ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ് റിഷ്ണ കാമുകന്‍ മുഹീമിനൊപ്പം പോയി

 


കാഞ്ഞങ്ങാട്: (www.kvartha.com 19/06/2015) മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ ഹൊസ്ദുര്‍ഗ് വിനായക ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന വിമുക്തഭടന്‍ ടി.കെ കൃഷ്ണന്റെ മകള്‍ റിഷ്ണ (36) കാമുകനൊപ്പം കോടതിയില്‍ ഹാജരായി. മകള്‍ ആര്യയുടെ കൈപിടിച്ച് കാമുകന്‍ അലഹബാദ് ചിറാഗ് സ്വദേശി അബ്ദുല്ല മുഹമ്മദ് മുഹീനൊപ്പം കോടതിയിലെത്തിയ റിഷ്ണ ഭര്‍ത്താവ് സഞ്ജയുടെ മുഖത്ത് പോലും നോക്കിയില്ല.

വിവാഹത്തിന് മുമ്പ് റിഷ്ണയും മുഹീമും തമ്മില്‍ അടുപ്പത്തിലായിരുന്നു. അച്ഛന്‍ അലഹബാദില്‍ മിലിട്ടറിയില്‍ ജോലി ചെയ്യവെ അവിടെ താമസിച്ച് പഠനം നടത്തി വരികയായിരുന്നു റിഷ്ണ. കോളജില്‍ വെച്ചാണ് റിഷ്ണ മുഹീമിനെ പരിചയപ്പെടുന്നത്. ഇരുവരെയും പ്രണയ ബന്ധം വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും തലശ്ശേരി പുന്നൂര്‍ സ്വദേശി സഞ്ജയനുമായി വിവാഹം നടത്തുകയായിരുന്നു.

ഷാര്‍ജയില്‍ ജോലിയുള്ള സഞ്ജയനോടൊപ്പമായിരുന്നു റിഷ്ണയും ഏക മകളും താമസിച്ചിരുന്നത്. അവധിയെടുത്ത് മാര്‍ച്ച് 13 നാണ് മൂന്നുപേരും നാട്ടിലെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 27 നാണ് റിഷ്ണയെയും മകള്‍ ആര്യയെയും കാണാതായത്. ഭര്‍ത്താവിന്റെ തലശേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും അപ്രത്യക്ഷരായത്.

കാഞ്ഞങ്ങാട്ട് നിന്ന് തലശേരിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ചെറുവത്തൂരില്‍ ഇറങ്ങിയ റിഷ്ണ മകളെയും കൂട്ടി മംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവ് സഞ്ജയന്‍ റിഷ്ണയെയും മകളെയും കാത്ത് തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും റിഷ്ണയും മകളും തലശേരിയിലെത്തിയില്ല. അച്ഛനാണ് റിഷ്ണയെയും മകളെയും കാഞ്ഞങ്ങാട്ട് നിന്നും തലശേരിയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടത്.

മുന്‍നിശ്ചയിച്ച പ്രകാരം മുഹീം റിഷ്ണയെ കാത്ത് മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മംഗളൂരുവിലെത്തിയ റിഷ്ണയും മകളും മുഹീമിനൊപ്പം രണ്ട് ദിവസം അവിടെ ലോഡ്ജില്‍ താമസിച്ച് ഗുല്‍ബര്‍ഗയിലേക്ക് പോയി. അവിടെ വാടക ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്തി താമസം ആരംഭിക്കുകയും, മകള്‍ ആര്യയെ ഗുല്‍ബര്‍ഗയിലെ വിവേകാനന്ദ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ക്കുകയും ചെയ്തു.

ഇതിനിടെ റിഷ്ണയെയും മകളെയും കാണാതായതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ കണ്ടെത്താന്‍ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചതുമാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റിഷ്ണ ഗുല്‍ബര്‍ഗയിലുള്ളതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ഗുല്‍ബര്‍ഗയില്‍ ചെല്ലുകയും ഇവരുടെ താവളം കണ്ടെത്തുകയും റിഷ്ണയെയും മകളെയും കാഞ്ഞങ്ങാട്ടേക്ക് ഉച്ചയോടെ കൊണ്ടുവരികയുമായിരുന്നു. മുഹീമും ഇവരോടൊപ്പം കാഞ്ഞങ്ങാട്ടെത്തി.

റിഷ്ണയെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സഞ്ജയെ ഭര്‍ത്താവായി ആവശ്യമില്ലെന്ന് റിഷ്ണ പരസ്യമായി തള്ളിപ്പറഞ്ഞു. സഞ്ജയ് മദ്യപിച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് റിഷ്ണ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതേസമയം റിഷ്ണയും സഞ്ജയും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയും തലശ്ശേരി കുടുംബ കോടതിയില്‍ ഇതിന് വേണ്ടി അന്യായം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ മുഹീം റിഷ്ണയെ കാണാന്‍ ഇടക്കിടെ ഷാര്‍ജയിലേക്ക് പറന്നെത്താറുണ്ടായിരുന്നു. ഇരുവരും പലപ്പോഴും ഒത്തുചേര്‍ന്നിരുന്നു. ഷാര്‍ജയില്‍ നിന്നും ഭര്‍ത്താവുമൊത്ത് നാട്ടിലേക്ക് വരുന്നതിനിടെയാണ് റിഷ്ണ മുഹീമുമൊത്ത് ഒളിച്ചോടാന്‍ പദ്ധതി തയ്യാറാക്കിയത്.

വ്യാഴാഴ്ച വൈകിട്ട് റിഷ്ണയെയും മകളെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. രാത്രി 9 മണിയോടെ രണ്ടുപേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ(ഒന്ന്) ഔദ്യോഗിക വസതിയില്‍ ഹാജരാക്കി.

കോടതി റിഷ്ണയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഗുല്‍ബര്‍ഗയില്‍ തന്നെ താമസിക്കാനാണ് റിഷ്ണയുടെയും മുഹീമിന്റെയും തീരുമാനം. ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കുന്നതിനാല്‍ റിഷ്ണയെയും മകളെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എസ് ഐമാരായ ശിവദാസന്‍, കരുണാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ സീമ എന്നിവരടങ്ങുന്ന സംഘം എറണാകുളത്തേക്ക് കൊണ്ടുപോയി.

ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ് റിഷ്ണ കാമുകന്‍ മുഹീമിനൊപ്പം പോയി


Keywords :  Love, Kasaragod, Kanhangad, Court, Husband,  Rishna , Muheem,  Sanjay. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia