തിരുവനന്തപുരം: (www.kvartha.com 27/03/2015) കേരളത്തില്‍ നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആ 1.65 കോടി എവിടെ? ചെറുതല്ലാത്ത ആ തുക വിനിയോഗിക്കുന്നത് ഏതുവിധമാകുമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാക്കിവച്ചിരിക്കുന്നത് അവ്യക്തത. കെ.എം. മാണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലും ആ തുക ഏതുവിധം വിനിയോഗിക്കുമെന്നു പറയുന്നില്ല.
സൂപ്പര്‍ സ്്റ്റാര്‍ മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് ആ തുക വിനിയോഗിക്കുമെന്നാണ് നേരത്തേ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ താന്‍ നിരസിച്ച പണം ഏതുവിധം വിനിയോഗിക്കണം എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞും നിര്‍ദേശം നല്‍കിയും കൂടുതല്‍ കുഴപ്പത്തിലാകാനില്ല എന്നാണ് മോഹന്‍ ലാലിന്റെ നിലപാട് എന്ന് അറിയുന്നു. സര്‍ക്കാരിന്റെ പണം എന്തു ചെയ്യണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം കൊച്ചിയില്‍ ലാലിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും തിരുവഞ്ചൂരിനോടും വ്യക്തമാക്കാന്‍ ലാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലാലിസം വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും അതു ചെവിക്കൊണ്ടില്ല.
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ 'ലാലിസം' എന്ന സിനിമാ സംഗീത പരിപാടി നിലവാരത്തകര്‍ച്ച കൊണ്ടും പ്രേക്ഷകരെ കബളിപ്പിച്ചും വന്‍ വിവാദത്തിലായതോടെയാണ് അതിന് കൈപ്പറ്റിയ 1.65 കോടി രൂപ ലാല്‍ തിരിച്ചയച്ചത്. ദേശീയ ഗെയിംസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസിന് അയച്ച ചെക്ക് ലാലിനെത്തന്നെ തിരിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്ത്രിയും തിരുവഞ്ചൂരും ശ്രമിച്ചത്. ലാല്‍ അതിനു വഴങ്ങിയില്ല. അപ്പോഴാണ്, ലാല്‍ പറയുമ്പോലെ അത് വിനിയോഗിക്കാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്. ലാല്‍ അത് അപ്പോള്‍തന്നെ വിട്ടുവെന്നും ഇനി ഇടപെടില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, സര്‍ക്കാര്‍ ഏതിനത്തിലാണ് ആ തുക ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത് എന്നതില്‍ ദുരൂഹത തുടരുകയാണ്. ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത ലക്ഷങ്ങളുള്ള കേരളത്തില്‍ ഇത്ര വലിയ തുക സൂപ്പര്‍ സ്റ്റാറിന്റെ അഭിപ്രായത്തിനു കാത്തുവച്ചുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍ തന്നെ അലോസരമുണ്ടാക്കിയിട്ടുമുണ്ട്. ജനോപകാരപ്രദമായി ആ തുക വിനിയോഗിക്കാന്‍ കൃത്യമായ പ്ലാന്‍ ഉണ്ടാക്കണം എന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.