ഇടപെട്ടു എന്നാണ് പി.സി. ജോര്‍ജ്ജ് ആരോപിച്ചത്. ചില സംഭാഷണങ്ങളുടെ സി.ഡികള്‍ തെളിവായി പുറത്തു വിടുകയും ചെയ്തു. ഗവണ്‍മെന്റ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജ്ജിനെ മാറ്റാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെന്നും കേസില്‍ കുടുങ്ങിയാല്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രീതി കിട്ടുമെന്നുമാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടിയത്. എന്നാല്‍ രമേശ് ചെന്നിത്തലയുടെ നിലപാട് അതിനു തിരിച്ചടിയായി.
ബാര്‍ കോഴക്കേസില്‍ എഫ്‌ഐആറില്‍ പേരുവന്ന കെ.എം. മാണി രാജിവച്ച് മകന്‍ ജോസ് കെ. മാണിയെ ധനമന്ത്രിയാക്കാന്‍ ആലോചിക്കുന്നുവെന്ന വിവരം ജോര്‍ജ്ജിലൂടെയാണു പുറത്തുവന്നത്. അതോടെയാണ് ജോര്‍ജ്ജും മാണിയും ഇടഞ്ഞത്. അതിന്റെ പാരമ്യത്തിലാണ് കഴിഞ്ഞയാഴ്ച പാലായില്‍ മാണിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന് ജോര്‍ജ്ജ് വിട്ടുനിന്നത്. മാണിയുടെ പേര് ബാര്‍ കോഴക്കേസിലെ കുറ്റപത്രത്തില്‍ ഉണ്ടാകില്ലെന്നും അക്കാര്യം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോര്‍ജ്ജ് തുറന്നടിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.