അരുവിക്കരയിലെ ആശ്വാസതരംഗത്തിലും യുഡിഎഫ് മറക്കരുത് ഈ കാര്യങ്ങള്‍

 


എസ് എ ഗഫൂര്‍

തിരുവനന്തപുരം: (www.kvartha.com 30/06/2015) ജൂണിലെ അവസാനദിവസം കേരളമാകെ പെയ്ത മഴയിലെ മുഴുവന്‍ വെള്ളവും ചേര്‍ന്ന് ഒരൊറ്റ ഒഴുക്കായി മാറിയാലും അത് യുഡിഎഫിന്റെ ആശ്വാസക്കുത്തൊഴുക്കിനു തുല്യമാകമാകില്ല. പറയുമ്പോള്‍ മുന്നണിയുടെ എന്ന് പൊതുവായി പറയാമെങ്കിലും ശരിക്കും കോണ്‍ഗ്രസിന്റേതാണ് ആഹ്ലാദവും ആശ്വാസവും.

അരുവിക്കരയില്‍ തോറ്റുപോയിരുന്നെങ്കില്‍ അതിന്റെ ആഘാതമത്രയും ഒറ്റയ്ക്കു താങ്ങേണ്ടിവരുമായിരുന്നതിന്റെ തിളക്കമുള്ള മറുവശമാകുന്നു ഇത്. കെ എസ് ശബരീനാഥന്‍ വിജയിക്കും എന്ന് വെറുതേ വീമ്പു പറയുകയായിരുന്നില്ല എന്ന് കഠിനാധ്വാത്തിന്റെ വമ്പോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. മല്‍സരിച്ചു ജയിച്ച ശബരീനാഥിനെ മണ്ഡലം ചുറ്റാന്‍വിട്ട് ''ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ'' എന്ന് അഭിമാനത്തോടെ പറയാന്‍ അരുവിക്കര നിയോജക മണ്ഡലത്തിലെയും തലസ്ഥാന ജില്ലയിലെയും കോണ്‍ഗ്രസുകാര്‍ മല്‍സരിക്കുന്നു.

154 ബൂത്തുകളിലും ഇറങ്ങിനടന്ന് കണക്കിലെ വിജയം കാര്യത്തിലെത്തിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, താരങ്ങളേറെ വന്നുപോയ തെരഞ്ഞെടുപ്പു രംഗത്ത് ഏറ്റവുമധികം ആളുകളെ ആകര്‍ഷിച്ച താരമായിരുന്ന എ കെ ആന്റണി, പുതിയ പദവിയുടെ ആടയാഭരണങ്ങളില്‍ ഭ്രമിക്കാതെ മുണ്ടുമടക്കിക്കുത്തി കൂട്ടത്തിലൊരാളായി മാറിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍....നേതാക്കള്‍ക്കൊക്കെ നേരേ ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ലാത്ത ആഹ്ലാദത്തിന്റെ മൂവര്‍ണ്ണക്കൊടി വീശുകയും ചെയ്യുന്നു അവര്‍.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പു പരാജയങ്ങള്‍ നേരിടുന്ന മുന്നണി എന്ന പേരുദോഷം കേള്‍ക്കുന്ന ഇടതുമുന്നണി ഇത്രയ്ക്ക് വേദനിച്ചിട്ടുണ്ടാകില്ല, സമീപകാലത്തൊന്നും. പ്രവചനങ്ങള്‍ക്കൊന്നും നില്‍ക്കാതെ എല്ലുമുറിയെ പണിയായിരുന്നു, പിണറായി. പണി മാത്രം. വോട്ടര്‍മാരെ എതിര്‍ ചേരിയിലാക്കുന്ന വാക്കുകളൊന്നും അറിഞ്ഞോ അറിയാതെ വന്നുപോകാതിരിക്കാനുള്ള ജാഗ്രതയായിരുന്നു മറ്റൊന്ന്. വേദിയിലേ കയറാതിരിക്കുക എന്നതിനപ്പുറമൊരു കരുതലില്ല. വി എസ് ആകട്ടെ വേദികളില്‍ നിന്നു വേദികളിലേക്കു സഞ്ചരിച്ചു; നിറഞ്ഞുല്ലസിച്ച് ആസ്വദിച്ച് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടി.

പക്ഷേ, ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് തോറ്റു എന്നതു മാത്രമല്ല നിര്‍ണായകം. ബിജെപി സ്ഥാനാര്‍ത്്ഥി ഒ രാജഗോപാല്‍ 34,145 വോട്ടുകള്‍ നേടി. 2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സി ശിവന്‍കുട്ടിക്കു ലഭിച്ചത് 7,694 വോട്ടുകള്‍ മാത്രമാണ്. 26,451 വോട്ടുകളുടെ വര്‍ധന. അതു ബിജെപിക്കു കിട്ടിയ രാഷ്ട്രീയ വോട്ടുകളാണെങ്കിലും രാജഗോപാലിനു കിട്ടിയ വ്യക്തിഗത വോട്ടുകളാണെങ്കിലും പോയത് സിപിഎമ്മിന്റെ കീശയില്‍ നിന്നാണെന്ന സൂചനകളാണു പ്രധാനം. ബിജെപിക്ക് ഇത്രയധികം വോട്ടുകള്‍ ലഭിച്ചതില്‍ രണ്ടു മുന്നണികള്‍ക്കും പാഠം പഠിക്കാനുണ്ട് എന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഫലം വന്നയുടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

അതേസമയം, അരുവിക്കരയില്‍ യുഡിഎഫ് തരംഗമുണ്ട് എന്ന ആവേശപ്രഖ്യാപനത്തില്‍ കഴമ്പില്ലെന്നാണു കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ 19,578 വോട്ടര്‍മാര്‍ അധികമുണ്ടായിട്ടും ജി കാര്‍ത്തികേയനു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 546 വോട്ടുകള്‍ കുറഞ്ഞു. 2011ല്‍ 10,674 ആയിരുന്നത് ഇപ്പോള്‍ 10,128 ആയാണു കുറഞ്ഞത്.

പി സി ജോര്‍ജ്ജ് നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ മുന്നണിക്ക് വന്‍ തകര്‍ച്ച അഭിമുഖീകരിക്കേണ്ടി വന്നു എന്നു വെറുതേ പറഞ്ഞു പോയാല്‍ മതിയാകില്ല. അതിലുള്‍പ്പെട്ട ഡിഎച്ച്ആര്‍എം, വിഎസ്ഡിപി എന്നിവയ്ക്കും പുറത്തുനിന്നു പിന്തുണച്ച എസ്ഡിപിഐക്കും നാണക്കേടാണു മിച്ചം. അവരുടെയും പിഡിപിയുടെയും മേലേയാണ് 'നോട്ട'. അതേസമയം, എസ്ഡിപിഐക്കും പിഡിപിക്കും ലഭിക്കേണ്ട മുസ്ലിം വോട്ടുകളില്‍ വലിയൊരു വിഭാഗം യുഡിഎഫിനു പോയി എന്ന വിലയിരുത്തലുണ്ട്.

മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്‍പ്പെടെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിനാണ് മേല്‍ക്കൈ. മുസ്ലിം വോട്ടുകള്‍ ബിജെപിയുടെ വന്‍കുതിപ്പിനെതിരേ യുഡിഎഫിനൊപ്പം നിന്നു എന്നതിലെ രാഷ്ട്രീയ പ്രാധാന്യമാണ് യുഡിഎഫ് കാണാതെ പോകരുതാത്ത പ്രധാനപ്പെട്ട ഒന്ന്; ഇമ്മിണി ബല്യ ഒന്ന്.
അരുവിക്കരയിലെ ആശ്വാസതരംഗത്തിലും യുഡിഎഫ് മറക്കരുത് ഈ കാര്യങ്ങള്‍

Keywords: Aruvikkara By Election, UDF, Wine, Shabarinathan, Candidate, PDP, UDF must remember these matters in between Aruvikkara wave.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia