മലയാളം ടിവി ചാനലുകള്‍ അന്തംവിട്ട സീരിയലുകളുമായി മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍

 


തിരുവനന്തപുരം: (www.kvartha.com 20.10.2016) മലയാളം ടിവി ചാനലുകള്‍ ഇങ്ങനെ അന്തംവിട്ട സീരിയലുകളുമായി മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെയും സ്ത്രീകളുടെയും അന്തസിനും വ്യക്തിത്വത്തിനും വില കല്‍പ്പിക്കാത്തവയാണ് സീരിയലുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഉള്ളടക്കം എന്നാണ് വിലയിരുത്തല്‍.

പക്ഷേ, ഒരു നോട്ടീസ് കൊടുത്തതുകൊണ്ടോ താക്കീതു ചെയ്തതുകൊണ്ടോ കാര്യമില്ലെന്നാണ് അനുഭവം. അതുകൊണ്ട് കുറച്ചുകൂടി വിപുലമായ ഇടപെടലിനാണ് ശ്രമം. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഉത്തരവാദപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ആലോചന. എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍, പരസ്യ ഏജന്‍സികളുടെ സംഘടനാ പ്രതിനിധികള്‍, മീഡിയ അക്കാദമി ചെയര്‍മാന്‍, ടിവി സീരിയല്‍ നിര്‍മാതാക്കള്‍,സംവിധായകര്‍ തുടങ്ങിയവരുടെ സംയുക്ത യോഗമാകും വിളിക്കുക. സംസ്ഥാന വനിതാ കമ്മീഷനെക്കൂടി സഹകരിപ്പിക്കും.

സീരിയലുകളുടെ ഉള്ളടക്കം എങ്ങനെ 'പോസിറ്റീവ്' ആക്കാം എന്നാണ് പ്രധാനമായും ചര്‍ച്ച
ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വിലയും നിലയുമില്ലാത്തവരായി ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിരീക്ഷണം. മഞ്ഞുരുകും കാലം എന്ന സീരിയലില്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ അതിനെതിരെ മഴവില്‍ മനോരമ ചാനലിന് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. അതോടെ കഥ മാറ്റി കുട്ടിയെ വലുതാക്കി.

പെണ്‍കുട്ടി മുതിര്‍ന്നെങ്കിലും കഥാ സ്വഭാവത്തിനു വലിയ മാറ്റമൊന്നുമുണ്ടായില്ല. അപമാനിക്കലും ഒറ്റപ്പെടുത്തലും കൈതല്ലിയൊടിക്കലുമൊക്കെ ഉണ്ടായി. അതേസമയം, മഞ്ഞുരുകുംകാലത്തില്‍ ജാനകിക്കുട്ടി എന്ന കുട്ടിയെ അവതരിപ്പിച്ച ബാലതാരത്തെത്തന്നെ വച്ച് സൂര്യ ടിവി 'സ്വന്തം ജാനകിക്കുട്ടി' എന്ന പേരില്‍ മറ്റൊരു സീരിയല്‍ തുടങ്ങുകയും ചെയ്തു. അതിലും കുട്ടിക്ക് സ്വസ്ഥമായ ജീവിതമല്ല ഉള്ളത്.

സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെപ്പോലും 'തട്ടിക്കളിക്കുന്ന' സീരിയലുകള്‍ വര്‍ധിച്ചതോടെയാണ് ഇടപെടല്‍ മറ്റുവിധത്തിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചത്. ഏഷ്യാനെറ്റിലെ ചന്ദനമഴ, ഫ് ളവേഴ്‌സിലെ മൂന്നുമണി എന്നീ ചാനലുകളിലാണ് പിഞ്ചുകുഞ്ഞിനെ കഥാപാത്രമാക്കി ബുദ്ധിമുട്ടിക്കുന്നതത്രേ.

സീരിയലുകളുടെ ഉള്ളടക്കം മാറ്റാന്‍ പൊതുധാരണ രൂപപ്പെടുത്തുന്നത് പ്രായോഗികമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വലിയ ഇടപെടല്‍ നടത്തിക്കാനും ആലോചനയുണ്ട്.
മലയാളം ടിവി ചാനലുകള്‍ അന്തംവിട്ട സീരിയലുകളുമായി മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Also Read:
കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐ എം രവീന്ദ്രനാഥ് അസുഖത്തെതുടര്‍ന്ന് മരിച്ചു

Keywords:  Thiruvananthapuram, Media, Meeting, Director, Advertisement, Torture, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia