ഇത്തവണ അവസരം വഴിമാറിപ്പോയേക്കില്ല; ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നു

 


തിരുവനന്തപുരം: (www.kvartha.com 30/12/2016) ബിന്ദുകൃഷ്ണ കൊല്ലം ഡിസിസി പ്രസിഡന്റായ ഒഴിവില്‍ ലതികാ സുഭാഷ് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാകും. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വം ധാരണയിലെത്തിക്കഴിഞ്ഞതായാണു വിവരം. ലതിക എ ഗ്രൂപ്പാണെങ്കിലും ഐ ഗ്രൂപ്പ് കാലങ്ങളായി കൈവശംവച്ചുകൊണ്ടിരിക്കുന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അവര്‍ വരുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ക്കില്ല.
ഇത്തവണ അവസരം വഴിമാറിപ്പോയേക്കില്ല; ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നു

ഡിസിസി പ്രസിഡന്റ് പുന:സ്സംഘടനയില്‍ ഐ ഗ്രൂപ്പിന് ലഭിച്ച മേല്‍ക്കൈയും എ ഗ്രൂപ്പിന് ലഭിച്ച കുറഞ്ഞ പരിഗണനയും മൂലം ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ കൂടിയാണ് ഈ വിട്ടുവീഴ്ച. ഐ ഗ്രൂപ്പില്‍ ഇക്കാര്യത്തോട് നേരിയ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രമേശ് ചെന്നിത്തല അത് വകവയ്ക്കുന്നില്ലെന്നാണു വിവരം.

ഷാനിമോള്‍ ഉസ്മാന്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ ലതികാ സുഭാഷ് വൈസ്പ്രസിഡന്റും ബിന്ദുകൃഷ്ണ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഷാനിമോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നതിനു മുന്നോടിയായി സ്ഥാനമൊഴിഞ്ഞപ്പോള്‍ ലതിക പ്രസിഡന്റാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഐ ഗ്രൂപ്പിന്റെ കണക്കില്‍ ബിന്ദു കൃഷ്ണയ്ക്കാണ് നറുക്ക് വീണത്. പിന്നീട് ലതികയെ കെപിസിസി സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമാക്കി. ഇത്തവണ കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും എ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള ജോഷി കുര്യനെയാണ് പ്രസിഡന്റാക്കിയത്. ഏക വനിതാ ഡിസിസി പ്രസിഡന്റായത് ബിന്ദു കൃഷ്ണയുമാണ്.

പ്രതിപക്ഷ പാര്‍ട്ടിയുടെ വനിതാ വിഭാഗം എന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ മഹിളാ കോണ്‍ഗ്രസിന് വലിയ റോളുള്ള സമയമാണ് ഇതെന്നത് കോണ്‍ഗ്രസ് നേതൃത്വം കാര്യമായാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ നിയമനം വൈകിപ്പിക്കില്ലെന്നും സൂചനയുണ്ട്. പ്രതിപക്ഷം നിര്‍ജ്ജീവമാണെന്ന കെ മുരളീധരന്റെ വിമര്‍ശനം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും സ്വാഗതം ചെയ്തത് വരാന്‍ പോകുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

കോട്ടയം ജില്ലാ കൗണ്‍സിലിലും പിന്നീട് ജില്ലാ പഞ്ചായത്തിലും അംഗമായിരുന്ന ലതികാ സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഐ ഗ്രൂപ്പില്‍ നിന്ന് വനിതാ നേതാക്കളാരും സജീവമായി മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി രംഗത്തില്ലാത്തതും ലതികയ്ക്ക് അനുകൂലമായി മാറിയേക്കും.

Keywords: Mahila Congress President, Kerala, Lathika Subhash At last, Lathika Subhash to be Mahila congress president
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia