42 കോടി രൂപ പിന്‍വലിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഇമെയില്‍; 25 ശതമാനം പ്രതിഫലം, പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് യുവാവ് ഞെട്ടി, നടി അനുഷ്‌ക ഷെട്ടിക്ക് എന്ത് ബന്ധം?

 


കാസര്‍കോട് : (www.kvartha.com 11.10.2016) തന്റെ അക്കൗണ്ടിലുള്ള 42 കോടി രൂപ പിന്‍വലിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശിക്ക് യുവതിയുടെ ഇമെയില്‍ സന്ദേശം ലഭിച്ചു. ഓണ്‍ലൈനില്‍ ഇത്തരം തട്ടിപ്പുകള്‍ നേരത്തെ തന്നെ വ്യാപകമാണ്. ഇവരുടെ തട്ടിപ്പുകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ സംഘം പിന്‍വലിഞ്ഞിരുന്നുവെങ്കിലും അടുത്തിടെ വീണ്ടും ഇത്തരം തട്ടിപ്പുകളുമായി ഇറങ്ങിയിരിക്കുകയാണ്.

മൊത്തമായി ഇമെയിൽ വിലാസങ്ങൾ വാങ്ങിയാണ് ഇവര്‍ സന്ദേശങ്ങള്‍ അയക്കുന്നത്. സന്ദേശം ലഭിക്കുന്ന ആയിരത്തിലോ പതിനായിരത്തിലോ ഒരാള്‍ ഇവരുടെ തട്ടിപ്പില്‍ കുടുങ്ങുന്നു. തന്നെ സഹായിച്ചാല്‍ യുവതി എല്ലാം സമര്‍പ്പിക്കാമെന്ന് പറയുന്നതിനാല്‍ ചിലരെങ്കിലും ഇവരുടെ വലയില്‍ കുടുങ്ങാറുണ്ട്.

ലിബിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയാണ് താനെന്നും, തന്റെ പിതാവ് ലിബിയന്‍ ആര്‍മി ജനറലായിരുന്നുവെന്നും പിതാവ് തന്റെ പേരില്‍ 64 ലക്ഷം യുഎസ് ഡോളര്‍ (42 കോടിയിലേറെ ഇന്ത്യന്‍ രൂപ) യൂറോപ്പ് കേന്ദ്രമയി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് പിന്‍വലിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് റിഹാബ് ഹാദിയ എന്ന പെണ്‍കുട്ടിയുടെ പേരില്‍ നായന്മാര്‍മൂല സ്വദേശിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചത്.

യുവതിയുടെ ഇമെയില്‍ സന്ദേശം ഇങ്ങനെ:
നിങ്ങള്‍ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാനിവിടെ സുരക്ഷിതയല്ല. എങ്കിലും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുന്നു. എന്റെ പേര് റിഹാബ് ഹാദിയ എന്നാണ്. ലിബിയന്‍ പൗരയാണ് ഞാന്‍. 24 വയസുണ്ട് എനിക്ക് (ഓര്‍ക്കുക, ഒരു യഥാര്‍ത്ഥ ബന്ധത്തിന് വയസ് ഒരു പ്രശ്‌നമല്ല). അഞ്ച് ഫീറ്റ് എട്ട് ഇഞ്ച് ആണ് എന്റെ ഉയരം. കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ ഫേവറൈറ്റ് ലാംഗ്വേജ് ആയ ഇംഗ്ലീഷ് ഞാന്‍ നന്നായി സംസാരിക്കും.

ഞാന്‍ ഒരു ലിബിയന്‍ പൗരയാണെങ്കിലും എന്റെ രാജ്യത്തുണ്ടായ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി ഇപ്പോള്‍ ഞാന്‍ സെനഗലിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്. എന്നാലും മരണത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയുന്നു.

എന്റെ പിതാവ് മുഹമ്മദ് ഹാദിയ അല്‍ ഫിത്തോരി ലിബിയന്‍ ആര്‍മിയിലെ ബ്രിഗേഡിയര്‍ ജനറലായിരുന്നു. 2012 ഓഗസ്റ്റ് പത്തിന് ബെന്‍ഗാസിയിലെ ഒരു കിഴക്കന്‍ നഗരത്തില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ജുമുഅ കഴിഞ്ഞ് പള്ളിയില്‍ നിന്നും തിരിച്ച് വരുന്നതിനിടെ കാറിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ലിബിയയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ലക്ചര്‍ ആയിരുന്ന എന്റെ മാതാവ് പിതാവിന്റെ വിയോഗം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം എന്നെ വിട്ട് പോയി.

ഇപ്പോള്‍ ഞാന്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ സെനഗലിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സെക്ഷനാണ്. എന്റെ ഈ സന്ദേശം വായിച്ച് ഇടറിപ്പോകരുത്. ഒരു അനാഥയായ എന്റെ അവസ്ഥ നിങ്ങള്‍ക്ക് മനസിലാകുമെന്ന് കരുതുന്നു. ഞാന്‍ ഒരു ഭയവും കൂടാതെ നിങ്ങളെ ആശ്രയിക്കുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍ ആരാണെന്ന് അറിയില്ല. ദൈവം എല്ലാം ശരിയാക്കുമെന്നും അവസാനം വരെ നിങ്ങള്‍ എന്നെ കൈവിടില്ലെന്നും കരുതുന്നു.

ഇനി പറയുന്നത് ശ്രദ്ധിക്കുക, ഇത് രഹസ്യമാണ്. നിങ്ങളല്ലാതെ വേറൊരാളും ഇക്കാര്യം അറിയരുത്. ക്യാമ്പിലെ ഫാദറോട് പോലും ഞാന്‍ ഇത് വെളിപ്പെടുത്തിയിട്ടില്ല.

പിതാവ് മരിക്കുന്നതിന് മുമ്പ് യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കില്‍ എന്റെ പേരില്‍ കുറച്ച് പണം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 64 ലക്ഷം യുഎസ് ഡോളര്‍ ആണ് അക്കൗണ്ടിലുള്ളത്. അക്കൗണ്ട് വിവരങ്ങളും പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും എന്റെ പക്കലുണ്ട്.

പണം പിന്‍വലിക്കാന്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലുള്ള എനിക്ക് പണം പിന്‍വലിക്കുന്നത് അത്ര എളുപ്പമല്ല. അത് കൊണ്ട് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാം. പിന്നീട് എനിക്ക് അയച്ചുതന്നാല്‍ മതി. പ്രതിഫലമായി ആകെയുള്ള തുകയുടെ 25 ശതമാനം നിങ്ങള്‍ക്ക് തരാം.

അതിന് മുമ്പ് എനിക്ക് നിങ്ങളെ കണ്ടുമുട്ടാന്‍ നിങ്ങള്‍ സഹായിക്കണം. വിമാന ടിക്കറ്റിനും മറ്റു യാത്രാചെലവിനും വേണ്ടി കുറച്ച് പണം എനിക്ക് അയച്ചുതരണം. മറ്റൊരു കാര്യം, യാത്രാചെലവിനും മറ്റും നിങ്ങള്‍ സഹായിച്ചാല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ കഴിയും വരെ നമ്മള്‍ ഒരുമിച്ചായിരിക്കും. ട്രാന്‍സാക്ഷന്‍ കഴിഞ്ഞാല്‍ പരസ്പരം ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നും യുവതി വിശ്വസിപ്പിക്കാനായി പറയുന്നുണ്ട്. ആ പണം എന്റെ പ്രിയപ്പെട്ട മാതാപിതാക്കളില്‍ നിന്ന് ലഭിച്ച അവകാശമാണ്. അത് കൊണ്ട് നിങ്ങള്‍ ഇത് മറ്റാരും അറിയാതെ രഹസ്യമായി സൂക്ഷിക്കണം. കാരണം ആരെങ്കിലും അറിഞ്ഞാല്‍ ചിലപ്പോള്‍ എന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാം. അല്ലെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം. നിങ്ങളെ ഒരു യഥാര്‍ത്ഥ സുഹൃത്തായാണ് ഞാന്‍ കാണുന്നത്.

റവ. ഫാദര്‍ ബെനഡിക്റ്റ് പോള്‍ ആണ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ എന്ന് സന്ദേശത്തില്‍ പറയുന്നു. ക്യാമ്പിലെ ടെലിഫോണ്‍ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പറും നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് വിളിച്ച് ലിബിയയില്‍ നിന്നുള്ള റിഹാബ് ഹാദിയയോട് സംസാരിക്കണമെന്ന് പറഞ്ഞാല്‍ അവര്‍ എന്നെ നിങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുന്നതാണ് എന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഫാദറിന്റെ ഓഫീസിലെ ഔദ്യോഗികാവശ്യത്തിനുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിന്നാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നതെന്നും ക്യാമ്പില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്നും യുവതി ഇമെയിലില്‍ വെളിപ്പെടുത്തുന്നു.

പിതാവ് മരണപ്പെട്ടതിന് തെളിവായി ലിബിയന്‍ ആര്‍മി ജനറല്‍ ആയിരുന്ന മുഹമ്മദ് അല്‍ ഫിത്തോരി മരിച്ച ടെലഗ്രാഫ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ യഥാര്‍ത്ഥ ലിങ്കും നല്‍കിയിട്ടുണ്ട്. സഹായിക്കാന്‍ തയ്യാറാണെങ്കില്‍ മുഴുവന്‍ പേര്, അഡ്രസ്, തൊഴില്‍, കോണ്ടാക്ട് നമ്പര്‍ തുടങ്ങിയവ അയച്ച് തരാനും യുവാവിനോട് സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സന്ദേശത്തില്‍ യുവതി വെച്ച ഫോട്ടോയാണ് കഥയിലെ ക്ലൈമാക്‌സ്. തന്റെ ഫോട്ടോയാണെന്ന് പറഞ്ഞ് യുവതി വെച്ചത് തമിഴ് നടിമാരായ അനുഷ്‌ക ഷെട്ടി, നന്ദിത എന്നിവരുടെ ഫോട്ടോകളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവര്‍ കോടീശ്വര സ്വപ്‌നം കണ്ട് യുവതി പറഞ്ഞ രീതിയില്‍ ടിക്കറ്റിനും മറ്റു യാത്രാചെലവിനുമായി ലക്ഷങ്ങള്‍ അവരുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കും. പിന്നീട് ഒരു വിവരവും ഇല്ലാത്തപ്പോഴാണ് ചതി മനസിലാക്കാന്‍ കഴിയുക. നിരവധി പേര്‍ ഇത്തരം ചതിയില്‍ പെട്ടിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് വിവരങ്ങള്‍ പുറത്ത് പറയുന്നില്ല. നേരത്തെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്.

42 കോടി രൂപ പിന്‍വലിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഇമെയില്‍; 25 ശതമാനം പ്രതിഫലം, പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് യുവാവ് ഞെട്ടി, നടി അനുഷ്‌ക ഷെട്ടിക്ക് എന്ത് ബന്ധം?

Keywords:  Kerala, kasaragod, Fraud, Youth, Naimaramoola, Photo, cash, Message, Climax, Email, Libiya, General Army, Bank Account, Withdraw, Telegraph, Transfer, Actress. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia