'മിറാക്കിളുമായി' ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വരുന്നു

 


(www.kvartha.com 23.12.2015) മിറാക്കിളുമായി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ എത്തുകയാണ്. സിനിമയെ സ്‌നേഹിക്കുകയും മോഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ടെലിഫിലിം അണിയറയില്‍ ഒരുങ്ങുന്നു. അതാണ് 'മിറാക്കിള്‍'. മാധ്യമ പ്രവര്‍ത്തകനും മുണ്ടക്കയം സ്വദേശിയുമായ സോണി കല്ലറയ്ക്കല്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട ഒറ്റ പോസ്റ്റില്‍ നിന്നാണ് ഈ ഗ്രൂപ്പ് ഒത്തുചേര്‍ന്നത്. നല്ല സിനിമയില്‍ പങ്കാളികളാകാന്‍ നിങ്ങള്‍ക്കും അവസരം എന്ന പോസ്റ്റ് കണ്ട് ഇതുവരെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമയെ സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ ഒത്തൊരുമിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ കൊച്ചിയില്‍ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തിലാണ് ഷോര്‍ട്ട് ഫിലിം എന്ന ആശയം അവതരിപ്പിച്ചത്.

സിനിമയെ സ്‌നേഹിക്കുന്ന അംഗങ്ങളെല്ലാം സിനിമാ നിര്‍മാണം പഠിച്ചുകൊണ്ട് ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്ന ആശയത്തോട് ഒരേ സ്വരത്തില്‍ യോജിക്കുകയായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സിനിമാ പ്രേമികള്‍ ഈ പ്രോജക്ടിന്റെ പിന്നില്‍ ഒത്തു ചേര്‍ന്നു. ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയയുടെ പ്രൊജക്ട് ഡയറക്ടറായ എം.എ പ്രശാന്ത് ഈ സംരംഭത്തിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം നല്‍കി. തുടര്‍ന്ന് അദേഹത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നു.

'മിറാക്കിളുമായി' ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വരുന്നു

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എട്ട് വയസുകാരി ജിംന മുതല്‍ 65 വയസുള്ള കൊല്ലത്തുനിന്നുള്ള റിട്ടയേര്‍ഡ് ടീച്ചര്‍ മേഴ്‌സി പീറ്റര്‍ വരെ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ടെലിഫിലിമിനുവേണ്ടി ഗാനം എഴുതിയിരിക്കുന്നത് മേഴ്‌സി ടീച്ചര്‍ ആണ്. സുജാതയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ഒരു വിളി ഒരു സ്പര്‍ശം' എന്നുതുടങ്ങുന്ന ഗാനം ഈ ടെലിഫിലിമിലൂടെ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് മേഴ്‌സി ടീച്ചര്‍. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ജിംന എന്ന കൊച്ചു മിടുക്കിക്ക് അഭിനയത്തിനുള്ള അവസരം തേടിയെത്തിയ ജിംനയുടെ അമ്മ ജോളി ജോണ്‍സണ്‍ പിന്നീട് ഈ ടെലിഫിലിമില്‍ അഭിനയിക്കുകയായിരുന്നു. വീട്ടമ്മയായ ലിറ്റി എന്ന നായികാ കഥാപാത്രത്തെയാണ് അവര്‍ ഇതില്‍ അവതരിപ്പിക്കുന്നത്. 65 വയസുള്ള മേഴ്‌സി ടീച്ചര്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറുടെ വേഷത്തില്‍ അഭിനയിക്കുന്നുവെന്നതും ഒരു പ്രത്യേകതയാണ്. ടെലിഫിലിമിന്റെ നിര്‍മാണ ചിലവുകള്‍ വഹിക്കുന്നത് ഗ്രൂപ്പ് അംഗങ്ങള്‍ തന്നെയാണ്.

എല്ലാ അഭിനേതാക്കളും ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെ. അവര്‍ സൗജന്യമായി തന്നെയാണ് അഭിനയിക്കുന്നത്. ഇത്തരമൊരു ഗ്രൂപ്പിനെ വിളിച്ചുകുട്ടാന്‍ മുന്‍ കൈയെടുത്ത സോണി കല്ലറയ്ക്കലാണ് ഈ ടെലിഫിലിമിന്റെ പ്രോജക്ട് കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ചത്. 30 അംഗങ്ങളുള്ള ഗ്രൂപ്പിനെ വിവിധ ടീമുകളായി വിന്യസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ഓരോ ഗ്രൂപ്പുകള്‍ക്കും തിരക്കഥ, സംവിധാനം, ലൊക്കേഷന്‍ കണ്ടെത്തല്‍ തുടങ്ങി വിവിധങ്ങളായ ചുമതലകള്‍ നല്‍കുകയായിരുന്നു. ഇതില്‍ 21 പേര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുമുണ്ട്.

നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ടെലിഫിലിമിന്റെ കഥ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒപ്പം, മിറാക്കിള്‍ ജീവിതത്തില്‍ സംഭവിക്കുമെന്ന് കാത്തിരിക്കാതെ അതിനെ അന്വേഷിച്ച് ചെല്ലണമെന്ന സന്ദേശവും പ്രേക്ഷകര്‍ക്ക് ഇതിലൂടെ നല്‍കുന്നുണ്ട്. സിനിമാ മോഹങ്ങളുമായി വളരെക്കാലമായി നടക്കുന്ന ഈ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തങ്ങളുടെ സിനിമാ മോഹങ്ങള്‍ ഈ ഷോര്‍ട്ട് ഫിലിമിലൂടെ പൂവണിയുമെന്ന പ്രതീക്ഷയിലാണ്. 'മിറാക്കിള്‍' എന്ന ഷോര്‍ട്ട് ഫിലിം ഇവരുടെ സ്വപ്‌നമാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായി.

ഫോര്‍ട്ട് കൊച്ചിയില്‍ ചെല്ലാനത്തുവെച്ചായിരുന്നു ഷൂട്ടിംഗ്. ഇപ്പോള്‍ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് അധികൃതര്‍. ജനുവരിയില്‍ 'മിറാക്കിള്‍' റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ടെലിഫിലിമിനെപ്പറ്റി എന്തെങ്കിലും കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: മൊബൈല്‍: 9496226485, 9446202867.


'മിറാക്കിളുമായി' ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വരുന്നുhttp://goo.gl/9i6lJH
Posted by Kvartha World News on  Wednesday, 23 December 2015
Keywords : Short Film, Entertainment, Facebook, Social Network, Friends, Kerala, Miracle.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia